Flash News

ഹൈക്കോടതി മാര്‍ച്ച്‌ : രണ്ടു പേര്‍ 17 വരെ റിമാന്‍ഡില്‍

ഹൈക്കോടതി   മാര്‍ച്ച്‌ : രണ്ടു പേര്‍ 17 വരെ റിമാന്‍ഡില്‍
X


കൊച്ചി:  മുസ്‌ലിം ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഹൈക്കോടതിയിലേക്കു മാര്‍ച്ച് നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ നാലും 12ഉം പ്രതികളായ ഷിഹാബ് (36) സുധീര്‍ (36) എന്നിവരെ ഈ മാസം 17 വരെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ് അജികുമാര്‍ റിമാന്‍ഡ് ചെയ്തു. സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാംമതം സ്വീകരിക്കുകയും വിവാഹം കഴിക്കുകയും ചെയ്ത ഡോ. ഹാദിയയുടെ വിവാഹം അസ്ഥിരപ്പെടുത്തിയ ഹൈക്കോടതി നടപടി പുനപ്പരിശോധിക്കണമെന്നും ഹാദിയയുടെ ജീവന്‍ സംരക്ഷിക്കണമെന്നും വിധിപ്രസ്താവം നടത്തിയ ജഡ്ജിമാരെ ഇംപീച്ച് ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. കേസില്‍ ഇനിയും കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നും ഗൂഢാലോചന തെളിയേണ്ടതാണെന്നും ഇവര്‍ നിയമവാഴ്ചയെ തന്നെ വെല്ലുവിളിച്ചിരിക്കുകയാണെന്നും ഇവരെ കസ്റ്റഡിയില്‍ വാങ്ങേണ്ടതുണ്ടെന്നും പോലിസ് കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. അനധികൃതമായി സംഘം ചേരുക, പൊതുവഴി തടസ്സപ്പെടുത്തുക, സര്‍ക്കാരുദ്യോഗസ്ഥന്റെ ജോലി തടസ്സം ചെയ്യുക, മതവികാരമുണര്‍ത്തി സംഘര്‍ഷം സൃഷ്ടിക്കുക എന്നീ കുറ്റങ്ങളാണ് കേസിലുള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരുടെ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് നേരത്തേ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന സഹീര്‍, മുഹമ്മദ് ഷെരീഫ് എന്നിവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. കേസിന്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പ്രതികള്‍ക്കു ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിച്ചു തെളിവ് നശിപ്പിക്കാനിടയാവുമെന്നും നിരീക്ഷിച്ചാണ് കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയത്.
Next Story

RELATED STORIES

Share it