kannur local

അരോളിയിലും കണ്ണൂരിലും ആര്‍എസ്എസ് ആക്രമണം

കണ്ണൂര്‍: ആര്‍എസ്എസ് പാപ്പിനിശ്ശേരി മണ്ഡലം മുന്‍ കാര്യവാഹക് അരോളി ആസാദ് നഗര്‍ കോളനിയിലെ പരക്കോത്ത് വളപ്പില്‍ സുജിത്ത് കൊല്ലപ്പെട്ടതിനു പിന്നാലെ അരോളിയിലും കണ്ണൂരിലും വീടുകള്‍ക്കും ബാങ്കിനും നേരെ ആക്രമണം. അരോളിയില്‍ സിപിഎം പ്രവര്‍ത്തകരുടെ രണ്ടു വീടുകളും കണ്ണൂര്‍ ട്രാഫിക് പോലിസ് സ്‌റ്റേഷനു മുന്‍വശത്തെ ടൗണ്‍ സര്‍വീസ് ബാങ്കിനു നേരെയുമാണ് ആക്രമണമുണ്ടായത്. സുജിത്ത് കൊല്ലപ്പെട്ടതിനു പിന്നാലെ പുലര്‍ച്ചെയോടെയാണ് വീടുകള്‍ ആക്രമിച്ചത്.
അരോളി ഐക്കല്‍ ടി വേണുഗോപാലിന്റെയും വിദ്യാമന്ദിറിലെ ബാലചന്ദ്രന്റെയും വീടിന്റെ ജനല്‍ച്ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ക്കുകയായിരുന്നു. വേണുഗോപാല്‍ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനാണ്. സംഭവത്തില്‍ രണ്ടു ബിജെപി പ്രവര്‍ത്തകരെ വളപട്ടണം എസ്‌ഐ ശ്രീജിത്ത് കോടേരിയും സംഘവും കസ്റ്റഡിയിലെടുത്തു. അരോളി യുവധാര ക്ലബിനു സമീപത്തെ സിപിഎമ്മിന്റെ കൊടിമരവും നശിപ്പിച്ചു. കീച്ചേരിക്കുന്നില്‍ ഇരുവിഭാഗവും സംഘടിച്ചുനിന്നത് അല്‍പ്പനേരം സംഘര്‍ഷാവസ്ഥയ്ക്കിടയാക്കി. കീച്ചേരിക്കുന്ന്, കീച്ചേരി സ്‌റ്റോപ്പ്, വേളാപുരം എന്നിവിടങ്ങളില്‍ ശക്തമായ പോലിസ് ബന്തവസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയാണ് കണ്ണൂരില്‍ അക്രമം നടന്നത്. ഉച്ചയ്ക്ക് 12.15ഓടെയെത്തിയ സംഘം ട്രാഫിക് പോലിസ് സ്‌റ്റേഷനു എതിര്‍വശത്തെ ബാങ്കില്‍ കയറി അടയ്ക്കാന്‍ ആവശ്യപ്പെട്ട് ബഹളമുണ്ടാക്കി. ഇതിനിടെ, കംപ്യൂട്ടറും മറ്റും വലിച്ചെറിഞ്ഞു. കംപ്യൂട്ടറും കസേരയും തകര്‍ത്തു. എന്നാല്‍ ബാങ്ക് അടച്ചില്ല. പോലിസെത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു.
സംഭവത്തില്‍ കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരേ ടൗണ്‍ പോലിസ് കേസെടുത്തിട്ടുണ്ട്. വ്യാപാരികളുടെ കടയടപ്പ് സമരമായതിനാല്‍ നഗരത്തിലെ ബഹുഭൂരിഭാഗം കടകളും അടഞ്ഞുകിടന്നിരുന്നു. തുറന്നുപ്രവര്‍ത്തിച്ച ഹോട്ടലുകളും മറ്റും ബലമായി അടപ്പിക്കാനും വാഹനങ്ങള്‍ തടയാനും ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചു. കൊല്ലപ്പെട്ട സുജിത്തിന്റെ മൃതദേഹത്തില്‍ ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പി കെ കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് പി കെ സത്യപ്രകാശ്, കെ കെ രഞ്ചിത്ത്, പി കെ വേലായുധന്‍ എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കണ്ണൂരില്‍ പ്രകടനം നടത്തി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പാപ്പിനിശ്ശേരി, കീച്ചേരി, അഴീക്കല്‍, വളപട്ടണം മേഖലയില്‍ പോലിസ് പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it