malappuram local

ഹൈക്കോടതി വിധി മാനിച്ചില്ല ; കലക്ടറുടെ ചുമതല കോടതി നേരിട്ട് നടപ്പാക്കി



മലപ്പുറം: ഹൈക്കോടതി വിധി നടപ്പിലാക്കാത്തതിനാല്‍ കലക്ടറുടെ ചുമതല കോടതി നേരിട്ട് നടപ്പാക്കി. തോക്ക് ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് പത്തപ്പിരിയം സ്വദേശി ഡോ. വി പി മുഹമ്മദ് അഷ്‌റഫ് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി വിധിയെ മാനിക്കാത്ത കലക്ടറുടെ ചുമതല കോടതി നേരിട്ട് നടപ്പാക്കിയത്. ജസ്റ്റിസ് പി ബി സുരേഷ്‌കുമാറാണ് ശ്രദ്ധേയമായ ഈ വിധി പുറപ്പെടുവിച്ചത്. തന്റെ ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് 2013 നവംബര്‍ 30നാണ് അഷ്‌റഫ് മലപ്പുറം കലക്ടര്‍ക്ക് അപേക്ഷ നല്‍കിയത്. വര്‍ഷങ്ങളോളം ഇത് പരിഗണിക്കാതെ വന്നപ്പോഴാണ് അദ്ദേഹം കോടതിയെ സമീപിച്ച് റിട്ട് ഫയല്‍ ചെയ്തത്. അഷ്‌റഫിന്റെ ലൈസന്‍സ് പുതുക്കി നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ നാലാഴ്ചക്കകം അനുകൂല നടപടിയെടുക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് മലപ്പുറം കലക്ടര്‍ തോക്ക് ലൈസന്‍സ് പുതുക്കി നല്‍കാതിരുന്നപ്പോള്‍ ഡോ. അഷ്‌റഫ് കോടതിയലക്ഷ്യ നടപടിക്ക് വീണ്ടും കോടതിയെ സമീപിച്ചു.  ഇതിന്റെ വിചാരണയില്‍  മലപ്പുറം മുന്‍ ജില്ലാ കലക്ടര്‍ എ ഷൈനമോള്‍ കൃത്യ നിര്‍വഹണത്തില്‍ വന്ന വീഴ്ചക്ക് കോടതിയില്‍ നിരുപാധികം മാപ്പു പറഞ്ഞു.  എന്നാല്‍ പിന്നീട്  മലപ്പുറം  കലക്ടര്‍ സ്ഥാനം വഹിച്ച കലക്ടര്‍ അമിത് മീണ കോടതി നിര്‍ദ്ദേശ പ്രകാരം ലൈസന്‍സ് പുതുക്കി നല്‍കുന്നതില്‍ വീഴ്ച ആവര്‍ത്തിച്ചു. ഇദ്ദേഹത്തിന്  മൂന്നു വര്‍ഷത്തേക്ക് നിയമ പരമായി തോക്ക് ലൈസന്‍സ് നല്‍കുന്നതിന്  പകരം 28 ദിവസത്തേക്ക് മാത്രം പുതുക്കി നല്‍കി. ഇതിനെതിരെ ഡോ. അഷ്‌റഫ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടനുബന്ധിച്ചുള്ള സുപ്രധാന വിധിയിലാണ് മൂന്നു വര്‍ഷക്കാലത്തേക്ക് ഡോ. മുഹമ്മദ് അഷ്‌റഫിനെ ഹൈക്കോടതി നേരിട്ടു തന്നെ തോക്ക് ലൈസന്‍സ് പുതുക്കി നല്‍കിയത്. ഇത്തരമൊരു വിധി ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ തന്നെ ആദ്യത്തേതാണെന്നാണ് നിയമ വൃത്തങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. നീതി നിഷേധിക്കുകയും നിയമ പരമായിട്ടല്ലാത്ത വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നവരുമായ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശക്തമായ താക്കീതാണ് വിധിയെന്നും അവര്‍ പറയുന്നു. ഹരജിക്കാരനു വേണ്ടി അഡ്വ. സജി കുര്യാച്ചന്‍ കോടതിയില്‍ ഹാജരായി.
Next Story

RELATED STORIES

Share it