palakkad local

ആദിവാസികള്‍ക്ക് വനഭൂമി: അംഗീകാരത്തിന് അപേക്ഷ നല്‍കി

പാലക്കാട്: വടക്കഞ്ചേരി കടപ്പാറ മൂര്‍ത്തിക്കുന്നില്‍ ആദിവാസികള്‍ക്ക് വനഭൂമി പതിച്ചുനല്‍കാന്‍ തീരുമാനമെടുക്കുന്ന സബ് ഡിവിഷണല്‍ ലെവല്‍ കമ്മിറ്റിയുടെ അംഗീകാരത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കി.
ആര്‍ഡിഒ, റെയ്ഞ്ച് ഓഫിസര്‍, ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് എസ്‌സി, എസ്ടി അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഡിവിഷണല്‍ ലെവല്‍ കമ്മിറ്റി. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുക്കപ്പെട്ട ജില്ലാ, ബ്ലോക്ക് തലത്തിലുള്ള എസ്‌സി, എസ്ടി അംഗങ്ങളെ ഉള്‍പ്പെടുത്തി കമ്മിറ്റി പുനസംഘടിപ്പിച്ച് അംഗീകാരത്തിനായി കലക്ടര്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു.
എന്നാല്‍, നിയമസഭാതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അംഗീകാരം ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി അപേക്ഷ നല്‍കിയതെന്ന് ജില്ലാ പട്ടികവര്‍ഗ വികസന ഓഫിസര്‍ ഹെറാള്‍ഡ് ജോണ്‍ പറഞ്ഞു. ജനുവരി 15 മുതലാണ് കടപ്പാറ മൂര്‍ത്തിക്കുന്ന് കോളനിയിലെ ആദിവാസികള്‍ ഭൂമി പതിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് വനഭൂമിയില്‍ പന്തല്‍ കെട്ടി സമരം തുടങ്ങിയത്.
വനാവകാശനിയമപ്രകാരം ഭൂമി പതിച്ചുനല്‍കുന്നതില്‍ വനംവകുപ്പ് അനുകൂല നിലപാടെടുത്തതോടെ കലക്ടറുടെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ തുടങ്ങി. പ്രത്യേകമായി നിയോഗിച്ച സര്‍വേസംഘത്തിന്റെ നേതൃത്വത്തില്‍ 14.67 ഏക്കര്‍ ഭൂമി അളന്നു. ഇത് പതിച്ചുനല്‍കാന്‍ തീരുമാനമെടുക്കേണ്ട സബ് ഡിവിഷണല്‍ കമ്മിറ്റിയുടെ പുനഃസംഘടന വൈകിയതോടെ നടപടികള്‍ വൈകി. ഇതോടെ സമരക്കാര്‍ നിര്‍ത്തിവെച്ചിരുന്ന മരംമുറി വീണ്ടും തുടങ്ങി. ഇത് വനംവകുപ്പധികൃതര്‍ക്ക് തലവേദനയായിരിക്കുകയാണ്.
നടപടി സ്വീകരിച്ചാല്‍ സംഘര്‍ഷത്തിനിടയാകുമെന്നതിനാല്‍ നടപടികളെടുക്കാനും സാധിക്കാത്ത സ്ഥിതിയാണ്.
Next Story

RELATED STORIES

Share it