ആരോഗ്യ രംഗത്തെ ചൂഷണത്തിനെതിരേ ഇന്നസെന്റ് ലോക്‌സഭയില്‍

ന്യൂഡല്‍ഹി: രാജ്യത്തെ ആരോഗ്യ രംഗത്ത് നടക്കുന്ന ചൂഷണങ്ങള്‍ക്ക് തടയിടാന്‍ മുന്‍കൈയെടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അല്ലാതെ മറ്റുള്ളവരുടെ അടുക്കളയി ല്‍ എന്ത് പാചകം ചെയ്യുന്നു എന്ന് നോക്കിയിരിക്കുകയല്ല വേണ്ടതെന്നും ഇന്നസെന്റ് എംപി.
കാന്‍സര്‍ ചികിത്സ കഴിഞ്ഞ് ഇന്നലെ ലോക്‌സഭയില്‍ എത്തിയ ഇന്നസെന്റ്, ചില കാര്യങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്താനുണ്ടെന്ന് പറഞ്ഞു കൊണ്ടായിരുന്നു തന്റെ പ്രസംഗം ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിനിടക്കായിരുന്നു ഇന്നസെന്റിന്റെ പ്രസംഗം. ഇന്നസെന്റ് കാന്‍സറിനെ അതീജീവിച്ചു വന്നയാളാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കൂ എന്ന് സ്പീക്കര്‍ സുമിത്ര മഹാജനും സഭാംഗങ്ങളോടു പറഞ്ഞു. മലയാളത്തിലുള്ള ഇന്നസെന്റിന്റെ പ്രസംഗം പുരോഗമിച്ചതോടെ സഭയിലെ ബഹളം അടങ്ങി.
ഏറെക്കാലമായി ലോക്‌സഭയിലെ തന്റെ ഇരിപ്പിടം ഒഴിഞ്ഞ് കിടക്കുകയായിരുന്നു. മൂന്നു വ ര്‍ഷത്തിനിടയില്‍ രണ്ടു തവണയാണു കാന്‍സര്‍ രോഗം ബാധിച്ചത്. രണ്ടു തവണയും ദൈവം വിളിച്ചിട്ടു പോയില്ല. തനിക്ക് ദൈവം ഈ രോഗം തന്നത് പാവപ്പെട്ടവര്‍ക്ക് വേണ്ടി ഇവിടെ നിന്ന് സംസാരിക്കാനാണ്. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ സ്വകാര്യ പരിശോധന കേന്ദ്രങ്ങളുടെ കൊള്ളയ്ക്കു കൂട്ടുനില്‍ക്കുകയാണ്. സ്വകാര്യ ലാബുകള്‍ പലതും ഡോക്ടര്‍മാരും കച്ചവടക്കാരും ചേര്‍ന്നു നടത്തുന്നതാണ്. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കുന്ന മരുന്നുകള്‍ പലപ്പോഴും ആശുപത്രികളില്‍ ലഭ്യമല്ല. ഉണ്ടെങ്കില്‍ തന്നെ കൊടുക്കാറുമില്ല. ഇത് ഡോക്ടര്‍മാരും സ്വകാര്യ മരുന്നു കടകളും തമ്മി ലുള്ള ഒത്തുകളിയാണ്.
രാജ്യത്തുള്ള മരുന്നുകളുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പു വരുത്തണം. കാന്‍സറിന്റെ വേദനകള്‍ അനുഭവിച്ച ഒരാളെന്ന നിലയിലാണ് ഇക്കാര്യങ്ങള്‍ സഭയുടെ ശ്രദ്ധയില്‍ പെടുത്തുന്നത്. രണ്ടാമത്തെ തവണ രോഗം ബാധിച്ചപ്പോള്‍ ഡല്‍ഹി എയിംസിലായിരുന്നു ചികിത്സ. അതിനിടെ ഭാര്യയെയും കാന്‍സര്‍ ബാധിച്ചു. ഈ കാലയളവില്‍ ചികിത്സാ രംഗത്തുള്ള പല അപര്യാപ്തതകളും നേരിട്ടു ബോധ്യപ്പെട്ടു.
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കാന്‍സര്‍ ചികിത്സ ഉള്‍പ്പെടെ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. പണമുള്ള ആളുകള്‍ ജീവിച്ചിരിക്കുകയും പാവപ്പെട്ടവര്‍ക്കു മറിച്ചുള്ള അനുഭവങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്ന സ്ഥിതി ഉണ്ടാകരുത്. ഭരണ, പ്രതിപക്ഷങ്ങള്‍ പരസ്പരം കുറ്റം പറഞ്ഞ് സമയം കളയരുതെന്നും വോട്ടു നല്‍കി ജനങ്ങള്‍ പാര്‍ലമെന്റിലേക്ക് പറഞ്ഞയച്ചത് ഇക്കാര്യങ്ങളെല്ലാം ചെയ്തു കൊടുക്കുമെന്ന പ്രതീക്ഷയിലാണെന്നും ഇന്നസെന്റ് പറഞ്ഞു.
Next Story

RELATED STORIES

Share it