ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

കൊച്ചി: അട്ടപ്പാടിയില്‍ മധു എന്ന ആദിവാസിയുവാവിനെ ജനക്കൂട്ടം അടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. കെല്‍സ ചുമതലയുള്ള ഹൈക്കോടതി ജഡ്ജി ചീഫ് ജസ്റ്റിസിന് നല്‍കിയ കത്ത് പൊതുതാല്‍പര്യ ഹരജിയായി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. കേസില്‍ കോടതിയെ സഹായിക്കാനായി അഭിഭാഷകന്‍ പി ദീപകിനെ അമിക്കസ് ക്യൂറിയായി നിയമിച്ചു.
ഇന്നലെ ഹരജി പരിഗണിക്കവെ, ഇടപെടല്‍ ആവശ്യമുള്ള വിഷയമാണിതെന്ന് ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ അഭിപ്രായപ്പെട്ടു. ആദിവാസി സമൂഹത്തിന് ഭക്ഷണം ഇല്ലാത്തതല്ല പ്രശ്‌നമെന്നും മധുവിനെ ആക്രമിച്ച ആള്‍ക്കൂട്ടത്തിന്റെ മനസ്ഥിതിയാണ് പ്രശ്‌നമെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ സ്‌റ്റേറ്റ് അറ്റോര്‍ണി ചൂണ്ടിക്കാട്ടി. പിന്നെ എന്തിനാണ് മധു ഭക്ഷണം മോഷ്ടിച്ചതെന്ന് കോടതി ആരാഞ്ഞു. നിയമവിരുദ്ധമായ കൃത്യം ചെയ്യാന്‍ ആള്‍ക്കൂട്ടത്തെ പ്രേരിപ്പിച്ച ഘടകമെന്തെന്നും കോടതി ചോദിച്ചു. തുടര്‍ന്നാണ് 15 ദിവസത്തിനകം വിശദീകരണം നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്.
ഭക്ഷിക്കാനില്ലാത്തതുകൊണ്ടാണ് മധു ഭക്ഷണപദാര്‍ഥങ്ങള്‍ മോഷ്ടിച്ചത് എന്നത് സത്യമെങ്കില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഫലംകാണുന്നില്ലെന്നാണ് വ്യക്തമാവുന്നതെന്നും ആദിവാസി ക്ഷേമത്തിനായുള്ള പദ്ധതികളുടെ നടത്തിപ്പ് അവരില്‍ എത്തുന്നവിധം ഉടച്ചുവാര്‍ക്കണമെന്നും ജഡ്ജിയുടെ കത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it