malappuram local

ഇന്ന് നാമനിര്‍ദേശ പത്രിക സ്വീകരിക്കില്ല; ആദ്യ ദിവസം പത്രികയില്ല

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിന് നാമനിര്‍ദശ പത്രിക സമര്‍പ്പിക്കാനുള്ള ആദ്യ ദിവസമായ ഇന്നലെ ജില്ലയില്‍ ആരും പത്രിക നല്‍കിയില്ല. ബാങ്ക് അവധി ദിവസമായ ഇന്ന് നാമനിര്‍ദേശ പത്രിക സ്വീകരിക്കില്ല. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ബാങ്ക് അവധിയായതിനാലാണ് ഈ ദിവസങ്ങളില്‍ പത്രിക സ്വീകരിക്കേണ്ടതില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് നല്‍കിയത്. ജനപ്രാതിനിധ്യ നിയമപ്രകാരം പൊതുഅവധി ദിനങ്ങളില്‍ പത്രിക സ്വീകരിക്കാന്‍ പാടില്ല. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനവും പുറപ്പെടുവിച്ചു. ജനപ്രാതിനിധ്യ നിയമം 1951-ലെ 15-ാം വകുപ്പ് പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം ഗവര്‍ണറാണ് ഗസറ്റില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.
ഇതേ തുടര്‍ന്ന് ഫോം ഒന്നില്‍ പൊതു നോട്ടീസ് (പബ്ലിക് നോട്ടീസ്) തയ്യാറാക്കി തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് വ്യാപക പ്രചാരണം നല്‍കുന്നതിനായി റിട്ടേണിങ് ഓഫിസര്‍മാരുടെ കാര്യാലയത്തിലും മറ്റ് പൊതുസ്ഥലങ്ങളിലും പ്രദര്‍ശിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതുപ്രകാരം ജില്ലാ കലക്ടര്‍ എസ് വെങ്കടേശപതി, ചെലവ് നിരീക്ഷകരായ അമിത് ദൊരെരാജു, രവീന്ദ്രബെനകടി എന്നിവരുടെ സാന്നിധ്യത്തില്‍ തിരൂരങ്ങാടി മണ്ഡലം റിട്ടേണിങ് ഓഫിസറായ എല്‍എ ഡെപ്യൂട്ടി കലക്ടര്‍ പി വി മോന്‍സി കലക്ടറുടെ ചേംബറിന് മുന്നിലെ നോട്ടീസ് ബോര്‍ഡില്‍ പൊതു നോട്ടീസ് പതിച്ചു.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട തിയ്യതി, പിന്‍വലിക്കാനുള്ള തിയ്യതി, സൂക്ഷ്മ പരിശോധന നടത്തുന്ന ദിവസം, സമയം, സ്ഥലം, റിട്ടേണിങ് ഓഫിസര്‍, അസി. റിട്ടേണിങ് ഓഫിസമാരുടെ വിവരം എന്നിവയാണ് ഇംഗ്ലീഷിലും മലയാളത്തിലും പൊതു നോട്ടീസിലുള്ളത്.
Next Story

RELATED STORIES

Share it