kasaragod local

ഇഎംഎസിനും കെ ചന്ദ്രശേഖരനും വിജയമൊരുക്കിയ ദ്വയാംഗ മണ്ഡലം ചരിത്രത്തിന്റെ ഭാഗമായി

കാസര്‍കോട്: 1957ലെ ആദ്യ തിരഞ്ഞെടുപ്പില്‍ നീലേശ്വരം ദ്വയാംഗ മണ്ഡലത്തില്‍ ഇ എം എസ് നമ്പൂതിരിപ്പാട് വിജയിച്ചു മുഖ്യമന്ത്രിയായി. എന്നാല്‍ 1977ല്‍ ദ്വയാംഗ മണ്ഡലം ഇല്ലാതായി. 1957ലെ ആദ്യ തിരഞ്ഞെടുപ്പില്‍ നീലേശ്വരം ദ്വയാംഗ മണ്ഡലത്തില്‍ 1,47,697 വോട്ടര്‍മാരാണുണ്ടായിരുന്നത്. ഇതില്‍ കമ്മ്യൂണിസ്റ്റിലെ ഇ എം എസിന് 38,090 വോട്ടും കമ്മ്യൂണിസ്റ്റിലെ തന്നെ സംവരണ സീറ്റില്‍ കല്ലളന്‍ വൈദ്യര്‍ 44,854 വോട്ടും കരസ്ഥമാക്കി വിജയിച്ചു.
57ല്‍ ഹൊസ്ദുര്‍ഗ് മണ്ഡലത്തില്‍ പില്‍ക്കാലത്ത് ജനതാദള്‍ ആയിരുന്ന അന്നത്തെ പി എസ് പി സ്ഥാനാര്‍ഥി കെ ചന്ദ്രശേഖരന്‍ 14150 വോട്ട് നേടി വിജയിച്ചു. സ്വാതന്ത്ര്യ സമര സേനാനി കെ മാധവനെയാണ് (കമ്മ്യൂണിസ്റ്റ്) പരാജയപ്പെടുത്തിയത്. കാസര്‍കോട് മണ്ഡലത്തില്‍ കോ ണ്‍ഗ്രസിലെ ചേരിപ്പാടി കുഞ്ഞികൃഷ്ന്‍ നായര്‍ 10290 വോട്ട് നേടി വിജയിച്ചു. പിഎസ്പിയിലെ മേലത്ത് നാരായണന്‍ നമ്പ്യാരാണ് പരാജയപ്പെട്ടത്. മഞ്ചേശ്വരം മണ്ഡലത്തില്‍ ഉമേഷ് റാവു എന്ന സ്വതന്ത്രന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 1960ലെ തിരഞ്ഞെടുപ്പില്‍ നീലേശ്വരത്തെ ദ്വയാംഗ മണ്ഡലത്തിലെ കോണ്‍ഗ്രസിലെ സി കുഞ്ഞികൃഷ്ണന്‍ നായര്‍ 59513 വോട്ടുകള്‍ നേടി പിഎസ്പിയിലെ കോരന്‍വലക്കാപുരക്കല്‍ സംവരണ സീറ്റിലും വിജയിച്ചു.
ഹൊസ്ദുര്‍ഗില്‍ കെ ചന്ദ്രശേഖരന്‍ രണ്ടാംതവണയും 27862 വോട്ടുകള്‍ക്ക് ജയിച്ചു. കെ മാധവന്‍ തന്നെയായിരുന്നു അന്നും എതിരാളി. കാസര്‍കോട് കോണ്‍ഗ്രസിലെ എം കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ 19399 വോട്ടുകള്‍ നേടി സ്വതന്ത്രസ്ഥാനാര്‍ഥി ആനന്ദരാമ ഷെട്ടിയെ പരാജയപ്പെടുത്തി. മഞ്ചേശ്വരം മണ്ഡലത്തില്‍ മഹാബല ഭണ്ഡാരി 23129 വോട്ടുകള്‍ക്ക് കമ്മ്യൂണിസ്റ്റിലെ എം രാമപ്പമാസ്റ്ററെ പരാജയപ്പെടുത്തി. 1964 മാര്‍ച്ച് നാലിന് നടന്ന തിരഞ്ഞെടുപ്പില്‍ ഉത്തരമലബാറില്‍ നിന്ന് ആദ്യ ലീഗ് അംഗം തിരഞ്ഞെടുക്കപ്പെട്ടു.
കാസര്‍കോട് മണ്ഡലത്തില്‍ നിന്ന് എട്ടുവളപ്പില്‍ അബ്ദുല്‍ഖാദര്‍ (ലീഗ്) 21923 വോട്ടുകള്‍ക്ക് കുതിര അടയാളത്തിലാണ് കോണ്‍ഗ്രസിലെ കെ എ ഷെട്ടിയെ പരാജയപ്പെടുത്തിയത്. എന്നാല്‍ അന്ന് സംസ്ഥാനത്ത് ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ ഇദ്ദേഹത്തിന് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യാനായില്ല. അതേ തിരഞ്ഞെടുപ്പില്‍ നീലേശ്വരം ദ്വയാംഗ മണ്ഡലത്തില്‍ സിപിഐയിലെ വി വി കുഞ്ഞമ്പു 30547 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ കെ വി കുഞ്ഞമ്പുവിനെ പരാജയപ്പെടുത്തി. ലീഗിലെ പി കെ യൂസഫ് ഇവിടെ മൂന്നാംസ്ഥാനം നേടി.
ഹൊസ്ദുര്‍ഗ് മണ്ഡലത്തില്‍ എസ്എസ്പിയിലെ എന്‍ കെ ബാലകൃഷ്ണന്‍ 30558 വോട്ടുകള്‍ നേടി വിജയിച്ചു. കോണ്‍ഗ്രസിലെ എം കെ കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, സിപിഐയിലെ കെ മാധവന്‍ എന്നിവരെയാണ് പരാജയപ്പെടുത്തിയത്. മഞ്ചേശ്വരം മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ മഹാബല ഭണ്ഡാരി 20983 വോട്ടുകള്‍ നേടി എം രാമണ്ണറൈയെ പരാജയപ്പെടുത്തി. ഇതിന് ശേഷമാണ് നീലേശ്വരം ദ്വയാംഗ മണ്ഡലം ഇല്ലാതായത്. ഈ മണ്ഡലം വിഭജിച്ച് തൃക്കരിപ്പൂര്‍, ഉദുമ മണ്ഡലങ്ങള്‍ രൂപീകരിച്ചു. ഇ എം എസ് നമ്പൂതിരിപ്പാട്, കെ ചന്ദ്രശേഖരന്‍, എന്‍ കെ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ക്ക് നിയമസഭയിലേക്കുള്ള പ്രവേശന കവാടമായിരുന്ന മണ്ഡലമാണ് പിന്നീട് ചരിത്രത്തിന്റെ ഭാഗമായത്.
Next Story

RELATED STORIES

Share it