thrissur local

അശാസ്ത്രീയ ടാറിങ്: ചേറ്റുവ പാലത്തില്‍ രണ്ട് അപകടം; ഒഴിവായത് വന്‍ദുരന്തം

ചാവക്കാട്: അശാസ്ത്രീയ ടാറിങ് നടത്തിയ ചേറ്റുവ പാലത്തി ല്‍ രണ്ട് അപകടം. ഒഴിവായത് വന്‍ ദുരന്തം. ഇന്നലെ പുലര്‍ച്ചെയാണ് അപകടങ്ങള്‍ ഉണ്ടായത്. കൊല്ലത്ത് നിന്നും നാമക്കലിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയും എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സുമാണ് ഒരു മണിക്കൂറിനുള്ളില്‍ അപകടത്തില്‍പ്പെട്ടത്.
പുലര്‍ച്ചെ 5.30ഓടെ ടാങ്കര്‍ ലോറിയാണ് ആദ്യം അപകടത്തില്‍ പ്പെട്ടത്. ചേറ്റുവ പാലത്തില്‍ നിന്നും നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി വന്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ഡ്രൈവറും സഹായിയും നിസാര പരിക്കുകളോടെ അല്‍ഭുതകരമായി രക്ഷപ്പെട്ടു. കൊല്ലത്ത് നിന്നും നാമക്കലിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് പാലത്തിന് മുകളില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ എസ് മുരുകനും(30), സഹ ഡ്രൈവര്‍ വി രംഗനാഥനും (21) മാണ് ഈ സമയം ലോറിയിലുണ്ടായിരുന്നത്. സംഭവ സമയം ചെറിയ ചാറ്റല്‍ മഴയുണ്ടായിരുന്നു. പാലത്തില്‍ വെച്ച് വാഹനത്തിന്റെ ബ്രേക്കില്‍ കാലു വെച്ചതും വാഹനം തെന്നി മറിയുകയുമായിരുന്നു.
പാലത്തില്‍ നിന്നും പുഴയിലേക്ക് മറിയാതിരിക്കാന്‍ വലത്തോട്ട് പരമാവധി ഒടിച്ചെടുത്തതോടെയാണ് പാലം ഇറങ്ങിതുടങ്ങിയ ലോറി പാലത്തിനരികിലൂടെ പുഴയുടെ ഭാഗത്തേക്ക് ഇറങ്ങിയത്. ഇവിടേയുള്ള മരങ്ങളിലും മറ്റും ഇടിച്ചാണ് ടാങ്കര്‍ ലോറി നിന്നത്. പാലത്തിന്റെ കൈവരികളും, വൈദ്യുതി വിളക്കുകള്‍ സ്ഥാപിച്ചിരുന്ന പോസ്റ്റുകളും, ഫുട്പാത്തിലെ സ്ലാബുകള്‍ തകര്‍ന്നിട്ടുണ്ട്.
ടാങ്കര്‍ ലോറിയില്‍ ഒന്നും ഉണ്ടായിരുന്നില്ല. അരമണിക്കൂറിനു ശേഷമാണ് കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടത്. പാലത്തിനു മുകളില്‍ വെച്ച് ബ്രേക്ക് ചവിട്ടിയയുടനെ ബസ് പാലത്തിലെ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി കൈവരിയും വൈദ്യുത പോസ്റ്റും കതര്‍ത്തു. ഭാഗ്യം കൊണ്ട് മാത്രമാണ് ബസ്സ് പുഴയിലേക്ക് മറിയാതിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. കോഴിക്കോട്ടേക്ക് നിറയെ യാത്രക്കാരുമായി പോകുകയായിരുന്ന ബസ്സ് പിന്നീട് യാത്ര തുടര്‍ന്നു. ലോറി അപകടത്തില്‍ പെട്ടതറിഞ്ഞെത്തിയചാവക്കാട് പോല ിസും നാട്ടുകാരും ഈ സമയം സംഭവസ്ഥലത്തുണ്ടായിരുന്നു. ആര്‍ക്കും പരിക്കുകളില്ല.
അപകടത്തിനു കാരണം വാര്‍ത്തകള്‍ അവഗണിച്ചത്
ചാവക്കാട്: ടാറിങ് നടത്തിയിട്ടുള്ളത് അശാസ്ത്രീയമായാണെന്നും ഇത് അപകടങ്ങള്‍ കാരണമാകുന്നതായുമുള്ള വാര്‍ത്തകകള്‍ അവഗണിച്ചതാണ് ഇന്നലെ അപകടത്തിന് കാരണം. അടുത്തിടെ നടന്ന അറ്റകുറ്റപ്പണികള്‍ക്ക് ശേഷം കനത്തില്‍ ടാര്‍ ഒഴിച്ച് മെറ്റല്‍ പാകിയാണ് പാലത്തിനു മുകളിലെ റോഡിനു ഗ്രിപ്പ് ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടുള്ളത്. അപരിചിതമായ ഈ പുതിയ വിദ്യയാണ് ചേറ്റുവ പാലത്തിലെ അപകടങ്ങള്‍ക്ക് കാരണം. കഴിഞ്ഞ മാസങ്ങളിലും പാലത്തില്‍ അപകടങ്ങളും വാഹനങ്ങളുടെ കൂട്ടിടികളും ഉണ്ടായിട്ടുണ്ട്. അപകടത്തില്‍പെട്ട വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത് ബ്രേക്ക് ചവിട്ടുമ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നു എന്നാണ്. റോഡിലെ ഗ്രിപ്പ് കുറവ് എന്നതിനേക്കാള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന മിനുസമാണ് വില്ലനാവുന്നത്. ഗ്രിപ്പിനു വേണ്ടി വിരിച്ച മെറ്റലുകള്‍ വാഹനങ്ങള്‍ കയറിയിറങ്ങിയതോടെ ടാറില്‍ അമര്‍ന്നു പോയ നിലയിലാണ്. ആഴ്ചകള്‍ക്ക് മുമ്പ് ചാറ്റല്‍ മഴയുള്ള സമയത്ത് ചേറ്റുവ പാലത്തില്‍ അഞ്ചു വാഹനങ്ങള്‍ ഒന്നിനു പുറകെ ഒന്നായി കൂട്ടിയിടിച്ച് അപകടം നടന്നിരുന്നു. അന്ന് ടാറിങിലെ അപാകതക്കെതിരേ പ്രതിഷേധം ഉയര്‍ന്നിരുന്നെങ്കിലും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ചാറ്റല്‍ മഴ സമയത്തു പോലും ചേറ്റുവ പാലത്തില്‍ അപകടങ്ങള്‍ നിത്യസംഭവമായിരിക്കുകയാണ്. ശക്തമായ മഴ വരാനിരിക്കെ ചേറ്റുവ പാലത്തിലെ ടാറിങിലെ അപാകതക്ക് പരിഹാരം കണ്ടില്ലെങ്കില്‍ ചെറുതും വലുതുമായ നിരവധി അപകടങ്ങളായിരിക്കും അരങ്ങേറുക.
Next Story

RELATED STORIES

Share it