ഇരുകാലി ദിനോസറിന്റെ അസ്ഥികൂടം കണ്ടെത്തി

ബ്രിട്ടന്‍: ജുറാസിക് കാലഘട്ടത്തിന്റെ തുടക്കത്തില്‍ ജീവിച്ചിരുന്ന മാംസഭോജിയായ ഇരുകാലി ദിനോസറിന്റെ അസ്ഥികൂടം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. 200 ദശലക്ഷം വര്‍ഷം മുമ്പ് ഭൂമുഖത്തുണ്ടായിരുന്ന ഡ്രാകൊറേപ്റ്റര്‍ ദിനോസറിന്റെ അസ്ഥികൂടം കണ്ടെത്തിയതായി ബ്രിട്ടിഷ് യൂനിവേഴ്‌സിറ്റിയിലെ പാലിയന്തോളജിസ്റ്റ് സ്റ്റീവന്‍ വിഡോവിക് ആണ് അറിയിച്ചത്. കഴിഞ്ഞ വര്‍ഷം വെല്‍ഷ് ടൗണിനു സമീപമുള്ള കടലോരത്തുനിന്നും ഡ്രാകൊറേപ്റ്ററിന്റെ ചില ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നുവെങ്കിലും മുഴുവനായുള്ള അസ്ഥികൂടം ആദ്യമായാണ് ലഭിക്കുന്നത്. ഏഴടിയാണ് അസ്ഥികൂടത്തിന്റെ നീളം.
അതേസമയം ഒരു സെ.മീ മാത്രം വലുപ്പമുള്ള പല്ലുകളാണ് ഇവയ്ക്കുണ്ടായിരുന്നത്. ട്രിയാസിക് കാലഘട്ടത്തിന്റെ അവസാനത്തില്‍ ഭൂമുഖത്തുണ്ടായിരുന്ന ജീവജാലങ്ങളില്‍ പകുതിയോളം നശിച്ചുപോയെന്ന് കരുതപ്പെടുന്നതായി സ്റ്റീവന്‍ വിഡോവിക് പറഞ്ഞു. കാലാവസ്ഥയിലുണ്ടായ വ്യതിയാനമോ അഗ്നിപര്‍വത സ്‌ഫോടനമോ ആയിരിക്കാം കാരണം. പക്ഷേ, അതിനുശേഷവും ഡ്രാകൊറേപ്റ്ററുകള്‍ നിലനിന്നു. ഈ കാലഘട്ടത്തില്‍ ദിനോസറുകള്‍ മാത്രമായിരുന്നില്ല കരയിലെ ഏറ്റവും വലിയ ജീവികള്‍, അവയോടൊപ്പം കൂറ്റന്‍ മുതലകളും ഭീമാകാരന്‍മാരായ നാലു കാലുള്ള ഉരഗങ്ങളും ജീവിച്ചിരുന്നു. ഡ്രാകൊറേപ്റ്ററിന്റെ അസ്ഥികൂടം കണ്ടെത്തിയതിലൂടെ ദിനോസറുകളുടെ പഠനത്തില്‍ അവശേഷിച്ചിരുന്ന വിടവ് നികത്തപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും വിഡോവിക് സൂചിപ്പിച്ചു.
Next Story

RELATED STORIES

Share it