Editorial

അക്ഷയതൃതീയ എന്ന വ്യാപാരത്തട്ടിപ്പ്

അക്ഷയതൃതീയ ദിനമായ മിനിഞ്ഞാന്ന് കേരളത്തില്‍ 300 കോടി രൂപയുടെ ആഭരണങ്ങളാണ് വിറ്റഴിഞ്ഞത്. പക്ഷേ, കച്ചവടം വിചാരിച്ചപോലെ 'പൊടിപൊടിച്ചി'ല്ലെന്നാണ് സ്വര്‍ണാഭരണ വില്‍പനശാലക്കാരുടെ പരാതി. സ്വര്‍ണത്തിന്റെ ഉയര്‍ന്ന വിലയും തിരഞ്ഞെടുപ്പുകാലത്ത് പണം കൊണ്ടുനടക്കുന്നതിനുമേലുള്ള കര്‍ശന പരിശോധനയും മൂലം സ്വര്‍ണം വാങ്ങാന്‍ ആളുകള്‍ കുറഞ്ഞു. ഇതര സംസ്ഥാനങ്ങളിലും ഇതുതന്നെയായിരുന്നു സ്ഥിതി. ജനങ്ങള്‍ക്ക് കൈവരാനിരിക്കുന്ന ഐശ്വര്യങ്ങള്‍ കുറഞ്ഞുപോയല്ലോ എന്ന വേവലാതിയിലാണ് ജ്വല്ലറിക്കാര്‍. നടത്തുന്നത് ആഭരണക്കച്ചവടമാണെങ്കിലും 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന് പ്രാര്‍ഥിക്കുന്നുണ്ടാവാം അവരും.
കച്ചവടം കുറഞ്ഞു എന്ന് ആഭരണ വില്‍പനക്കാര്‍ പരാതിപ്പെടുന്നുണ്ടെങ്കിലും കേരളത്തെ സംബന്ധിച്ചിടത്തോളം 300 കോടി ചില്ലറയൊന്നുമല്ല. സാധാരണ ദിവസങ്ങളില്‍ നടക്കുന്ന വില്‍പനയുടെ നാലിരട്ടിയാണ് ഇത്. തികഞ്ഞ അന്ധവിശ്വാസത്തിന്റെ പേരിലാണ് ഒരു പ്രത്യേക ദിവസം സ്വര്‍ണം വാങ്ങിക്കൂട്ടാന്‍ ആളുകള്‍ ജ്വല്ലറിയില്‍ തടിച്ചുകൂടുന്നത് എന്നതാണ് വിചിത്രം. അക്ഷയതൃതീയ ദിവസം സ്വര്‍ണം വാങ്ങിയാല്‍ ഐശ്വര്യമുണ്ടാവുമെന്നത് ആഭരണ വില്‍പനക്കാരുടെ പ്രചാരണതന്ത്രം മാത്രമാണെന്നു തിരിച്ചറിയാന്‍ പ്രബുദ്ധരെന്ന് അഭിമാനിക്കുന്ന കേരളീയര്‍ക്കുപോലും സാധിക്കുന്നില്ല. ജാതി-മത ഭേദമെന്യേ ഐശ്വര്യം ഒറ്റയടിക്ക് കൈയില്‍ വരാന്‍ വേണ്ടി ആഭരണക്കടയ്ക്കു മുമ്പില്‍ തിക്കിത്തിരക്കുന്നവരെ വിഡ്ഢികള്‍ എന്നല്ലാതെ മറ്റെങ്ങനെയാണു വിശേഷിപ്പിക്കേണ്ടത്?
അക്ഷയതൃതീയ ദിവസത്തിന് വല്ല പ്രത്യേകതയുമുണ്ടെങ്കില്‍ തന്നെ അതിന് സ്വര്‍ണക്കച്ചവടവുമായി യാതൊരു ബന്ധവുമില്ല. ശ്രീകൃഷ്ണന്റെ ജ്യേഷ്ഠസഹോദരനായ ബലരാമന്റെ ജന്മദിനമാണ് അക്ഷയതൃതീയ എന്നും ഈ ദിവസം ദാനധര്‍മങ്ങള്‍ക്കുള്ളതാണെന്നും ദാനം നല്‍കുന്നതിലൂടെ അക്ഷയമായ ഐശ്വര്യം കൈവരുമെന്നും ഒരു ഐതിഹ്യം നിലവിലുണ്ട്. ഈ ഐതിഹ്യത്തിന്റെ മറപിടിച്ച് സ്വര്‍ണം വാങ്ങി ഐശ്വര്യമുണ്ടാക്കാം എന്ന വ്യാപാരതന്ത്രം ആഭരണ വില്‍പനക്കാര്‍ ഉണ്ടാക്കിയെടുക്കുകയും അതില്‍ പൊതുജനം വീണുപോവുകയുമാണു ചെയ്യുന്നത്. അക്ഷയതൃതീയ ദിനത്തിന് വല്ല സവിശേഷതയും കല്‍പിക്കാമെങ്കില്‍ത്തന്നെ അതു വാങ്ങാനുള്ള ദിവസമല്ല, കൊടുക്കാനുള്ളതാണ് എന്നതത്രെ. എന്നിട്ടും ജനങ്ങള്‍ ഇത്തരം തട്ടിപ്പുകളില്‍ അകപ്പെട്ടുപോവുന്നു. ഇവയ്‌ക്കെതിരേ ഫലപ്രദമായ ബോധവല്‍ക്കരണം നടത്താന്‍ നമ്മുടെ നാട്ടില്‍ ആളില്ലാതെ പോവുകയും ചെയ്യുന്നു. കഷ്ടം!
എന്നാല്‍, ഇത്തരത്തിലുള്ള വ്യാജ പ്രചാരവേലകള്‍ കച്ചവടത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല എന്നത് വേറെ കാര്യം. ഇന്നിപ്പോള്‍ നമ്മുടെ നാട്ടില്‍ രാഷ്ട്രീയം പോലും അന്ധവിശ്വാസങ്ങളെ മൂലധനമാക്കിയ കച്ചവടമായി മാറുകയാണല്ലോ.
Next Story

RELATED STORIES

Share it