അംഗീകാരമില്ലാത്ത നൂഡില്‍സ്: ബാബാ രാംദേവിന് നോട്ടീസ്

ന്യൂഡല്‍ഹി: ഗുണനിലവാരം ഉറപ്പുവരുത്താതെയും അംഗീകാരം നേടാതെയും നൂഡില്‍സ് വിപണിയിലിറക്കിയതിന് യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദയ്ക്ക് ഭക്ഷ്യ സുരക്ഷാ അതോറിറ്റി നോട്ടീസയച്ചു. അനുമതിയില്ലാതെ ഇന്‍സ്റ്റന്റ് നൂഡില്‍സ് ഉല്‍പാദിപ്പിച്ചതിന് നിര്‍മാതാക്കളായ ആകാശ് യോഗയ്ക്കും നോട്ടീസയച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ അതോറിറ്റി ചെയര്‍മാനും ആക്ടിങ് സിഇഒയുമായ ആശിഷ് ബഹുഗുണയാണ് നോട്ടീസയച്ചിരിക്കുന്നത്.
മാക്രോണി, സ്പഗേറ്റി, വെര്‍മിസെല്ലി ഉള്‍പ്പെടെയുള്ള പാസ്ത ഉല്‍പാദിപ്പിക്കുന്നതിനുള്ള ലൈസന്‍സിന്റെ മറവിലാണ് രാംദേവ് പതഞ്ജലി ആട്ട ന്യൂഡില്‍സ് വിപണിയിലെത്തിച്ചത്. അനുവദനീയമായതില്‍ കൂടുതല്‍ രാസപദാര്‍ഥങ്ങള്‍ ചേര്‍ത്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മാഗി ന്യൂഡില്‍സിന് നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെ വിപണി കീഴടക്കാമെന്ന കണക്കുകൂട്ടലുമായാണ് സംഘപരിവാരവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബാബാ രാംദേവ് പതഞ്ജലി നൂഡില്‍സുമായി രംഗത്തെത്തിയത്. എന്നാല്‍, തങ്ങ ള്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ഒരു നോട്ടീസും ഇതേവരെ ലഭിച്ചിട്ടില്ലെന്നുമാണ് കമ്പനി വക്താവ് എസ് കെ തിജാരവാല പറഞ്ഞത്. നോട്ടീസ് ലഭിച്ചാല്‍ വേണ്ടവിധത്തില്‍ മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാംദേവിന്റെ ന്യൂഡില്‍സിന് അനുമതിയില്ലെന്ന കാര്യം കഴിഞ്ഞ ചൊവ്വാഴ്ച തന്നെ ഭക്ഷ്യ സുരക്ഷാ അതോറിറ്റി വ്യക്തമാക്കിയിരുന്നു. ആരോഗ്യ സമ്പുഷ്ടമെന്നു കാട്ടിയും സര്‍ക്കാര്‍ അംഗീകൃത മുദ്രയുണ്ടെന്ന് അവകാശപ്പെട്ടുമാണ് ബാബാ രാംദേവ് പതഞ്ജലി ആട്ട ന്യൂഡില്‍സ് വിപണിയിലിറക്കിയത്. രാംദേവിന്റെ നൂഡില്‍സിന് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ലൈസന്‍സ് ഇല്ലെന്ന് നേരത്തേ തന്നെ വ്യക്തമായിരുന്നു. പതഞ്ജലി നൂഡില്‍സിന്റെ അംഗീകാരത്തിനായി അപേക്ഷ ലഭിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ തീരുമാനം എടുത്തിരുന്നില്ല. ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് വിപണിയില്‍ ഇറക്കാന്‍ മുന്‍കൂട്ടിയുള്ള അനുമതി ആവശ്യമാണ്. പതഞ്ജലിക്ക് ഇക്കാര്യത്തില്‍ അനുമതി നല്‍കിയിട്ടില്ലെന്ന് ഫുഡ് സേഫ്റ്റി ആന്റ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയര്‍പേഴ്‌സന്‍ ആശിഷ് ബറുവ ആവര്‍ത്തിച്ചു വ്യക്തമാക്കി.
അംഗീകാരമില്ലാതിരുന്നിട്ടും ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ലൈസന്‍സ് നമ്പര്‍ പതിപ്പിച്ചാണ് കഴിഞ്ഞ 16ന് രാംദേവ് ഉല്‍പന്നം വിപണിയിലിറക്കിയത്. അംഗീകാരമില്ലാത്ത ഒരു ഉല്‍പന്നത്തിന് എങ്ങനെയാണ് ലൈസന്‍സ് നമ്പര്‍ ലഭിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ ആശിഷ് ബഹുഗുണ ചോദിച്ചു. പിഴവുകള്‍ പരിഹരിച്ച് തങ്ങള്‍ തിരിച്ചുവരുകയാണെന്ന് മാഗിയുടെ ഉല്‍പാദകരായ നെസ്‌ലേ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയായിരുന്നു പതഞ്ജലി ന്യൂഡില്‍സുമായി ബാബാ രാംദേവ് രംഗത്തെത്തിയത്.
Next Story

RELATED STORIES

Share it