ernakulam local

ഇടമലയാര്‍ ആനവേട്ട കേസില്‍ കുറ്റപത്രം 14ന്

കോതമംഗലം: ഇടമലയാര്‍ ആനവേട്ട കേസില്‍ ഈമാസം 14 ന് കുറ്റപത്രം സമര്‍പ്പിച്ചേക്കും. സംസ്ഥാനത്തിനകത്തും പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കേസില്‍ 9 മാസംനീണ്ട അന്വേഷണത്തിനൊടുവിലാണ് കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കവുമായി അന്വേഷണ സംഘം മുന്നോട്ടു പോവുന്നത്.
ആനവേട്ടസംഘത്തില്‍ പാചകക്കാരനായി പോയിരുന്ന കളരിക്കുടി കുഞ്ഞുമോന്റെ മൊഴികളാണ് ആനവേട്ടയുടെ വ്യാപ്തി പുറത്ത് കൊണ്ടുവരുന്നതിന് സഹായിച്ചത്.
ഇടമലയാര്‍, പൂയംകുട്ടി, കരിമ്പാനി, നേര്യമംഗലം, അതിരപ്പിള്ളി വനങ്ങള്‍ കേന്ദ്രീകരിച്ച് നിരവധി കാട്ടാനകളെ കൊന്ന് കൊമ്പെടുത്തിട്ടുണ്ടെന്ന കുഞ്ഞുമോന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് വനംവകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പിന്നീട് പുറത്ത് വന്നത്. ആനക്കൊമ്പ് കച്ചവടത്തിന്റെ അന്താരാഷ്ട്ര ഇടപാടുകളടക്കം പുറത്തു വന്നു.
കാട്ടാനകളെ വേട്ടയാടി എടുത്ത കൊമ്പുകള്‍ ഉപയോഗിച്ച് തിരുവനന്തപുരം കേന്ദ്രീകരിച്ച് നടന്ന ശില്‍പ നിര്‍മാണവും ഡല്‍ഹി, കല്‍ക്കത്ത എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന അന്താരാഷ്ട്ര ഇടപാടുകളും ഈഅന്വേഷണത്തിലാണ് പുറത്തു വന്നത്. 13 കേസുകളാണ് ആനവേട്ടയുമായി ബന്ധപ്പെട്ട് വനം വകുപ്പ് രജിസ്റ്റര്‍ ചെയ്തത്.
ഇതില്‍ 7 എണ്ണം കുറുപ്പംപടി കോടതിയിലും 6 എണ്ണം കോതമംഗലം കോടതിയിലുമാണുള്ളത്. കുറ്റപത്രം വൈകുന്നുവെന്ന ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് വനംവകുപ്പ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.
വനംവകുപ്പ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ സിസിഎഫ് വിജിലന്‍സ് സുരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ഡിഎഫ്ഒമാരായ സുനില്‍ പാമിടി, ഒ വിജയാനന്ദ് എന്നിവരാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചത്. ആദ്യഘട്ട കുറ്റപത്രമായിരിക്കും ഈമാസം 14 ന് സമര്‍പ്പിക്കുക.
Next Story

RELATED STORIES

Share it