kannur local

ആരെയും തുണയ്ക്കുന്ന പേരാവൂര്‍ ഇക്കുറി ആര്‍ക്കൊപ്പം?

സാദിഖ് ഉളിയില്‍

ഇരിട്ടി: റബറിന്റെയും കശുവണ്ടിയുടെയും മണമുള്ള മണ്ണാണ് പേരാവൂരിന്റേത്. കാര്‍ഷിക വിളകളുടെ വിലയിലെ ചാഞ്ചാട്ടം പേരാവൂരിന്റെ രാഷ്ട്രീയ മനസ്സിലും ചലനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പലതവണ യുഡിഎഫിനോട് ഇഷ്ടംകാട്ടിയ പേരാവൂര്‍ രണ്ടുമൂന്നു തവണ എല്‍ഡിഎഫിനോടും സ്‌നേഹം കാട്ടിയിട്ടുണ്ട്. ആരുടെയും സ്വന്തമെന്ന് ഉറപ്പിച്ചുപറയാന്‍ പറ്റില്ല. ശ്രമിച്ചാല്‍ ആര്‍ക്കും പേരാവൂരിനെ പിടിച്ചുകെട്ടാന്‍ കഴിയുമെന്ന് പറയുന്നതും അതുകൊണ്ടുതന്നെ. യുഡിഎഫിനും എല്‍ഡിഎഫിനും പുറമെ ബദല്‍ രാഷ്ട്രീയം ഉയര്‍ത്തി എസ്ഡിപിഐയും ഇവിടെ ഇക്കുറി മല്‍സരിക്കുന്നുണ്ട്. എന്‍ഡിഎ-ബിജെപി സഖ്യത്തിനു വേണ്ടി ബിഡിജെഎസ്സാണ് ഇവിടെ മല്‍സരിക്കുന്നത്.
പേരാവൂരില്‍ സിറ്റിങ് എംഎല്‍എ സണ്ണിജോസഫ് വിജയം കൊണ്ടുവരുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യുഡിഎഫ് പ്രത്യോകിച്ച് കോണ്‍ഗ്രസ് നേതൃത്വം. അതുകൊണ്ടു തന്നെ സ്ഥാനാര്‍ഥി നിര്‍ണയം എളുപ്പമായി പൂര്‍ത്തിയാക്കിയതും ഇവിടെയാണ്.
ഇതുവരെ നടന്ന ഒന്‍മ്പത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പേരാവൂരില്‍ ആറുതവണയംവിജയം യുഡിഎഫിനൊപ്പമായിരുന്നു. 2011ല്‍ സിറ്റിങ്ങ് എംഎല്‍എ കെ കെ ശൈലജയെ പരാജയപ്പെടുത്തിയാണ് അഡ്വ.സണ്ണിജോസഫ് മണ്ഡലം യുഡിഎഫ് പക്ഷത്തേക്ക് തിരികെ കൊണ്ടുവന്നത്. ഇതുതന്നെയാണ് സണ്ണിയുടെ ആത്മബലവും യുഡിഎഫിന്റെ ആത്മവിശ്വാസവും.
4000ല്‍താഴെ വോട്ടിന് കൈവിട്ടുപോയ മണ്ഡലം വീണ്ടും തിരിച്ച് പിടിക്കാനുള്ള അഗ്നി പരീക്ഷക്ക് സിപിഎം നിയോഗിച്ചിരിക്കുന്നത് പാര്‍ട്ടിയുടെ യുവരക്തം അഡ്വ. ബിനോയി കുര്യനെയാണ്. നിനച്ചിരിക്കാതെ എത്തിയ സ്ഥാനാര്‍ത്ഥിത്വമായിരുന്നു ബിനോയിക്ക്.
മുന്‍ എംഎല്‍എ കെ കെ ശൈലജ തന്നെ ഇക്കുറിയും സണ്ണിയെ നേരിടാന്‍ എത്തുമെന്ന പ്രചരണം ശക്തിപ്പെടുന്നതിനിടയിലാണ് ബിനോയിക്ക് സ്ഥാനാര്‍ത്ഥിത്വം ലഭിക്കുന്നത്. സിപിഎം ഇരിട്ടി ഏരിയാസെക്രട്ടറി എന്ന നിലയിലും ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയായും ജില്ലാ പഞ്ചായത്തംഗം എന്ന നിലയിലുമുള്ള പ്രവര്‍ത്തന മികവാണ് ബിനോയിയുടെ കരുത്ത്.
കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും മലയോരത്തെ ജീവിത സാഹജര്യങ്ങളും വോട്ടാക്കിമാറ്റാനുള്ള തെയ്യാറെടുപ്പിലാണ് എല്‍ഡിഎഫ്.
എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി പി കെ ഫാറൂഖ് ജനപക്ഷ ബദല്‍ എന്ന രാഷ്ട്രീയമുദ്രാവാക്യമുയര്‍ത്തി മലയോര മണ്ഡലത്തില്‍ സജീവമായിട്ടുണ്ട്. കഴിഞ്ഞ തവണയും എസ്ഡിപിഐ ഇവിടെ മല്‍സരിച്ച് ഗണ്യമായ വോട്ട് നേടിയിരുന്നു.
മുന്‍ കേളകം പഞ്ചായത്ത് പ്രസിഡണ്ടായ പൈലി വാത്യാട്ടാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. പേരാവൂര്‍ മണ്ഡലം ബിജെപി സഖ്യകക്ഷിയായ ബിഡിജെഎസ്സിന് വിട്ടുനല്‍കിയതോടെയാണ് പൈലി സ്ഥാനാര്‍ത്ഥിയാവുന്നത്. മുന്‍ കോണ്‍ഗ്രസ്സുകാരന്‍കൂടിയായ പൈലി യുഡിഎഫ് വോട്ടുകളിലും പ്രതീക്ഷ വെക്കുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിക്കു വേണ്ടി പളിപ്രം പ്രസന്നനാണ് മല്‍സരിക്കുന്നത്. പാര്‍ട്ടിയുടെ ജില്ലാജനറല്‍ സെക്രട്ടറിയാണ്.
ഒരുനഗരസഭയും എട്ട് ഗ്രാമപ്പഞ്ചായത്തുകളും ഉള്‍പ്പെടുന്ന പേരാവൂര്‍ നിയോജക മണ്ഡലത്തില്‍ നാലുവീതം ഗ്രാമപ്പഞ്ചായത്തുകളില്‍ എല്‍ഡിഎഫും യുഡിഎഫും ഭരിക്കുമ്പോള്‍ ഇരിട്ടി നഗരസഭയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. അയ്യന്‍കുന്ന്, ആറളം, കണിച്ചാര്‍. കൊട്ടിയൂര്‍ പഞ്ചായത്തുകള്‍ യുഡിഎഫ് ഭരിക്കുമ്പോള്‍ പേരാവൂര്‍, പായം, മുഴക്കുന്ന്, കേളകം പഞ്ചായത്തുകള്‍ എല്‍ഡിഎഫ് ഭരണത്തിലാണ്.
ഗ്രാമപ്പഞ്ചായത്തിലെ വോട്ടുനിലയില്‍ എല്‍ഡിഎഫിന് യുഡിഎഫിനേക്കാള്‍ 1167വോട്ട് അധികം ലഭിച്ചപ്പോള്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ വോട്ടുനില പ്രകാരം യുഡിഎഫിന് എല്‍ഡിഫിനേക്കാള്‍ 7000ല്‍ അധികം വോട്ടിന്റെ മേധാവിത്വമുണ്ട്. കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും കോണ്‍ഗ്രസിനുള്ളില്‍ തന്നെയുള്ള പടലപിണക്കങ്ങളും വിധിനിര്‍ണയിക്കുന്ന ഘടകങ്ങളാണ്.
Next Story

RELATED STORIES

Share it