ernakulam local

ആലുവയില്‍ കോണ്‍ഗ്രസ് ക്രൈസ്തവരുടെ കൈയില്‍: കൗണ്‍സിലര്‍ കെ വി സരള

ആലുവ: കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് പോര് ശക്തമായതോടെ നേതൃത്വത്തിനെതിരേ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് ആലുവ ബ്ലോക്ക് വൈസ് പ്രസിഡന്റും നഗരസഭാ കൗണ്‍സിലറുമായ കെ വി സരള രംഗത്തെത്തി. ആത്മാര്‍ത്ഥമായി പ്രവര്‍ത്തനരംഗത്തുള്ളവരെയും സകല കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും അപമാനിക്കുന്ന തരത്തില്‍ ആലുവായിലെ കോണ്‍ഗ്രസ് നേതൃത്വം ക്രൈസ്തവരുടെ കൈയില്‍ അകപ്പെട്ടിരിക്കുകയാണ് എന്ന് കെ വി സരള പറഞ്ഞു. പാര്‍ട്ടിയെ ചിലര്‍ നക്കിക്കൊല്ലുകയാണ്. നേതൃത്വത്തിന്റെ എല്ലാ നിര്‍ദേശങ്ങളും നഗ്നമായി ലംഘിച്ചുകൊണ്ടാണ് നേതൃത്വം ആലുവയില്‍ പ്രവര്‍ത്തിക്കുന്നത്. അന്‍വര്‍ സാദത്ത് എംഎല്‍എ, എം ഒ ജോണ്‍ അടക്കമുള്ളവര്‍ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. തങ്ങള്‍ക്കിഷ്ടപ്പെട്ടവര്‍ക്ക് മാത്രമായി പാര്‍ട്ടി സ്ഥാനമാനങ്ങളും സീറ്റുകളും നേതാക്കള്‍ പങ്കിട്ടെടുക്കുന്ന കാഴ്ചയാണ് ആലുവയിലെന്ന് സരള ആരോപിച്ചു. നഗരസഭ തിരഞ്ഞെടുപ്പില്‍ എം ഒ ജോണ്‍ ചോദിച്ചു വാങ്ങിയ സീറ്റുകളും, സ്വന്തം സഹോദരന്‍പോലും പരാജയപ്പെട്ട സാഹചര്യത്തില്‍ ജോണ്‍ പാര്‍ട്ടിയില്‍നിന്നും സ്വയം പുറത്തുപോവണം. ഒമ്പതാം വാര്‍ഡില്‍നിന്നും മല്‍സരിച്ച തന്നെ പരാജയപ്പെടുത്താനായി ഉറക്കമൊഴിച്ചവരാണ് പല നേതാക്കളും. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മിറ്റിയോ ഓഫിസോ ഇല്ലാതെ തന്നെ താന്‍ വന്‍ ഭുരിപക്ഷത്തിനാണ് വിജയിച്ചത്.
സാധാരണഗതിയില്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിരിക്കുമ്പോള്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം പുരുഷന്മാരെയാണ് പരിഗണിക്കേണ്ടതെങ്കിലും, എം ഒ ജോണ്‍ ഇടപെട്ടാണ് ഈ തീരുമാനം അട്ടിമറിച്ചതെന്ന് സരള പറഞ്ഞു. അതിനാല്‍ ഒരു സ്റ്റാന്റിങ് കമ്മിറ്റി സ്ഥാനങ്ങളും പുരുഷ കൗണ്‍സിലര്‍മാര്‍ ഏറ്റെടുക്കരുതെന്നാണ് തന്റെ അഭിപ്രായം. തുടര്‍ച്ചയായ 4 തവണ കൗണ്‍സിലറായത് ഏറെ ത്യാഗം ചെയ്ത് തന്നെയാണ്. ഏറ്റവും സീനിയറായ തന്നെ മനപ്പൂര്‍വം തഴഞ്ഞാണ് ചെയര്‍പേഴ്‌സണേയും, വൈസ് ചെയര്‍പേഴ്‌സണേയും നിര്‍ണയിച്ചത്. പുതുതായി രൂപീകരിക്കപ്പെടുന്ന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനമടക്കം ഒരു പദവിയും താന്‍ ആഗ്രഹിക്കുന്നില്ലെന്നും, ആവശ്യപ്പെട്ടാലും ഇത് നിരസിക്കുന്നതായും സരള പറഞ്ഞു. തനിക്ക് ഒരു സ്ഥാനവും ആവശ്യമില്ലാത്തതിനാലാണ് താന്‍ ഇന്നലെ നടന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി സമിതി യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നും സരള പറഞ്ഞു.
Next Story

RELATED STORIES

Share it