Flash News

അമിതഫീസ് താങ്ങാനാവാതെ തമിഴ്‌നാട്ടില്‍ മൂന്ന് വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്തു

വില്ലുപുരം : കോളജ് അധികൃതര്‍ ചുമത്തിയ അമിതഫീസ് താങ്ങാനാവാതെ  തമിഴ്‌നാട്ടില്‍ മൂന്ന് വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്തു. വില്ലുപുരത്തിന് സമീപം കല്ലക്കുറിച്ചിയിലെ എസ്‌വൈഎസ് യോഗ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനികളായ മൂന്നു പേരാണ് കനത്ത ഫീസും മാനേജ് മെന്റിന്റെ പീഡനങ്ങളും സഹിക്കാനാവാതെയെന്ന് ആത്മഹത്യക്കുറിപ്പെഴുതി ജീവനൊടുക്കിയത്. കോളജിലെ നാചുറോപ്പതി വിദ്യാര്‍ഥിനികളായ ശരണ്യ,(18), പ്രിയങ്ക (18), മോനിഷ(19) എന്നിവരാണ് മരിച്ചത്.
കോളജ് ചെയര്‍മാന്‍ വാസുകി സുബ്രഹ്മണ്യനാണ് തങ്ങളുടെ മരണത്തിന് ഉത്തരവാദിയെന്നും ഇവര്‍ രണ്ടു പേജുള്ള ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ മരണത്തിലൂടെ ചെയര്‍മാനെതിരെ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും വിദ്യാര്‍ഥിനികള്‍ കത്തില്‍ എഴുതിയിട്ടുണ്ട്. വാസുകി സുബ്രഹ്മണ്യന്‍ ഒളിവിലാണ്. ഇവരുടെ മകന്‍ സുഖി വര്‍മയെ പോലീസ് അറസ്റ്റ് ചെയ്തു.
അമിതഫീസ് ചുമത്തുന്നുവെന്നാരോപിച്ച് ഏറെക്കാലമായി കോളജില്‍ സമരങ്ങള്‍ നടന്നു വരികയാണ്. കഴിഞ്ഞ വര്‍ഷം രണ്ടുതവണ ഇതിന്റെ പേരില്‍ വിദ്യാര്‍ഥികളുടെ ആത്മഹത്യാശ്രമങ്ങളുമുണ്ടായി. രശീതി പോലും നല്‍കാതെ ആറു ലക്ഷത്തോളം രൂപ കോളജ് ഈടാക്കുന്നതായും ഫീസിനനുസരിച്ച സൗകര്യങ്ങള്‍ കോളജില്‍  ഇല്ലായെന്നും മരിച്ച പെണ്‍കുട്ടികള്‍ ആത്മഹത്യാക്കുറിപ്പില്‍ ആരോപിക്കുന്നു. സ്റ്റേറ്റ് പബ്ലിക് യൂണിവേഴ്‌സിറ്റി എന്ന വിഭാഗത്തിലുള്ള സ്വകാര്യ അണ്‍എയിഡഡ് മാനേജ് മെന്റിന് കീഴിലുള്ള ഡോ. എം ജി ആര്‍ മെഡിക്കല്‍ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത കോളജാണിത്. കേന്ദ്രമാനവവിഭവശേഷിമന്ത്രാലയത്തിന്റെ ഓള്‍ഇന്ത്യാ സര്‍വേ ഓഫ് ഹയര്‍എജുക്കേഷന്‍ പ്രോഗ്രാമിന് കീഴിലാണ് കോളജിന്റെ പ്രവര്‍ത്തനം.
Next Story

RELATED STORIES

Share it