wayanad local

അധികൃതരുടെ അനാസ്ഥ; പുല്‍പ്പള്ളി മേഖലയില്‍ ആധുനിക അറവുശാലയില്ല

പുല്‍പ്പള്ളി: മേഖലയിലെ പഞ്ചായത്തുകളില്‍ ആധുനിക സൗകര്യങ്ങളുള്ള അറവ് ശാലകളില്ലാത്തത് മാംസം വില്‍പ്പന പ്രതിസന്ധിയിലാക്കി. അറവ് ശാലയില്ലാത്തതിനാല്‍ നിബന്ധനകളും നിയമങ്ങളും അനുസരിച്ച് മാംസം വില്‍പന നടത്താന്‍ കച്ചവടക്കാര്‍ക്ക് കഴിയുന്നില്ല. ആരോഗ്യ സുരക്ഷ ഉറപ്പാക്കി മാംസം വാങ്ങാന്‍ നാട്ടുകാര്‍ക്കും ഹോട്ടലുകാര്‍ക്കും സാധിക്കുന്നുമില്ല.
ഓരോ പഞ്ചായത്തുകളിലും മത്സ്യ-മാംസ മാര്‍ക്കറ്റിനോടനുബന്ധിച്ച് ആധുനിക അറവ്ശാലകള്‍ ഉണ്ടായിരിക്കണമെന്നാണ് നിയമം. മാംസ ആവശ്യത്തിന് കൊല്ലുന്ന കന്നുകാലികളെ തലേന്ന്തന്നെ അറവ് ശാലയിലെത്തിച്ച് മൃഗഡോക്ടറെകൊണ്ട് പരിശോധന നടത്തി അവ ആരോഗ്യമുള്ള കാലിയാണെന്നും രോഗങ്ങളില്ലെന്നുമുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരിക്കണമെന്നും നിയമം നിഷ്‌കര്‍ഷിക്കുന്നു.
മൃഗഡോക്ടറുടെ സാന്നിധ്യത്തില്‍ മാത്രമേ കാലികളെ കൊല്ലാന്‍ പാടുള്ളുവെന്നും പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കിയ കാലികളെതന്നെയാണ് കൊല്ലുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും നിയമത്തില്‍ പറയുന്നുണ്ട്. കൊല്ലുന്ന കാലികളുടെ ശരീരാവശിഷ്ടങ്ങള്‍ അറവ് ശാലയില്‍തന്നെ സംസ്‌ക്കരിക്കാന്‍ സൗകര്യമുണ്ടായിരിക്കണമെന്നും അറവ് ശാലകള്‍ ഗ്രാമപ്പഞ്ചായത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കണം നടത്തേണ്ടതെന്നും കര്‍ശന നിയമവും നിര്‍ദേശവുമുണ്ട്. എന്നാല്‍ പുല്‍പ്പള്ളി മേഖലയിലെ ഒരു പഞ്ചായത്തില്‍പോലും ഈ വ്യവസ്ഥകളൊന്നും പാലിക്കപ്പെടുന്നില്ല.
മത്സ്യ-മാംസമാര്‍ക്കറ്റ് പഞ്ചയാത്തുകളുടെ നേരിട്ടുള്ള നിയന്ത്രണത്തിലുമല്ല. സ്വകാര്യ മേഖലയില്‍ നടത്തുന്ന മാര്‍ക്കറ്റുകളില്‍ പഞ്ചായത്തുകള്‍ക്ക് ഒരു നിയന്ത്രണവുമില്ലാത്തതിനാല്‍ മാംസ കച്ചവടം വളരെ ദയനീയമായ അവസ്ഥയിലാണ്.
ഏത് തരത്തിലുള്ള കാലികളെയാണ് കൊല്ലുന്നതെന്നും അവക്ക് എന്തെങ്കിലും രോഗമുള്ളവയാണോ എന്ന് പോലും മാസം വാങ്ങുന്നവര്‍ അറിയുന്നില്ല. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകള്‍ക്ക് പ്രയോജനകരമായ വിധത്തില്‍ പനമരം ബ്ലോക്കിന്റെ ആഭിമുഖ്യത്തില്‍ ഒരു അറവ്ശാല സ്ഥാപിച്ചാല്‍ ആശങ്കകളില്ലാതെ ഈ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെങ്കിലും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Next Story

RELATED STORIES

Share it