ആദായനികുതി പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍

കൊച്ചി: 10 ലക്ഷം രൂപ കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് ആദായനികുതി പ്രിന്‍സിപ്പല്‍ കമ്മീഷണറേയും ഓഫിസറേയും സിബിഐ സംഘം അറസ്റ്റു ചെയ്തു. തിരുവനന്തപുരം ഇന്‍കം ടാക്‌സ് കമ്മീഷണര്‍ ഹൈദരാബാദ് സ്വദേശി ശൈലേന്ദ്ര മമ്മടി, ഇന്‍കം ടാക്‌സ് ഓഫിസര്‍ ശരത് എന്നിവരാണ് അറസ്റ്റിലായത്.  ഇടനിലക്കാരനായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കുരുവിള, ബില്‍ഡറായ അലക്‌സ്, ജ്വല്ലറി ഉടമ ജോയി തോമസ് എന്നിവരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊച്ചിയില്‍ നിന്നുള്ള സിബിഐ സംഘമാണ് കോട്ടയത്തെത്തി ദിവസങ്ങള്‍ നീണ്ട ഓപറേഷനൊടുവില്‍ ഉദ്യോഗസ്ഥരെ കുടുക്കിയത്. തുടര്‍ന്ന് ഇവരെ സിബിഐ തിരുവനന്തപുരം യൂനിറ്റിന് കൈമാറി. 60 ലക്ഷത്തോളം വരുന്ന ആദായനികുതി കുടിശ്ശിക 30 ലക്ഷമാക്കി കുറച്ചുനല്‍കുന്നതിന് 10 ലക്ഷം രൂപയാണ് ആദായനികുതി കമ്മീഷണര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്.

കുരുവിളയായിരുന്നു ഇടനിലക്കാരന്‍. അലക്‌സിന്റെ റിസോര്‍ട്ടില്‍ വച്ച് ബുധനാഴ്ച പണം കൈമാറാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും നടന്നില്ല. തുടര്‍ന്ന് ഇന്നലെ അലക്‌സിന്റെ ഓഫിസില്‍ വച്ച് പണം കൈമാറാന്‍ തീരുമാനിച്ചെങ്കിലും അവിടെ വച്ചും പണം കൈമാറിയില്ല. പിന്നീടാണ് വഴിയില്‍ വച്ച് പണം കൈമാറാന്‍ തീരുമാനമെടുത്തത്. കാറിന്റെ ഡിക്കിയില്‍ ബാഗിലാക്കിയാണ് ആയിരത്തിന്റെ ഒരു ലക്ഷം രൂപ വീതമുള്ള പത്തു കെട്ട് നോട്ടുകള്‍ സൂക്ഷിച്ചിരുന്നതെന്നു സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വഴിയില്‍ കാത്തുനിന്ന സിബിഐ സംഘം വാഹനം തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് കുരുവിളയെ വിളിച്ചുവരുത്തി. ചോദ്യം ചെയ്യലില്‍ പണം ശൈലേന്ദ്ര മമ്മിടിക്ക് കൈമാറാനുള്ളതാണെന്ന് കുരുവിള സമ്മതിച്ചതിനെത്തുടര്‍ന്നാണ് മറ്റുള്ളവരെ കസ്റ്റഡിയിലെടുത്തതെന്ന്  ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികളുടെ വീടുകളിലും ഓഫിസുകളിലും സിബിഐയുടെ വിവിധ യൂനിറ്റുകള്‍ പരിശോധന നടത്തിവരുകയാണ്.  തിരുവനന്തപുരത്തെ സിബിഐ യൂനിറ്റിനാണ് അന്വേഷണച്ചുമതല.
Next Story

RELATED STORIES

Share it