ഹൈദരാബാദ് ലാബിലെ പരിശോധന വിഫലം; നാരദ ടേപ്പുകള്‍ ചണ്ഡീഗഡിലേക്ക്



കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുമായി സാമ്യമുള്ളവര്‍ കോഴ വാങ്ങുന്നതു ചിത്രീകരിച്ച നാരദ ടേപ്പുകള്‍ കൊല്‍ക്കത്ത ഹൈക്കോടതി ചണ്ഡീഗഡ് കേന്ദ്ര ഫോറന്‍സിക് ലബോറട്ടറിയിലേക്കയച്ചു. ഹൈദരാബാദ് ഫോറന്‍സിക് ലബോറട്ടറിയിലെ പരിശോധന വിഫലമായതിനെ തുടര്‍ന്നാണ് കോടതി ടേപ്പുകള്‍ ചണ്ഡീഗഡിലേക്കയച്ചത്.
ടേപ്പുകളുടെ ആധികാരികത ഇതേവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ലാപ്‌ടോപ്പിലെ ഹാര്‍ഡ് ഡിസ്‌കിലുള്ള സംഭാഷണങ്ങള്‍ വീണ്ടെടുക്കാന്‍ ഹൈദരാബാദിലെ ലബോറട്ടറിക്കു കഴിഞ്ഞില്ലെന്നും ചീഫ് ജസ്റ്റിസ് മഞ്ജുള ചെലൂര്‍, ജസ്റ്റിസ് എ ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഐഫോണ്‍ 6 വഴി ചിത്രീകരിച്ച ഒളികാമറ ദൃശ്യങ്ങള്‍ ലാപ്‌ടോപ്പിലേക്കും തുടര്‍ന്ന് പെന്‍ ഡ്രൈവിലേക്കും മാറ്റിയെന്ന് നാരദ ന്യൂസ് എഡിറ്റര്‍ മാത്യു സാമുവേല്‍ നേരത്തെ പറഞ്ഞിരുന്നു. ഇവയെല്ലാം ഹൈക്കോടതി ഹൈദരാബാദ് ലബോറട്ടറിയിലേക്കയച്ചതാണ്. അവിടുത്തെ റിപോര്‍ട്ട് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ഹൈക്കോടതി രജിസ്ട്രാര്‍ തലവനായി രൂപീകരിച്ച മൂന്നംഗ സമിതിയോട് ഹൈദരാബാദ് ലബോറട്ടറിയുടെ റിപോര്‍ട്ടിന്റെ ഫോട്ടോകോപ്പി ചണ്ഡീഗഡ് ലബോറട്ടറിക്കയക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 10 ദിവസത്തിനകം അയക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു മാസം കഴിഞ്ഞ് വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത വെളിപ്പെടുത്തുന്ന റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ചണ്ഡീഗഡ് ലബോറട്ടറിക്കും നിര്‍ദേശം നല്‍കി. ആറാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും.
നാരദ ഒളികാമറ ദൃശ്യങ്ങള്‍ യഥാര്‍ഥമോ കൃത്രിമമോ എന്ന് പരിശോധനയിലൂടെ വ്യക്തമാക്കാന്‍ ഏപ്രില്‍ 29നായിരുന്നു ഹൈക്കോടതി ഹൈദരാബാദ് ലബോറട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നത്.അനുകൂലമായ നടപടി സ്വീകരിക്കാന്‍ തൃണമൂല്‍ എംപിമാരും മന്ത്രിമാരും സാങ്കല്‍പിക കമ്പനിയില്‍ നിന്ന് കോഴവാങ്ങുന്ന ദൃശ്യമാണ് വീഡിയോയിലുള്ളതെന്നായിരുന്നു ആരോപണം.
Next Story

RELATED STORIES

Share it