kasaragod local

അധ്യാപകരും ഉന്നത ഉദ്യോഗസ്ഥരുമില്ല; വിദ്യാഭ്യാസ മേഖല താളം തെറ്റുന്നു

കാഞ്ഞങ്ങാട്: സംസ്ഥാനത്തെ സ്‌കൂളുകള്‍ മധ്യവേനലവധി കഴിഞ്ഞ് നാളെ തുറക്കാനിരിക്കെ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറും നൂറോളം സ്‌കൂളുകളില്‍ പ്രധാന അധ്യാപകരുമില്ലാത്തത് സ്‌കൂളുകളുടെ പ്രവര്‍ത്തനം താളം തെറ്റും. മതിയായ വേനല്‍ മഴ ലഭിക്കാത്തതിനാല്‍ ജില്ലയിലെ മിക്ക സ്‌കൂളുകളിലും ജലക്ഷാമവും രൂക്ഷമാണ്.
സര്‍ക്കാര്‍ തലത്തില്‍ വിദ്യാലയങ്ങളില്‍ പ്രവേശനോല്‍സവങ്ങള്‍ പൊടിപൊടിക്കുമ്പോഴും പല വിദ്യലയങ്ങളും നാഥനില്ലാ കളരിതന്നെയാണ്. പ്രിന്‍സിപ്പല്‍മാരില്ലാതെ അധ്യയനമാരംഭിക്കാന്‍ പോകുന്നത് 20ഓളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലാണ്.
പ്രൈമറി തലത്തില്‍ മാത്രം 27 സ്‌കൂളുകളിലും 60ഓളം ഹൈസ്‌കൂളുകളിലും പ്രധാന അധ്യാപകരില്ല. പ്രമോഷനും സ്ഥലംമാറ്റവും കൃത്യമായി നടക്കാത്തതാണ് വിദ്യാഭ്യാസ മേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. സാധാരണ നിലയില്‍ ഓരോവര്‍ഷവും 325 ഓളം അധ്യാപകരെയാണ് സംസ്ഥാനത്ത് പ്രമോഷന്‍ വഴി പ്രധാനാധ്യാപകരായി നിയമിക്കുന്നത്. ഇത് മെയ് മാസം ആദ്യത്തോടെ നടക്കാറാണ് പതിവ്. എന്നാല്‍ മെയ്മാസം തിരഞ്ഞെടുപ്പ് വന്നതിനാല്‍ സ്ഥലം മാറ്റലിസ്റ്റ് അനന്തമായി നീളുകയാണ്. ഇതുകാരണം ജില്ലയിലെ വിദ്യാഭ്യാസ മേഖല താളം തെറ്റും.
കാസര്‍കോട് ഡിഡിഇ വിരമിച്ചതിനാല്‍ പുതിയ നിയമനം നടന്നിട്ടില്ല. തിരഞ്ഞെടുപ്പ് സംബന്ധിച്ച ചട്ടം നിലനിന്നതിനാലാണ് പലര്‍ക്കും പ്രമോഷനും സ്ഥലം മാറ്റവും വൈകിയത്. ഇത് ഉടന്‍ നടന്നാല്‍ മാത്രമേ ജില്ലയിലെ വിദ്യാഭ്യാസ മേഖലയില്‍ ഉണര്‍വ് വരികയുള്ളു. പാഠപുസ്തകങ്ങള്‍ ഏറെകുറെ എത്തിയിട്ടുണ്ടെങ്കിലും അധ്യാപക ക്ഷാമം കാരണം ഈ അധ്യായന വര്‍ഷം കുട്ടികള്‍ക്ക് ദുരിത പഠനമാണ് സമ്മാനിക്കുക. പുതിയ ഡിഡിഇ എത്താത്തതിനാല്‍ ജില്ലയിലെ അധ്യാപകരുടെ സ്ഥലം മാറ്റം സംബന്ധിച്ച് വ്യക്തമായ തീരുമാനമെടുക്കാനായിട്ടില്ല.
ഇപ്പോള്‍ തന്നെ പല സ്‌കൂളുകളിലും അധ്യാപക ക്ഷാമമുണ്ട്. വിരമിച്ച അധ്യാപകര്‍ക്ക് പകരമായി ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. സ്‌കൂള്‍ കുട്ടികളുടെ അധ്യാപകരുടെ അനുപാതം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. നിലവില്‍ 1:30 പ്രകാരമാണ് പലേടത്തും അധ്യാപകരെ നിയമിച്ചിട്ടുള്ളത്. എന്നാല്‍ പുതിയ നിയമപ്രകാരം 1:45 ആകുന്നതോടെ അധ്യാപക ക്ഷാമം രൂക്ഷമാകും. ഇതുസംബന്ധിച്ച് ഈ വര്‍ഷമെങ്കിലും വ്യക്തമായ ഓര്‍ഡര്‍ പുറത്തിറക്കണമെന്നാണ് അധ്യാപകര്‍ പറയുന്നത്.
ചിലയിടത്ത് 50 കുട്ടികള്‍ക്ക് ഒരധ്യാപകനെന്ന തോതിലും മറ്റു ചിലയിടത്ത് 20 കുട്ടികള്‍ക്ക് ഒരധ്യാപകന്‍ എന്ന നിലയിലും സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചുവന്നിരുന്നു. ഡിഡിഇ ഇല്ലാത്തതിനാല്‍ ആര്‍എംഎസ്എ സ്‌കൂളുകളുടെ പ്രവര്‍ത്തനം സങ്കീര്‍ണമാകും. ഡിഡിഇയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ആര്‍എംഎസ്എ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ ഇനിയും ഒരുപാട് വിദ്യാലയങ്ങള്‍ ജില്ലയിലണ്ടെന്നാണ് കണക്ക്.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ഓളം സ്ഥലങ്ങളില്‍ മൂത്രപ്പുരകളില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. 26 സ്‌കൂളുകളില്‍ പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കാനും സൗകര്യങ്ങളില്ല. വേനല്‍ മഴലഭിക്കാത്തതിനാല്‍ 25 ശതമാനം സ്‌കൂളുകളില്‍ കുടിവെള്ളക്ഷാമം നേരിടുന്നുണ്ട്. ഈ അവസ്ഥയില്‍ സ്‌കൂള്‍ തുറക്കുന്നത് നീട്ടിവെക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it