wayanad local

അമിത ഫീസ് ഈടാക്കി വിദ്യാലയങ്ങളില്‍ എന്‍ട്രന്‍സ് ക്രാഷ് കോഴ്‌സുകള്‍

മാനന്തവാടി: മോഹനവാഗ്ദാനങ്ങള്‍ നല്‍കിയും അമിത ഫീസ് ഈടാക്കിയും വിദ്യാലയങ്ങളില്‍ മെഡിക്കല്‍, എന്‍ജിനീയറിങ് ക്രാഷ് കോഴ്‌സുകള്‍ നടത്തുന്നതായി പരാതി. ജില്ലയിലെ എയ്ഡഡ്, സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് വിദ്യാര്‍ഥികളില്‍ നിന്നു വന്‍ ഫീസ് ഈടാക്കി 25 ദിവസം നീണ്ടുനില്‍ക്കുന്ന കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നത്. പ്ലസ്ടു പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്കായാണ് പരിശീലന ക്ലാസുകള്‍.
അധ്യാപകരെയും പിടിഎയെയും സ്വാധീനിച്ചാണ് സ്വകാര്യ ഏജന്‍സികള്‍ കോഴ്‌സുകള്‍ തട്ടിക്കൂട്ടുന്നത്. 3,000 മുതല്‍ 5,000 രൂപ വരെയാണ് 25 ദിവസത്തെ പരിശീലനത്തിനായി മെറ്റീരിയല്‍ കോസ്റ്റ് എന്ന പേരില്‍ ഒരാളില്‍ നിന്ന് ഈടാക്കുന്നത്. ഒരു വിദ്യാലയത്തില്‍ ചുരുങ്ങിയത് 80 കുട്ടികളെയെങ്കിലും ഇത്തരം കേന്ദ്രത്തിലെത്തിക്കുന്നുണ്ട്. 25 ദിവസത്തെ പരിശീലനം കൊണ്ട് ഒരിക്കലും മെഡിക്കല്‍, എന്‍ജിനീയറിങ് എന്‍ട്രന്‍സ് ലിസ്റ്റുകളില്‍ എത്തിച്ചേരാന്‍ കഴിയില്ലെന്ന ബോധമില്ലാത്ത രക്ഷിതാക്കളാണ് വലയില്‍ വീഴുന്നത്. കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തിലെ പ്രിന്‍സിപ്പലിന്റെ നേതൃത്വത്തിലാണ് കാന്‍വാസിങ്. ക്രാഷ് കോഴ്‌സുകളില്‍ ക്ലാസെടുക്കാന്‍ സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന അധ്യാപകര്‍ പോലും എത്തുന്നതായാണ് വിവരം. ഇവരെ പിടികൂടാന്‍ വിദ്യാഭ്യാസ വകുപ്പില്‍ പ്രത്യേക സ്‌ക്വാഡുകള്‍ നിലവിലിരിക്കെയാണ് 20 ദിവസം കൊണ്ട് സാധാരണക്കാരായ കുട്ടികളില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന പരിശീലനങ്ങള്‍ നടക്കുന്നത്. തങ്ങളുടെ കുട്ടികളും ഡോക്ടറും എന്‍ജിനീയറും ആവണമെന്നു ചിന്തിക്കുന്ന ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ളവരെയാണ് ചൂഷണത്തിന് വിധേയമാക്കുന്നത്. ദ്വാരകയിലെ ഒരു എയ്ഡഡ് സ്ഥാപനത്തില്‍ നടക്കുന്ന എന്‍ട്രന്‍സ് കോച്ചിങിന് 4,500 രൂപയാണ് ഫീസ്. ഇതിന്റെ നടത്തിപ്പുകാരായി കാണിച്ചിരിക്കുന്നത് പിടിഎയും കരിയര്‍ ഗൈഡന്‍സ് യൂനിറ്റുമാണ്. എല്ലാദിവസവും എന്‍ട്രന്‍സ് മാതൃകാ ടെസ്റ്റാണ് ഇവരുടെ പ്രത്യേകതയായി നോട്ടീസില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
പരിശീലനം നല്‍കുന്നവരുടെ യോഗ്യതയോ മുന്‍പരിചയമോ പരിശീലനം നല്‍കിയതിനെ തുടര്‍ന്ന് മുന്‍വര്‍ഷങ്ങളില്‍ ആര്‍ക്കെങ്കിലും എന്‍ട്രന്‍സ് ലഭിച്ചിരുന്നോ തുടങ്ങിയ വിവരങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. ഓരോ വര്‍ഷവും പുതിയ സ്‌കൂളിലെത്തി പരിശീലനം നല്‍കുന്നതാണ് ഇത്തരം പരിശീലകരുടെ രീതി. വിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങള്‍ തോറും പരിശോധന നടത്തി അനധികൃത പരിശീലനങ്ങള്‍ അവസനിപ്പിക്കാന്‍ തയ്യാറാവണമെന്നാണ് ആവശ്യം.
Next Story

RELATED STORIES

Share it