ഇന്ത്യയിലെ പാക് ഹിന്ദുക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍

ന്യൂഡല്‍ഹി: ദീര്‍ഘകാല വിസയില്‍ ഇന്ത്യയില്‍ താമസിക്കുന്ന പാകിസ്താനി ഹിന്ദുക്കള്‍ക്ക് രാജ്യത്ത് സ്വത്ത് വാങ്ങാനും ബാങ്ക് അക്കൗണ്ട് തുടങ്ങാനുമടക്കമുള്ള സൗകര്യങ്ങളൊരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ അഭയാര്‍ഥികള്‍ക്ക് അനുവദിക്കുന്ന സൗജന്യങ്ങള്‍ വിശദമാക്കുന്നത്.
ഇന്ത്യയില്‍ താമസിക്കുന്ന പാകിസ്താന്‍ ന്യൂനപക്ഷ വിഭാഗം അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചു സര്‍ക്കാര്‍ പരിശോധിക്കുകയാണെന്നും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടിയാണു ചില സൗകര്യങ്ങള്‍ ഒരുക്കുന്നതെന്നും വിജ്ഞാപനത്തില്‍ പറയുന്നു. റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി കൂടാതെ നിബന്ധനകള്‍ക്കു വിധേയമായിരിക്കും ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ അനുവദിക്കുന്നത്. അതേപോലെ വീട് വാങ്ങാനും സ്വയം തൊഴിലിന് സ്ഥാപനങ്ങള്‍ വാങ്ങാനും റിസര്‍വ് ബാങ്കിന്റെ അനുമതി ആവശ്യമില്ല. ഡ്രൈവിങ് ലൈസന്‍സ്, പാന്‍, ആധാര്‍, ബിസിനസ്, തൊഴില്‍ എന്നിവയ്ക്ക് രാജ്യസുരക്ഷയുടെ പേരില്‍ വിദേശ രജിസ്‌ട്രേഷന്‍ ഓഫിസറുടെ മുമ്പില്‍ ഹാജരാവണമെന്ന നിബന്ധനയും എടുത്തുകളഞ്ഞു.
യാത്രാ നിയന്ത്രണത്തിലും വിസ ലഭിക്കുന്നതിനുള്ള നടപടിച്ചട്ടങ്ങളിലുമുള്ള ഇളവ്, ഇന്ത്യന്‍ പൗരത്വ രജിസ്‌ട്രേഷന്‍ ഫീസ് 15,000 രൂപയില്‍ നിന്നു 100 രൂപയായി കുറയ്ക്കുക തുടങ്ങിയ ആനുകൂല്യങ്ങളും ഈ വിഭാഗത്തിന് ലഭിക്കും. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള രണ്ട് ലക്ഷത്തോളം ന്യൂനപക്ഷ അഭയാര്‍ഥികള്‍ ഇന്ത്യയില്‍ താമസിക്കുന്നതായാണ് കണക്ക്.
2014 മെയില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍വന്ന കാലംതൊട്ട് ഈ അഭയാര്‍ഥികള്‍ക്ക് ദീര്‍ഘകാല വിസ നല്‍കുന്നതടക്കമുള്ള കാര്യങ്ങളില്‍ പല ഉദാര നടപടികളും കൈക്കൊണ്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it