ഹോക്കിങിലേക്ക് എത്തുമ്പോള്‍

ജെ  രഘു
ആധുനിക ലോകത്തെ അടിസ്ഥാനപരമായി മാറ്റിത്തീര്‍ക്കുകയും ഭൂമിയെ ജീവയോഗ്യമാക്കുകയും ചെയ്ത മഹാശാസ്ത്രജ്ഞരുടെ ചങ്ങലയില്‍ അവസാന കണ്ണിയാണ് സ്റ്റീഫന്‍ ഹോക്കിങിന്റെ നിര്യാണത്തോടെ മനുഷ്യരാശിക്കു നഷ്ടമായിരിക്കുന്നത്.
ഗലീലിയോയിലും ന്യൂട്ടനിലും ആരംഭിക്കുന്ന മഹാപ്രതിഭകളായ ശാസ്ത്രജ്ഞരുടെ വംശാവലിയിലെ അവസാന പ്രതിനിധിയെന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന സ്റ്റീഫന്‍ ഹോക്കിങിനെ നിസ്തുലനാക്കുന്നത്, അത്യപൂര്‍വമായ രോഗത്തെ അസാധാരണ പ്രതിഭ കൊണ്ട് അതിജീവിച്ചു എന്നതാണ്. 20ാം വയസ്സില്‍ ഹോക്കിങിനെ പിടികൂടിയ രോഗത്തെ, 10 വര്‍ഷത്തില്‍ കൂടുതല്‍ ആരും അതിജീവിച്ചിട്ടില്ലാത്ത രോഗത്തെ നിശ്ചയദാര്‍ഢ്യം കൊണ്ട് അരനൂറ്റാണ്ടിലേറെ കാലം തോല്‍പിക്കാനും മഹാശാസ്ത്രജ്ഞരുടെ നിരയിലേക്ക് ഉയരാനും കഴിഞ്ഞുവെന്നത് ഒരു വിസ്മയം തന്നെയാണ്.
ഗവേഷണ പഠനം ആരംഭിച്ച ചെറുപ്രായത്തില്‍ തന്നെ ഹോക്കിങ് രോഗബാധിതനാവുകയുണ്ടായി. അന്നത്തെ വൈദ്യശാസ്ത്ര നിലവാരത്തിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് തനിക്ക് അധികം ആയുസ്സില്ലെന്നു തിരിച്ചറിഞ്ഞ ഹോക്കിങ് തന്റെ ഗവേഷണത്തിന്റെ നിരര്‍ഥകതയോര്‍ത്ത് വിഷാദഗ്രസ്തനായിരുന്നു. ജയിന്‍ വില്‍ഡുമായുള്ള വിവാഹമാണ് ഹോക്കിങിനു പ്രത്യാശ നല്‍കിയത്. വില്‍ഡിന്റെ സ്‌നേഹപരിചരണവും പ്രചോദനവും ഒരര്‍ഥത്തില്‍ ഒരു മഹാപ്രതിഭയെ മനുഷ്യരാശിക്കു വേണ്ടി വീണ്ടെടുക്കുന്ന ധര്‍മം കൂടിയാണ് നിര്‍വഹിച്ചത്.
മഹാശാസ്ത്രജ്ഞരുടെ വംശാവലിയില്‍ അംഗമാവാന്‍ സ്റ്റീഫന്‍ ഹോക്കിങിനെ അര്‍ഹനാക്കുന്നത് അദ്ദേഹം കണികാ ഭൗതികശാസ്ത്രത്തെയും പ്രപഞ്ചവിജ്ഞാനീയത്തെയും സംയോജിപ്പിച്ചു എന്നതാണ്. പ്രപഞ്ചഘടനയുടെ അടിസ്ഥാന ഘടകങ്ങളെ വിശദീകരിക്കുന്ന കണികാശാസ്ത്രത്തെ നക്ഷത്രങ്ങളും ഗ്യാലക്‌സികളും അടങ്ങുന്ന പ്രപഞ്ചഘടനയുമായി ബന്ധിപ്പിക്കുന്ന ഗവേഷണങ്ങളാണ് തമോഗര്‍ത്തത്തെയും തമോഗര്‍ത്തത്തില്‍ നിന്നുള്ള വികിരണത്തെയും മഹാവിസ്‌ഫോടനത്തെയും കുറിച്ചുള്ള കണ്ടെത്തലുകളിലേക്ക് നയിച്ചത്. ഐന്‍സ്‌റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തത്തെയും ക്വാണ്ടം ഫിസിക്‌സിനെയും കൂട്ടിയോജിപ്പിച്ചുകൊണ്ട് ഗവേഷണത്തിലേര്‍പ്പെട്ട അപൂര്‍വം ശാസ്ത്രജ്ഞരില്‍ ഒരാളായിരുന്നു സ്റ്റീഫന്‍ ഹോക്കിങ്.
ചെന്‍ റോസുമായി ചേര്‍ന്ന് 1970ല്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് പ്രപഞ്ചോല്‍പത്തിയെക്കുറിച്ചുള്ള മഹാവിസ്‌ഫോടന സിദ്ധാന്തം ആവിഷ്‌കരിക്കുന്നത്. പില്‍ക്കാലത്ത് മഹാവിസ്‌ഫോടന പരികല്‍പന പ്രപഞ്ചോല്‍പത്തിയെക്കുറിച്ചുള്ള അംഗീകൃത സിദ്ധാന്തത്തിന്റെ പരിവേഷം ആര്‍ജിച്ചുവെങ്കിലും ശാസ്ത്രലോകത്ത് ഇന്നും വിവാദ വിഷയമാണ്. തമോഗര്‍ത്തത്തെ കുറിച്ചുള്ള ചില പരികല്‍പനകളും സ്റ്റീഫന്‍ ഹോക്കിങിനു തന്നെ സ്വയംവിമര്‍ശനപരമായി പുനഃപരിശോധിക്കേണ്ടി വന്നിട്ടുണ്ട്. ചില പ്രപഞ്ചവിവരങ്ങള്‍ (കോസ്‌മോളജിക്കല്‍ ഇന്‍ഫര്‍മേഷന്‍) തമോഗര്‍ത്തങ്ങളില്‍ അപ്രത്യക്ഷമാവുന്നുവെന്ന സിദ്ധാന്തവും ചോദ്യംചെയ്യപ്പെട്ടിരുന്നു. ലിയോനാര്‍ഡ് സസ്‌കിന്‍ഡും ജോണ്‍ പ്രസ്‌കിലും ഉന്നയിച്ച വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ തന്റെ വാദങ്ങള്‍ തെറ്റാണെന്ന് ഹോക്കിങിനു സമ്മതിക്കേണ്ടിവന്നിരുന്നു.
ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈനു ശേഷം ശാസ്ത്രജ്ഞര്‍ പൊതുവായ കാര്യങ്ങളില്‍, പ്രത്യേകിച്ചും രാഷ്ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കുന്ന പ്രവണത അപൂര്‍വമായിരുന്നു. എന്നാല്‍, സ്റ്റീഫന്‍ ഹോക്കിങ് ഈ പ്രവണതയ്ക്കും ഒരപവാദമായിരുന്നു. താന്‍ ജീവിക്കുന്ന 'ദന്തഗോപുരം' നാളുകള്‍ കഴിയുന്തോറും സാമാന്യ ജനങ്ങളില്‍ നിന്ന് അകന്നുകൊണ്ടിരിക്കുന്നുവെന്ന് ഹോക്കിങ് തന്നെ പറഞ്ഞിട്ടുണ്ട്. ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച ഹോക്കിങ്, സമകാലിക മുതലാളിത്തത്തിന്റെ കടുത്ത വിമര്‍ശകനാണ്. ആഗോളവത്കരണത്തിന്റെ ഭാഗമായി ജനക്ഷേമപദ്ധതികള്‍- പ്രത്യേകിച്ചും സാര്‍വത്രിക ആരോഗ്യപരിപാലനം- സ്വകാര്യവല്‍ക്കരിക്കുന്നതിനെ വിമര്‍ശിച്ച ഹോക്കിങ്, യന്ത്രവത്കരണത്തിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സാങ്കേതിക പുരോഗതി ഫലത്തില്‍ മനുഷ്യര്‍ക്കിടയിലെ അസമത്വം വര്‍ധിപ്പിക്കുന്ന വിരോധാഭാസമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. മുതലാളിത്തത്തില്‍ സാങ്കേതികവിദ്യ എങ്ങനെ നശീകരണാത്മകമാവുന്നുവെന്നത് ഹോക്കിങിനെ അലട്ടിയിരുന്ന ഒരു പ്രശ്‌നമാണ്. പ്രകൃതിയെ നശിപ്പിക്കാന്‍ കഴിയുന്നിടത്തോളം സാങ്കേതികവിദ്യ വളര്‍ന്നിരിക്കുന്നു. എന്നാല്‍, ഈ നശീകരണാത്മകതയില്‍ നിന്നു രക്ഷപ്പെടാനുള്ള കഴിവ് ഇനിയും മനുഷ്യരാശി ആര്‍ജിച്ചിട്ടുമില്ല. രാജ്യങ്ങളും ജനങ്ങളും അവര്‍ക്കിടയിലെ സങ്കുചിതമായ ഭിന്നതകള്‍ മാറ്റിവച്ച് ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ട സമയമായിരിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. 'ബ്രെക്‌സിറ്റി'നോടുള്ള എതിര്‍പ്പും വായാടി, കോമാളി എന്നൊക്കെ അര്‍ഥം പറയാവുന്ന 'ഡെമഗോഗ്' എന്ന പദം കൊണ്ട് ഡോണള്‍ഡ് ട്രംപിനെ വിശേഷിപ്പിച്ചതും ഹോക്കിങിന്റെ നിശിതമായ രാഷ്ട്രീയ ഭാവുകത്വത്തിന്റെ നിദര്‍ശനങ്ങളാണ്.
ശാസ്ത്രവിരുദ്ധ മനോഭാവത്തിനും മതാത്മകതയ്ക്കുമെതിരേ അചഞ്ചലമായ സമീപനമാണ് ഹോക്കിങ് പുലര്‍ത്തിയത്. തന്റെ സ്വപ്‌നസിദ്ധാന്തമായ 'തിയറി ഓഫ് എവരിതിങ്' (സമ്പൂര്‍ണതാ സിദ്ധാന്തം) യാഥാര്‍ഥ്യമായാല്‍ 'ദൈവത്തിന്റെ മനസ്സ്' മനുഷ്യര്‍ക്ക് പിടികിട്ടും. ദൈവത്തിന്റെ മനസ്സ് എന്ന പ്രയോഗത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് 'സമ്പൂര്‍ണതാ സിദ്ധാന്തം ദൈവത്തെ അപ്രസക്തമാക്കുമെന്നാണ് താന്‍ ഉദ്ദേശിച്ചതെ'ന്നായിരുന്നു മറുപടി. അഥവാ, 'ദൈവമുണ്ടെങ്കില്‍ തന്നെ താന്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ച പ്രകൃതിനിയമങ്ങള്‍ക്കു വിധേയമായിരിക്കും ആ ദൈവം.'
1988ല്‍ പ്രസിദ്ധീകരിച്ച 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' 35 ഭാഷകളിലായി ഒരു കോടി കോപ്പികളാണ് വിറ്റഴിഞ്ഞത്. ഇത്രയേറെ പ്രചാരം നേടിയ മറ്റൊരു ശാസ്ത്രകൃതിയുണ്ടോ എന്നു സംശയമാണ്.
ഒരു മഹാപ്രതിഭയെ വിലയിരുത്തുമ്പോള്‍ അദ്ദേഹത്തിന്റെ ചില നിഷേധവശങ്ങള്‍ കൂടി സ്മരിക്കാതിരിക്കുന്നത് ഏകപക്ഷീയതയായിരിക്കും. ഒന്നാമത്തേത്, സമ്പൂര്‍ണതാ സിദ്ധാന്തത്തെക്കുറിച്ചുള്ള അതിരുകടന്ന ആത്മവിശ്വാസമാണ്. ഇതിനു പിന്നില്‍ അബോധപരമായി പ്രവര്‍ത്തിക്കുന്നത് കേവലവും ആത്യന്തികവുമായ ജ്ഞാനമെന്ന ദൈവശാസ്ത്ര വാസനയാണ്. ദൈവത്തിനു മാത്രമേ കേവല ജ്ഞാനം സൃഷ്ടിക്കാനാവുകയുള്ളൂ. ഒരു മനുഷ്യ പ്രവര്‍ത്തനമെന്ന നിലയ്ക്ക് ശാസ്ത്രത്തിന് ഒരിക്കലും കേവലമാകാനാവില്ല. തികഞ്ഞ നിരീശ്വരവാദിയാണെന്ന് ക്ഷമാപണരഹിതമായി പ്രഖ്യാപിക്കുന്ന സ്റ്റീഫന്‍ ഹോക്കിങിന്റെ ശാസ്ത്രത്തെയും ജ്ഞാനത്തെയും കുറിച്ചുള്ള വീക്ഷണത്തിന്റെ പരിമിതിയാണിത്.
ഈ പരിമിതിയുടെ മറ്റൊരു വശം തത്ത്വചിന്തയോട് അദ്ദേഹത്തിന് ഉണ്ടായിരുന്ന സമീപനമാണ്. ഭൗതികശാസ്ത്രത്തിന് തത്ത്വചിന്തയുടെ പിന്‍ബലം ആവശ്യമില്ല എന്ന സമീപനം, ശാസ്ത്രരംഗത്തെ മഹാരഥന്‍മാരുടെ വംശാവലിയിലെ ഹോക്കിങിന്റെ അംഗത്വത്തെ ദുര്‍ബലമാക്കുകയാണ് ചെയ്യുന്നത്. കാരണം, ഗലീലിയോ മുതല്‍ ഐന്‍സ്‌റ്റൈന്‍ വരെയുള്ള ശാസ്ത്രജ്ഞര്‍ തത്ത്വചിന്തയുടെ വെളിച്ചമില്ലാതെ ശാസ്ത്രത്തിനു വികസിക്കാനാവില്ല എന്ന പക്ഷക്കാരായിരുന്നു.
ഭൗതിക പ്രപഞ്ചത്തിന്റെ, പദാര്‍ഥത്തിന്റെ അടിസ്ഥാന ഘടകത്തെക്കുറിച്ച് അന്വേഷിക്കുന്ന കണികാ ശാസ്ത്രജ്ഞര്‍ക്ക് തത്ത്വചിന്തയെ നിരാകരിക്കാനാവില്ല. കാരണം 'അടിസ്ഥാനം' എന്ന പദം ഒരു തത്ത്വചിന്താ സംവര്‍ഗമാണ്. 17ാം നൂറ്റാണ്ടിലെ ന്യൂട്ടോണിയന്‍ വിപ്ലവത്തെ സാധ്യമാക്കിയതുതന്നെ, ഭൗതികലോകത്തെയും വസ്തുനിഷ്ഠ ജ്ഞാനത്തെയും കുറിച്ചുള്ള ലോകബോധത്തില്‍ ഉണ്ടായ മാറ്റമാണ്. 17ാം നൂറ്റാണ്ടു വരെ യൂറോപ്യന്‍ ലോകബോധത്തെ, പ്രത്യേകിച്ചും ബൗദ്ധികമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നവരുടെ ബോധത്തെ നിര്‍ണയിച്ചിരുന്നത് 'അരിസ്‌റ്റോട്ടിലിയനിസ'മായിരുന്നു. കോപര്‍നിക്കസിന്റെ സൂര്യകേന്ദ്ര സിദ്ധാന്തത്തെ നിരാകരിക്കാനും ബ്രൂണോയെ ചുട്ടുകൊല്ലാനും ഗലീലിയോയെ മതനിന്ദാ കോടതിയില്‍ കുറ്റവിചാരണ ചെയ്യാനും കത്തോലിക്കാ സഭയെ പ്രേരിപ്പിച്ചത് ബൈബിള്‍ മാത്രമല്ല, സഭ അരിസ്റ്റോട്ടിലിയന്‍ തത്ത്വചിന്തയുടെ അപ്രമാദിത്വത്തിനു വിധേയമായിരുന്നു എന്നതുകൂടിയാണ്.
ഐന്‍സ്റ്റൈനു ശേഷം ശാസ്ത്രരംഗത്തുണ്ടായ വിശേഷവത്കരണമായിരിക്കാം ഒരുപക്ഷേ തത്ത്വചിന്താപരമായ ഭാവുകത്വം ആവശ്യമില്ലാത്ത കേവല വിദഗ്ധര്‍ മാത്രമായി ശാസ്ത്രജ്ഞരെ ചുരുക്കിയത്. 20ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ശാസ്ത്രരംഗത്ത് പൊതുവില്‍ സംഭവിച്ച തത്ത്വചിന്താ ഭാവുകത്വ ദാരിദ്ര്യത്തിന്റെ മഹാനായ ഇര കൂടിയാണ് സ്റ്റീഫന്‍ ഹോക്കിങ്.                                                            ി
Next Story

RELATED STORIES

Share it