World

ഹോങ്കോങില്‍ സ്വാതന്ത്ര്യ അനുകൂല പാര്‍ട്ടിക്ക് വിലക്ക്

ഹോങ്കോങ്: ഹോങ്കോങില്‍ സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്ന ഹോങ്കോങ് നാഷനല്‍ പാര്‍ട്ടിക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി.
ആഭ്യന്തര സുരക്ഷാ സെക്രട്ടറി ജോണ്‍ ലീയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
ദേശീയ താല്‍പ്പര്യം, സുരക്ഷ, മനുഷ്യാവകാശ സംരക്ഷണം എന്നിവ പരിഗണിച്ച് പാര്‍ട്ടിക്ക് വിലക്കേര്‍പ്പെടുത്തുമെന്നു കാണിച്ച് നേരത്തേ ഹോങ്കോങ് സെക്യൂരിറ്റി ബ്യൂറോ പാര്‍ട്ടി നേതാവ് 27കാരനായ ആന്‍ഡിഷാന് നോട്ടീസ് അയച്ചിരുന്നു. പാര്‍ട്ടി ഇതിനു മറുപടി നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍, പിന്നീട് അറിയിപ്പൊന്നുമില്ലാതെ നിരോധന ഉത്തരവിറക്കുകയായിരുന്നു. രണ്ടു വര്‍ഷത്തിനിടെ ഹോങ്കോങിനെ സ്വതന്ത്രമാക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം.
മാതൃരാജ്യമായ ചൈനയ്‌ക്കെതിരേ വെറുപ്പും വിദ്വേഷവും പരത്താന്‍ പാര്‍ട്ടി ശ്രമിക്കുന്നുണ്ടെന്നും അധികൃതര്‍ ആരോപിച്ചു. എന്നാല്‍, നിരോധന ഉത്തരവിനോട് ഷാന്‍ പ്രതികരിച്ചിട്ടില്ല. ബ്രിട്ടിഷ് കോളനിയായിരുന്ന ഹോങ്കോങ് 1997ല്‍ ചൈനയ്ക്കു കൈമാറിയ ശേഷം ആദ്യമായാണ് ഇത്തരത്തിലൊരു നീക്കം. വിമത ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായാണ് ഇതിനെ വിലയിരുത്തുന്നത്.
സ്വയംഭരണ പ്രദേശമായ ഹോങ്കോങിനെ പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തിലാക്കാനുള്ള നീക്കത്തിലാണ് ചൈന.

Next Story

RELATED STORIES

Share it