അമിതമായ അവകാശവാദങ്ങള്‍

കെ  പി  വിജയകുമാര്‍

രാഷ്ട്രീയപ്പാര്‍ട്ടികള്‍ മാസങ്ങള്‍ക്കു മുമ്പു തന്നെ ഗൗരവപൂര്‍ണമായ ഒരുക്കങ്ങള്‍ തുടങ്ങി എന്നതാണ് ആസന്നമായ കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ സവിശേഷത. ഒരുക്കങ്ങള്‍ മുമ്പൊക്കെ ഉണ്ടായിരുന്നെങ്കിലും ഇത്രമാത്രം ആസൂത്രിതമായ ഒരുക്കങ്ങള്‍ ഉണ്ടായിരുന്നില്ല. രാഷ്ട്രീയ പ്രചാരണ ജാഥകളും വഴിപാടു സമരങ്ങളും മാത്രമേ പുറത്തേക്കു കണ്ടുവരാറുള്ളൂ. എന്നാല്‍, രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഭരണത്തില്‍ വരാനും ഭരണം നിലനിര്‍ത്താനുമുള്ള ചര്‍ച്ചകളും പരിശ്രമങ്ങളും ഫലപ്രദമായി നടത്തിക്കൊണ്ടിരുന്നു.ആവശ്യമായ മുന്നൊരുക്കങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നപ്പോള്‍ പാര്‍ട്ടികള്‍ക്കു യാതൊരുവിധ അങ്കലാപ്പും ഉണ്ടായില്ല. അവസാന നിമിഷങ്ങളില്‍ ഗ്രൂപ്പ് തര്‍ക്കങ്ങളും പിണക്കങ്ങളുമായി കഴിയാറുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയാണു നാലഞ്ചു മാസങ്ങള്‍ക്കു മുമ്പു തന്നെ സമര്‍ഥമായ തിരഞ്ഞെടുപ്പു പ്രവര്‍ത്തനം തുടങ്ങിയത്. അതാണെങ്കില്‍ രഹസ്യമായ പ്രവര്‍ത്തനവുമായിരുന്നു. സാധാരണഗതിയില്‍ നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരെ ചേര്‍ക്കലും വോട്ടര്‍പ്പട്ടികകള്‍ സൂക്ഷ്മമായി പരിശോധിക്കലും കോണ്‍ഗ്രസ്സിന്റെ പണിയായിരുന്നില്ല. ഇടതുപക്ഷമാണു തങ്ങള്‍ക്കനുകൂലമായി സമര്‍ഥമായി ഈ പ്രവര്‍ത്തനങ്ങള്‍ നടത്താറുള്ളത്. വോട്ടര്‍പ്പട്ടിക വരുമ്പോള്‍ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി പ്രതിഷേധം പ്രകടിപ്പിക്കുക മാത്രമേ കോണ്‍ഗ്രസ് ചെയ്യാറുള്ളൂ. ഇത്തവണ സ്ഥിതി മാറി. ഓരോ നിയോജകമണ്ഡലങ്ങളിലും വോട്ടര്‍മാരെ ചേര്‍ക്കുന്നതിനു പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. കെപിസിസിയുടെ അറിവോടെ പ്രവര്‍ത്തകര്‍ക്കു ചെലവഴിക്കാനുള്ള തുകയും നല്‍കി. പല മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളായിരുന്നു ഇതിനു നേതൃത്വം നല്‍കിയിരുന്നത്. എങ്കിലും സംസ്ഥാന വ്യാപകമായി വോട്ടര്‍മാരെ ചേര്‍ക്കല്‍ പ്രവര്‍ത്തനം ആദ്യമായി കോണ്‍ഗ്രസ്സും യുഡിഎഫും നടത്തി. ഇതൊക്കെ നിയന്ത്രിക്കാന്‍ കെപിസിസി ആസ്ഥാനത്ത് നേതാക്കളുമുണ്ടായി.ഓരോ നിയോജകമണ്ഡലങ്ങളിലും വോട്ടര്‍പ്പട്ടിക അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കെ ഇതു പരിശോധിക്കുന്നതിനായി ഡല്‍ഹി കേന്ദ്രമായ ഒരു ഇവന്റ് മാനേജ്‌മെന്റിനെ കെപിസിസി നിയോഗിച്ചു. ഉന്നതമായ ബിരുദങ്ങള്‍ നേടിയ കണ്ണൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. തികച്ചും യാദൃച്ഛികമായാണ് കെപിസിസി ഇങ്ങനെയൊരു ദൗത്യം എറ്റെടുത്തത്. വിദേശത്തു നിന്നു നാട്ടിലെത്തിയ മേല്‍ പറഞ്ഞ സ്ഥാപന ഉടമ തന്റെ പേര് വോട്ടര്‍പ്പട്ടികയില്‍ പരിശോധിച്ചപ്പോള്‍ കാണാനില്ല. തനിക്കറിയാവുന്ന ജീവിച്ചിരിക്കുന്ന പലരുടെയും പേരുകള്‍ അതിലില്ല. മറിച്ച് അവിടെ താമസക്കാരല്ലാത്ത പലരുടെയും പേരുകള്‍ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ പല നിയോജകമണ്ഡലങ്ങളിലെയും വോട്ടര്‍പ്പട്ടിക ഓടിച്ചു നോക്കിയ അദ്ദേഹം ഞെട്ടിപ്പോയി എന്നാണു പറയുന്നത്. തുടര്‍ന്ന് അദ്ദേഹം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു കത്തെഴുതി. നിയമസഭാ തിരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടര്‍പ്പട്ടികയില്‍ വ്യാപകമായ ക്രമക്കേടുകള്‍ ഉണ്ട്. ലക്ഷക്കണക്കിനു കള്ള വോട്ടര്‍മാര്‍ ഇതില്‍ കടന്നുകൂടിയിട്ടുണ്ട്. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ വിളിച്ചുവരുത്തി വിശദമായി സംസാരിച്ചു പട്ടിക പരിശോധിക്കാനുള്ള ദൗത്യം ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഇതിനു വേണ്ട ചെലവുകള്‍ കെപിസിസിയാണു വഹിച്ചത്. കേരളത്തില്‍ ആദ്യമായാണ് കോണ്‍ഗ്രസ് ഇത്തരത്തില്‍ ഒരു വോട്ടര്‍പ്പട്ടിക പരിശോധന ഏര്‍പ്പെടുത്തുന്നത്. ഉന്നത ബിരുദങ്ങള്‍ നേടിയ മിടുക്കന്‍മാരായ പ്രതിനിധികള്‍ കേരള വ്യാപകമായി സഞ്ചരിച്ചു സമഗ്രമായ റിപോര്‍ട്ട് കെപിസിസിക്കു നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കിയത്. സര്‍ക്കാരും കമ്മീഷനും അടിയന്തരമായി ഇടപെട്ടതിന്റെ ഫലമായി വോട്ടര്‍പ്പട്ടികയില്‍ നിന്നു 15 ലക്ഷത്തോളം പേരെ ഒഴിവാക്കി. ഓരോ ജില്ലയിലും ഒരു ലക്ഷത്തിലധികമുള്ള കള്ള വോട്ടര്‍മാര്‍ കടന്നു കൂടി എന്നു മനസ്സിലാക്കണം. ഇരട്ട വോട്ടുകളാണ് ഒഴിവാക്കിയതില്‍ ഭൂരിഭാഗവും. കല്യാണം കഴിച്ച സ്ത്രീകളെ അവരുടെ വീടുകളിലും ഭര്‍ത്താവിന്റെ വീടുകളിലും വോട്ട് ചേര്‍ക്കുന്നതാണ് ഇതിലധികവും. കാലാകാലങ്ങളായി ഇടതു പക്ഷം വിശിഷ്യാ സിപിഎം വോട്ടര്‍പ്പട്ടികകളില്‍ നടത്തി വരുന്ന ഏര്‍പ്പാടാണ് ഇത്തവണ പൊളിഞ്ഞത്.വോട്ടര്‍പ്പട്ടിക കുറ്റമറ്റതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ തന്നെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സമരങ്ങളുമായി രംഗത്തിറങ്ങിയത് ഓര്‍ക്കേണ്ടതാണ്. വോട്ടര്‍പ്പട്ടികയുമായി നടന്ന യഥാര്‍ഥ സംഗതികള്‍ ചാനലുകളും പത്രങ്ങളും അറിഞ്ഞില്ല. കെപിസിസി അതു പരസ്യപ്പെടുത്തിയതുമില്ല. ഏതായാലും വോട്ടര്‍പ്പട്ടിക വിഷയത്തില്‍ ജയം യുഡിഎഫിനാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണിയാണെങ്കില്‍ തിരഞ്ഞെടുപ്പിന്റെ കാലൊച്ച കേട്ടാല്‍ വോട്ടര്‍പ്പട്ടിക നേരെയാക്കല്‍ അവരുടെ പ്രധാന അജണ്ടായാണ്. അതു കൊണ്ട് അവരെ സംബന്ധിച്ച് ഈ പ്രവര്‍ത്തനം പ്രത്യേകം എടുത്തുപറയേണ്ടതില്ല. എന്നാല്‍ ഇത്തവണ തങ്ങളുടെ ഉറച്ച വോട്ടുകള്‍ പട്ടികയില്‍ നിന്നു നീക്കം ചെയ്തപ്പോള്‍ നിസ്സഹായരായി നോക്കിനില്‍ക്കാനെ അവര്‍ക്കു കഴിഞ്ഞുള്ളൂ. ബിജെപിയും ഇത്തവണ വോട്ടര്‍മാരെ ചേര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ സജീവമായി നടത്തി. രാഷ്ട്രീയ ജാഥകളിലൂടെ അണികളെ ആവേശ ഭരിതമാക്കാന്‍ പാര്‍ട്ടികള്‍ക്കു കഴിഞ്ഞിട്ടുണ്ട്. യുഡിഎഫിനും എല്‍ഡിഎഫിനും മൂന്നാം മുന്നണിക്കും പണത്തിന്റെ യാതൊരു പഞ്ഞവും തുടക്കംമുതലില്ല.തിരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ മാണി കേരളാ കോണ്‍ഗ്രസ് ബിജെപി മുന്നണിയിലേക്കു പോവുമെന്നും യുഡിഎഫില്‍ ഉറച്ചു നിര്‍ക്കുന്ന ജനതാദള്‍ വീരന്‍ വിഭാഗം ഇടതു പക്ഷത്തേക്കു മാറുമെന്നും പ്രചാരണം ഉണ്ടായിരുന്നു. മാണി കേരളയില്‍ നിന്നു കുറച്ചു പേര്‍ വിട്ടുപോവുകയും എം പി വീരേന്ദ്രകുമാറിനെ രാജ്യസഭാ മെംബറാക്കുകയും ചെയ്തതോടെ മറുകണ്ടംചാടല്‍ നടക്കാതെ പോയി. വയസ്സായ പ്രതിപക്ഷ നേതാവിനു സീറ്റ് കൊടുത്തില്ലെങ്കില്‍ നടക്കാന്‍ പോവുന്ന നാടകങ്ങള്‍ കാണാമെന്നു ജനങ്ങള്‍ കണക്കു കൂട്ടി. ആദരവോടെ അദ്ദേഹത്തിനു സീറ്റ് നല്‍കിയപ്പോള്‍ നാടകങ്ങള്‍ മാറ്റിവച്ചു. ഭരണം ലഭിച്ചാല്‍ മുഖ്യമന്ത്രി പദവിക്കു വേണ്ടി ഈ നാടകങ്ങള്‍ അവതരിപ്പിക്കാമെന്നു ചിലര്‍ കരുതുന്നുണ്ടാവാം. കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി’വിശേഷിപ്പിക്കപ്പെടുന്ന പി സി ജോര്‍ജ് ഒറ്റയ്ക്കായി പോയതാണ് കൗതുകമായത്. തിരഞ്ഞെടുപ്പിനു സമയം അധികം കിട്ടിയതിനാല്‍ സീറ്റ് വിഭജന-സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കു മതിയായ സമയം ലഭിച്ചു. മുന്നണികളും രാഷ്ട്രീയപ്പാര്‍ട്ടികളും സമയം കിട്ടിയത് അനുഗ്രഹമായി ആദ്യം കരുതിയെങ്കിലും ചര്‍ച്ചകള്‍ അനിശ്ചിതമായി നീണ്ടു പോവാന്‍ ഇതു കാരണമായി. മുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ എക്കാലത്തേയും പോലെ കീറാമുട്ടിയായി. മുന്നണികളിലെ ഘടക കക്ഷികളുടെ അമിതമായ അവകാശവാദങ്ങളാണു കാരണം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെയും ഐക്യ ജനാധിപത്യ മുന്നണിയിലെയും ചില ചെറു കക്ഷികള്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കുന്നതു തലവേദനയാവുന്നു. മല്‍സരിക്കാന്‍ ആളില്ലാത്ത മണ്ഡലങ്ങളില്‍ പോലും സീറ്റ് ചോദിക്കുന്ന സ്ഥിതിയാണ്.മുമ്പൊരിക്കലും ഇല്ലാത്ത വിധം കോണ്‍ഗ്രസ്സില്‍ കര്‍ശനമായ നിലപാട് സീറ്റ് വിഭജന ചര്‍ച്ചയില്‍ പ്രകടമായി. തങ്ങളുടെ സിറ്റിങ് സീറ്റുകള്‍ യാതൊരു കാരണവശാലും വിട്ടു കൊടുക്കില്ലെന്നും ഘടക കക്ഷികള്‍ക്ക് അധിക സീറ്റുകള്‍ നല്‍കില്ലെന്നും കെസിപിസി നിലപാടു സ്വീകരിച്ചു. പ്രസിഡന്റ് വി എം സുധീരനെ  ഇക്കാര്യത്തില്‍ അഭിനന്ദിക്കണം. സാഹചര്യം മനസ്സിലാക്കി  മുസ്‌ലിംലീഗ് പോലും ഒരു സീറ്റ് അധികം ചോദിച്ചിട്ടില്ല. അധികം സീറ്റുകള്‍ക്കു വേണ്ടിയുള്ള മാണി കേരളയുടെ ഭീഷണികള്‍ക്കു മുമ്പിലും വഴങ്ങിയില്ല.  ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗത്തിന്റെയും ആര്‍എസ്പിയുടെയും അമിതമായ അവകാശവാദങ്ങള്‍ കോണ്‍ഗ്രസ് അംഗീകരിച്ചില്ല.ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ സിപിഎം കര്‍ശന നിലപാടു കൈക്കൊണ്ടു. പതിവു പോലെ സിപിഐയുടെ അവകാശവാദങ്ങള്‍ പാര്‍ട്ടി അംഗീകരിച്ചില്ല. സീറ്റ് വിഭജന ചര്‍ച്ചകള്‍ രണ്ടു മുന്നണിയിലും രമ്യമായി പരിഹരിക്കപ്പെട്ടു. മുന്നണിക്കു പിന്തുണ നല്‍കുന്ന പാര്‍ട്ടികളെയും സംഘടനകളെയും ഉള്‍ക്കൊള്ളാനുള്ള നടപടികളും എളുപ്പം പൂര്‍ത്തിയാവും. ഇക്കാര്യങ്ങൡ നേരത്തേ തന്നെ ചില ധാരണകളും ഉറപ്പുകളും ഉണ്ടാക്കിവച്ചിട്ടുണ്ട്.  ഒരു ഭാഗത്തു സീറ്റ് വിഭജനം പൂര്‍ത്തിയാവുന്നതോടപ്പം ഓരോ പാര്‍ട്ടിയിലെയും സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാവുന്നു. ഗ്രൂപ്പ് കളിച്ചാല്‍ ഉത്തരേന്ത്യയിലെ അനുഭവം ഇവിടെയും ഉണ്ടാവുമെന്നും എ കെ ആന്റണി തന്നെ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. പല ജില്ലകളിലും വിഭാഗീയതയും ചേരിപ്പോരും രൂക്ഷമാണെങ്കിലും സിപിഎം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വലിയ തര്‍ക്കങ്ങള്‍ പ്രകടമായില്ല. ചില പ്രദേശങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുകയും ചെയ്തതു പാര്‍ട്ടിനേതാക്കളെ ഞെട്ടിച്ചു. വടക്കാഞ്ചേരിയില്‍ കെപിഎസി ലളിതയുടെ പിന്‍മാറ്റമാണ് സിപിഎമ്മിന് ഏറെ ക്ഷീണം ഉണ്ടാക്കിയത്.സിപിഎമ്മിന്റെയും ഇടതു ജനാധിപത്യ മുന്നണിയുടെയും സ്ഥാനാര്‍ഥിപ്പട്ടികയ്‌ക്കെതിരേ പ്രതിഷേധം ഉണ്ടാവാന്‍ സാധ്യതയില്ല. കോണ്‍ഗ്രസ്സിന്റെ പട്ടികയ്‌ക്കെതിരേ പ്രതിഷേധം ഉണ്ടാവും. അതു പരസ്യമാവില്ല. സ്വന്തം സ്ഥാനാര്‍ഥികളെ കാലുവാരിക്കൊണ്ട് കോണ്‍ഗ്രസ്സുകാര്‍ പ്രതിഷേധം പ്രകടിപ്പിക്കും. അതാണ് അവരുടെ ശീലം.തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായി പുതിയ മുഖങ്ങള്‍ വരുമെന്നും സ്ഥിരമായ മുഖങ്ങളെ മാറ്റണമെന്നുമുള്ള ശക്തമായ അഭിപ്രായം എല്ലാ പാര്‍ട്ടികളിലും ഉണ്ടായി. മുഖങ്ങളില്‍ മാറ്റമുണ്ടായില്ലെങ്കിലും അങ്ങനെ അഭിപ്രായം ഉണ്ടായതു തന്നെ ജനാധിപത്യത്തിനു കരുത്തു നല്‍കും.    $
Next Story

RELATED STORIES

Share it