ആസ്‌ത്രേലിയന്‍ ഓപണ്‍: സാനിയ, ബൊപ്പണ്ണ സഖ്യങ്ങള്‍ മുന്നോട്ട് ; മുറേ, വാവ്‌റിന്‍ക പ്രീക്വാര്‍ട്ടറില്‍

മെല്‍ബണ്‍: ബ്രിട്ടന്റെ ലോക രണ്ടാം നന്വര്‍ ആന്‍ഡി മുറേ, സ്വിറ്റ്‌സര്‍ലന്‍ഡിന്റെ നാലാം റാങ്കുകാരന്‍ സ്റ്റാനിസ്ലാസ് വാവ്‌റിന്‍ക എന്നിവര്‍ ജയത്തോടെ ആസ്‌ത്രേലിയന്‍ ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. വനിതാ വിഭാഗം സിംഗിള്‍സില്‍ ജര്‍മനിയുടെ ഏഴാം റാങ്കുകാരിയായ ആഞ്ചലിക്ക് കെര്‍ബറും ബെലാറസിന്റെ വിക്ടോറിയ അസരെന്‍കയും അവസാന 16ലേക്ക് ടിക്കറ്റെടുത്തിട്ടുണ്ട്.
ഡബിള്‍സില്‍ വനിതകളില്‍ ഇന്ത്യയുടെ സാനിയ മിര്‍സ സഖ്യവും പുരുഷ വിഭാഗത്തില്‍ രോഹന്‍ ബൊപണ്ണ ജോടിയും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. രണ്ടാം റൗണ്ടില്‍ ഉക്രെയ്‌നിന്റെ ലുഡയ്‌ല കിചെനോക്ക്-നാദില കിചെനോക്ക് സഖ്യത്തെയാണ് സാനിയ-ഹിംഗിസ് ജോടി പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ലോക ഒന്നാം നമ്പര്‍ ജോടികളായ സാനിയ-ഹിംഗിസ് സഖ്യത്തിന്റെ വിജയം. സ്‌കോര്‍: 6-2, 6-3.
എന്നാല്‍, റുമാനിയയുടെ ഫ്‌ളോറിന്‍ മെര്‍ജിയാസിനൊപ്പം റാക്കറ്റേന്തിയ ബൊപ്പണ്ണ ചെക്ക് റിപബ്ലിക്കിന്റെ ലുക്കാസ് ഡോയി-ജിറി വേസ്‌ലി സഖ്യത്തെയാണ് രണ്ടാം റൗണ്ടില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍: 6-3, 6-2.
അതേസമയം, പോര്‍ച്ചുഗലിന്റെ ജോഹോ സൗസയ്‌ക്കെതിരേയായിരുന്നു മൂന്നാം റൗണ്ടില്‍ മുറെയുടെ ജയം. സ്‌കോര്‍: 6-2, 3-6, 6-2, 6-2. വാവ്‌റിന്‍ക ചെക്ക് റിപബ്ലിക്കിന്റെ ലുകാസ് റോസോളിനെയും (6-2, 6-3, 7-6) കെര്‍ബര്‍ അമേരിക്കയുടെ മാഡിസന്‍ ബ്രേന്‍ഗ്ലിയെയും (6-1, 6-3) അസരെന്‍ക ജപ്പാന്റെ നഹോമി ഒസാക്കയെയുമാണ് (6-1, 6-1) മൂന്നാം റൗണ്ടില്‍ പരാജയപ്പെടുത്തിയത്.
ഇന്നലെ നടന്ന മറ്റു പ്രധാന മല്‍സരങ്ങളില്‍ അമേരിക്കയുടെ മാഡിസന്‍ കെയ്‌സ് സെര്‍ബിയയുടെ അന ഇവാനോവിക്കിനെയും (4-6, 6-4, 6-4) ആസ്‌ത്രേലിയയുടെ ബെര്‍നാര്‍ഡ് ടോമിക് നാട്ടുകാരിയായ ജോഹന്‍ മില്‍മാനെയും (6-4, 7-6, 6-2) കാനഡയുടെ മിലോസ് റാഹോനിക്ക് സെര്‍ബിയയുടെ വിക്ടര്‍ ട്രോയിസ്‌കിയെയും (6-2, 6-3, 6-4) പരാജയപ്പെടുത്തിയപ്പോള്‍ വനിതകളില്‍ മൂന്നാം സീഡായ ഗാര്‍ബിനെ മുഗൂറസയെ 3-6, 2-6 എന്ന സ്‌കോറിന് ചെക്ക് റിപബ്ലിക്കിന്റെ ബാര്‍ബോറ സ്റ്റികോവ അട്ടിമറിച്ചു.
Next Story

RELATED STORIES

Share it