thrissur local

അയ്യന്തോള്‍ ഫഌറ്റ് കൊലപാതകം: രണ്ടുപേര്‍കൂടി അറസ്റ്റില്‍

തൃശൂര്‍: അയ്യന്തോളിലെ ഫഌറ്റില്‍ ഷൊര്‍ണൂര്‍ സ്വദേശിയായ സതീശന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍. വട്ടേക്കാട് കനകമല കാണിയത്ത് വീട്ടില്‍ രതീഷ്(32), വടക്കുമുറി മാളിയേക്കല്‍ വീട്ടില്‍ ബിജു (42) എന്നിവരാണ് അറസ്റ്റിലായത്.
കേസിലെ പ്രതിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ റഷീദിനെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്നതാണ് ഇവരുടെ കുറ്റം. റഷീദിന്റെ ഡ്രൈവറാണ് രതീഷ്. സന്തത സഹചാരിയും 25ഓളം ക്രിമിനല്‍ കേസിലെ പ്രതിയുമാണ് ബിജു.
ഫഌറ്റിലെ താമസക്കാരനായ റഷീദും സുഹൃത്ത് കൃഷ്ണപ്രസാദ്, കാമുകി ശാശ്വതി എന്നിവര്‍ ചേര്‍ന്നാണ് സതീശനെ കൊലപ്പെടുത്തിയതെന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകത്തിന് ശേഷം കുറ്റം ഏറ്റെടുക്കണമെന്ന് റഷീദ് കൃഷ്ണപ്രസാദിനോട് ആവശ്യപ്പെട്ടു. ഇതിന് വന്‍തുക പ്രതിഫലം വാഗ്ദാനം ചെയ്തു. കൊല്ലപ്പെട്ട സതീശനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നുണ്ടോയെന്ന് അറിയാന്‍ റഷീദ് ഏര്‍പ്പാടാക്കിയത് ബിജുവിനെയായിരുന്നു. ഇതനുസരിച്ച് ബിജു പുലര്‍ച്ചെ തന്നെ ഫഌറ്റില്‍ എത്തി. മൃതദേഹം ആശുപത്രിയില്‍ എത്തിക്കുന്നതുവരെ ഫഌറ്റ് പരിസരത്ത് തമ്പടിച്ച് അപ്പപ്പോള്‍ വിവരം റഷീദിന് കൈമാറി.
കൊലപാതകത്തിന് ശേഷം റഷീദ് ഡ്രൈവര്‍ രതീഷിനെ വിളിച്ചുവരുത്തുകയായിരുന്നു. രതീഷിന്റെ സഹായത്തോടെയാണ് പ്രതികള്‍ റഷീദിന്റെ കാറില്‍ തമിഴ്‌നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍ കറങ്ങിയത്. റഷീദ് ഇപ്പോഴും ഒളിവിലാണ്. സിം കാര്‍ഡുകള്‍ മാറി മാറി ഉപയോഗിക്കുന്നതിനാല്‍ സൈബര്‍ സെല്‍ വഴി ഇയാളെ പിടികൂടാനുള്ള പോലിസിന്റെ ശ്രമം ഫലം കണ്ടില്ല.
റഷീദിന്റെ ഒളി സങ്കേതങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാവുന്നയാളാണ് രതീഷ്. ഇതിനാല്‍ അടുത്ത ദിവസം രതീഷിനെ കസ്റ്റഡിയില്‍ വാങ്ങി പോലിസ് ചോദ്യം ചെയ്യും. തൃശൂര്‍ അസി. കമ്മീഷണര്‍ കെ പി ജോസിന്റെ നേതൃത്വത്തിലുള്ള വെസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
Next Story

RELATED STORIES

Share it