ആതിരപ്പിള്ളി പദ്ധതിയെച്ചൊല്ലി സിപിഎം-സിപിഐ കലഹം

തിരുവനന്തപുരം: ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും പ്രസ്താവനയെച്ചൊല്ലി എല്‍ഡിഎഫില്‍ ഭിന്നത. പിണറായിയുടെ പ്രസ്താവനയ്‌ക്കെതിരേ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരസ്യമായി രംഗത്തെത്തി. എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറയുന്ന കാര്യങ്ങള്‍ മന്ത്രിമാര്‍ക്കു പറയാം. അതിനപ്പുറം പ്രഖ്യാപനങ്ങള്‍ നടത്തുന്നതു മുന്നണി ചര്‍ച്ചകള്‍ക്കു ശേഷമാവുന്നതാണു ശരിയെന്നു കാനം തുറന്നടിച്ചു. എന്നാല്‍, കാനത്തിന്റെ പ്രതികരണത്തിനെതിരേ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. മന്ത്രിസഭയില്‍ ചര്‍ച്ചചെയ്യേണ്ടതു മന്ത്രിസഭയിലും മുന്നണിയില്‍ ചര്‍ച്ചചെയ്യേണ്ടതു മുന്നണിയിലും ചര്‍ച്ചചെയ്യുമെന്നും പിണറായി ഡല്‍ഹിയില്‍ പറഞ്ഞു. ആതിരപ്പിള്ളിയുടെ കാര്യം നേരത്തെ ചര്‍ച്ചചെയ്ത വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി.  അതേസമയം, കാനത്തിന്റെ പ്രതികരണം കാരണമറിയാതെയാണെന്നായിരുന്നു കടകംപള്ളിയുടെ പ്രതികരണം. സംസ്ഥാനത്തിന്റെ പൊതുവികസനത്തിന് ആതിരപ്പിള്ളി, ചീമേനി പദ്ധതികള്‍ അത്യാവശ്യമാണ്. എതിര്‍പ്പുയര്‍ത്തുന്നവരുമായി ചര്‍ച്ചനടത്തും. വന്‍കിട ഊര്‍ജോല്‍പ്പാദന പദ്ധതികളില്ലാതെ മുന്നോട്ടുപോവാനാവില്ല. ജനങ്ങളുടെ ആശങ്ക പരിഹരിച്ചു പുതിയ ടൗണ്‍ഷിപ്പും ചേര്‍ത്താണ് ചീമേനി പദ്ധതിക്കുള്ള ശ്രമമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ആതിരപ്പിള്ളി പദ്ധതി നടപ്പാക്കരുതെന്ന സിപിഐയുടെ നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ തൃശൂരില്‍ പറഞ്ഞു. വിഷയത്തില്‍ പാര്‍ട്ടി നയം നേരത്തെ വ്യക്തമാക്കിയതാണ്. ഇടയ്ക്കുവച്ച് മാറ്റില്ലെന്നും സുനില്‍കുമാര്‍ വ്യക്തമാക്കി. പിണറായിയുടെ വിശ്വസ്തനായ കടകംപള്ളി പദ്ധതിക്ക് അനുകൂലമായി നിലപാട് കടുപ്പിക്കുമ്പോള്‍ സിപിഐ എതിര്‍പ്പ് രൂക്ഷമാക്കുകയാണ്. വന്‍ പാരിസ്ഥിതികപ്രാധാന്യമുള്ള ആതിരപ്പിള്ളി വനമേഖലയില്‍ 163 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതനിലയം സ്ഥാപിക്കുന്നതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. 2010 ജനുവരിയില്‍ കേന്ദ്രമന്ത്രാലയം വൈദ്യുതിബോര്‍ഡിനോട് വിശദീകരണം തേടി. തുടര്‍ന്നു പാരിസ്ഥിതികാനുമതി റദ്ദാക്കി. ബോര്‍ഡിന്റെ വാദങ്ങളും വിശദീകരണങ്ങളും പരിഗണിച്ച് അനുമതി 2017 വരെ സാധുവാണ്. ഒരു കാരണവശാലും ആതിരപ്പിള്ളി പദ്ധതിക്ക് അനുമതി നല്‍കരുതെന്നായിരുന്നു മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ റിപോര്‍ട്ട്.
Next Story

RELATED STORIES

Share it