thiruvananthapuram local

അമിത നിയന്ത്രണങ്ങളില്ല; മേളയ്ക്ക് മാറ്റേറെയെന്ന് ചലച്ചിത്രപ്രവര്‍ത്തകര്‍

തിരുവനന്തപുരം: ചലച്ചിത്രോത്സവത്തിന്റെ നടത്തിപ്പിന് പ്രമുഖരുടെ പ്രശംസ. സിനിമ കാണാനുളള സംവിധാനം ലളിതവല്‍കരിച്ചതാണ് മേളയുടെ പ്രധാന ആകര്‍ഷണം.
സിനിമ കാണാനായി തിയേറ്ററിനു മുന്നിലെ ബഹളം, പ്രതിഷേധം, വാക്കേറ്റം, തുടങ്ങിയവ പല ചലച്ചിത്രമേളകളുടെയും ശോഭ കെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇക്കുറി തിയേറ്ററുകളിലൊന്നും അത്തരം പ്രശ്‌നങ്ങളില്ല. എല്ലാ സ്ഥലത്തും അര്‍പ്പണ മനോഭാവത്തോടെ വോളണ്ടിയര്‍മാരും ജീവനക്കാരും പ്രവര്‍ത്തിക്കുന്നു.
പല സ്ഥലത്തും വളരെ നീണ്ട ക്യൂ കാണാമെങ്കിലും മിക്കവര്‍ക്കും സിനിമ കാണാനുളള അവസരമാണ് ലഭിക്കുന്നുണ്ട്. റിസര്‍വ് ചെയ്ത സീറ്റുകളില്‍ ആളുകള്‍ വന്നില്ലെങ്കില്‍ കാത്തുനില്‍ക്കുന്ന മറ്റുളളവരെ കയറ്റി പ്രശ്‌നം പരിഹരിക്കുന്നുണ്ട്.
തികഞ്ഞ സ്വാതന്ത്ര്യ ബോധം ചലച്ചിത്രമേള നല്‍കുന്നുണ്ടെന്ന് നടന്‍ വിനയ്‌ഫോര്‍ട്ട് ചൂണ്ടിക്കാട്ടി. എല്ലാവര്‍ക്കും സിനിമ കാണാന്‍ അവസരം ഒരുങ്ങുന്നത് സന്തോഷം നല്‍കുന്നു. മുന്‍കാലങ്ങളില്‍ സിനിമ കാണുന്നതുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങള്‍ നടന്നപ്പോള്‍ ഇക്കുറി അതില്ലാത്തത് ഏവരുടെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യം തന്നെയാണ് ചലച്ചിത്രമേളയുടെ മുഖമുദ്രയെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
തിയേറ്ററുകളിലെ ജീവനക്കാരുടെയും വോളണ്ടിയര്‍മാരുടെയും പെരുമാറ്റം ഏറെ ആകര്‍ഷിച്ചതായി സംവിധായകന്‍ ശരത് പറഞ്ഞു. ഹൃദ്യമായ പെരുമാറ്റമാണ് എല്ലാവരില്‍നിന്നും ഉണ്ടാവുന്നത്.
റിസര്‍വേഷന്‍ സംവിധാനം വന്നതോടെ അനാവശ്യമായ പ്രതിഷേധവും ബഹളവും ഒഴിവായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹളങ്ങളില്ലാത്ത അന്തരീക്ഷം ഈ ചലച്ചിത്രമേളയുടെ മുഖമുദ്രയാവുകയാണെന്ന് സംവിധായകന്‍ ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. സിനിമയെ ഗൗരവമായി കാണുന്ന കാണികള്‍ കാട്ടുന്ന ഉത്തരവാദിത്തവും ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. റിസര്‍വ്‌ചെയ്ത സീറ്റുകളില്‍ ആളുകള്‍ വരാത്തതിനാല്‍ ടാഗോര്‍ തിയേറ്ററില്‍ മറ്റുളളവര്‍ക്ക് ആ സീറ്റുകള്‍ അനുവദിച്ചിരുന്നു. ഇതേ മാതൃക തന്നെ എല്ലാ തിയേറ്ററിലും തുടരുന്നുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it