Flash News

ഹോര്‍ത്തൂസ് മലബാറിക്കൂസ്

ഹോര്‍ത്തൂസ്   മലബാറിക്കൂസ്
X
_HORTUS_MALAbar

ഷെഹ്‌സാദ്
ഏഷ്യയിലെ സസ്യങ്ങളുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ള ആദ്യത്തെ ബൃഹദ് ഗ്രന്ഥമാണ് ഹോര്‍ത്തൂസ് മലബാറിക്കൂസ്. മലബാറിന്റെ പൂന്തോട്ടം എന്നാണ് ഈ പേരിന്റെ അര്‍ഥം. കേരളത്തിന്റെ തനതു കാലാവസ്ഥയില്‍ വളര്‍ന്നിരുന്ന 679 സസ്യങ്ങളെ ഉള്‍പ്പെടുത്തി 742 അധ്യായങ്ങളിലായാണ് സസ്യങ്ങളെ അതില്‍ വിവരിക്കുന്നത്. 791 ചിത്രങ്ങളും ഒപ്പമുണ്ട്. അഞ്ച് വ്യത്യസ്ത ഭാഷകളിലായി അവയുടെ അടിക്കുറിപ്പുകളും കൊടുത്തിരിക്കുന്നു. വേരു മുതല്‍ ഫലം വരെ വിവരണം നല്‍കുന്ന രീതിയിലാണ് വിവരക്രമീകരണം. അതില്‍ നമ്മുടെ നാട്ടിലെ തെങ്ങും തേങ്ങാക്കുലയും വാഴക്കുല, ചക്ക, കൈതച്ചക്ക, വെറ്റില തുടങ്ങിയവയെല്ലാമുണ്ട്.

അച്ചടി വളര്‍ച്ചയുടെ ആദ്യഘട്ടങ്ങള്‍ ഹോര്‍ത്തൂസില്‍ കാണാം. ഒരു പേജിന് ഒരച്ച് എന്ന നിലയില്‍ ഫോളിയോ സൈസിലുള്ള വിവരണ പേജുകളും ഇരട്ടഫോളിയോവിലുള്ള ചിത്രപേജുകളും ചെമ്പില്‍ കൊത്തിയെടുത്ത് 1678-1693 കാലത്ത് ആംസ്റ്റര്‍ഡാമില്‍ വച്ചാണ് അച്ചടിച്ചത്. 200 പേജുകളുള്ള 12 വാല്യങ്ങളായാണിത് പൂര്‍ത്തിയാക്കിയത്.

മലയാളത്തിന്റെ ഭാഗ്യം
ആദ്യമായി മലയാളലിപിയില്‍ അച്ചടിക്കപ്പെട്ട ഗ്രന്ഥമാണ് ഹോര്‍ത്തൂസ് മലബാറിക്കൂസ് ഇന്‍ഡിക്കസ്. ഇത് ലാറ്റിനില്‍ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകമാണ്. 12 വാല്യങ്ങളുള്ള ഗ്രന്ഥസമുച്ചയം. ശാസ്ത്ര പണ്ഡിതലോകം ഉപയോഗിച്ചുപോന്ന ഈ ലാറ്റിന്‍ ഗ്രന്ഥത്തില്‍ മൂന്നു നൂറ്റാണ്ടുകള്‍ക്കു മുമ്പെ നമ്മുടെ മലയാളം പതിഞ്ഞു. പുസ്തകത്തെക്കുറിച്ച് മാനുവല്‍ കര്‍ണീറോ, ഇട്ടി അച്യുതന്‍ വൈദ്യര്‍ എന്നിവര്‍ എഴുതിയ സാക്ഷ്യപത്രങ്ങളിലാണ് മലയാളം പതിഞ്ഞത്.  679 സസ്യങ്ങളെ പേരുകളായി എഴുതിയതില്‍ ഒരു ഭാഷ റോമന്‍ മലയാള ലിപിയായിരുന്നു. ഹോര്‍ത്തൂസില്‍ വന്നിരിക്കുന്ന സസ്യവിവരങ്ങള്‍ പ്രധാനമായും വന്നത് ഇട്ടി അച്യുതന്റെ പക്കലുണ്ടായിരുന്ന താളിയോലഗ്രന്ഥത്തില്‍ നിന്നായിരുന്നു. ഇതിനെ ചൊല്‍ക്കെട്ട പൊസ്തകം എന്നാണ് വിളിച്ചിരുന്നത്. കൊങ്കിണി സംസാരിച്ചിരുന്ന ഗൗഡ സാര           സ്വ ബ്രാഹ്മണരുടെ കൈയിലുണ്ടായിരുന്ന മദനപാല നിഘണ്ടുവും ഇതിനുപയോഗിച്ചു. മദനപാലന്‍ രചിച്ച സംസ്‌കൃത ഗ്രന്ഥമായ ഇതിനെ മഹാനിഘണ്ടു എന്നാണ് വിളിച്ചിരുന്നത്.

സസ്യങ്ങളുടെ മലയാള നാമങ്ങള്‍ ശാസ്ത്രലോകത്ത് അറിയപ്പെടാന്‍ കാരണം ഹോര്‍ത്തൂസില്‍ ഉള്‍പ്പെട്ടതാണ്, കാള്‍ ലിനേയസ് സ്പീഷീസ് പ്ലാന്ററം എന്ന പുസ്തകം തയ്യാറാക്കുമ്പോള്‍ ഹോര്‍ത്തൂസിനെ ആധികാരികമായെടുത്തതിനാല്‍, നമ്മുടെ ഭാഷാ പദങ്ങളായ ചെമ്പകം, മുരിങ്ങ, ഇലഞ്ഞി, കണ്ടല്‍ എന്നിവയ്ക്ക് ആഗോള അംഗീകാരം ലഭിച്ചു. ഗ്രന്ഥത്തിന്റെ മൂന്നാം വാല്യത്തിലുള്ള വാന്റീഡിന്റെ കുറിപ്പില്‍ മലയാളനാടിന്റെ പൈതൃകം വസ്തുനിഷ്ഠമായി വിലയിരുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it