World

ഹെല്‍സിങ്കി ഉച്ചകോടി: പുടിന്റെ വിജയമെന്ന് റഷ്യന്‍ മാധ്യമങ്ങള്‍; യുഎസില്‍ ട്രംപിനെതിരേ പ്രതിഷേധം

ഹെല്‍സിങ്കി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനും തമ്മില്‍ ഹെല്‍സിങ്കിയില്‍ നടത്തിയ ഉച്ചകോടി പുടിന്റെ വിജയമെന്നു റഷ്യന്‍ മാധ്യമങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും. പാശ്ചാത്യ രാജ്യങ്ങള്‍ക്ക് റഷ്യയോടുള്ള ഉച്ചനീചത്വം അവസാനിപ്പിക്കാന്‍ ഇതു സഹായിക്കുമെന്നും മാധ്യമങ്ങള്‍ വിലയിരുത്തി. റഷ്യയെ ഒറ്റപ്പെടുത്താനുള്ള പാശ്ചാത്യ ശ്രമം പരാജയപ്പെട്ടെന്നായിരുന്നു ഔദ്യോഗിക പത്രമായ റുസ്സിസ്സാകയ ഗസറ്റിന്റെ പ്രധാന തലക്കെട്ട്.
ഉച്ചകോടിയില്‍ ട്രംപ് സ്വീകരിച്ച നിലപാടിനെതിരേ യുഎസിലെ ഡെമോക്രാറ്റിക് പാര്‍ട്ടി, ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്കൊപ്പം റിപബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധികളും രംഗത്തെത്തി. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ടു പുടിന്റെ വാദങ്ങളെ വെല്ലുവിളിക്കുന്നതില്‍ ട്രംപ് പരാജയപ്പെട്ടതായി ഇവര്‍ ആരോപിച്ചു. ട്രംപിന്റെ പ്രതികരണം ലജ്ജാകരവും നിന്ദ്യവുമാണെന്ന് അവര്‍ ആരോപിച്ചു.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ “റഷ്യന്‍ ഇടപെടല്‍’ ഉണ്ടായിട്ടില്ലെന്നായിരുന്നു  പുടിന്റെ നിലപാട്. ഇത് ട്രംപ് ശരിവയ്ക്കുകയും ചെയ്തു. ട്രംപിന്റെ സമീപനം ചരിത്രത്തില്‍ യുഎസ് പ്രസിഡന്റുമാര്‍ സ്വീകരിച്ച ഏറ്റവും മോശമായ നിലപാടാണെന്നും ഹെല്‍സിങ്കി ഉച്ചകോടി ഗുരുതരമായ തെറ്റാണെന്നും മുതിര്‍ന്ന റിപബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ മക്കെയ്ന്‍ അഭിപ്രായപ്പെട്ടു.  ഹെല്‍സിങ്കിയില്‍ സംയുക്ത വാര്‍ത്താസമ്മേളനം അമേരിക്കന്‍ പ്രസിഡന്റിന്റെ ഏറ്റവും നിന്ദ്യമായ പ്രകടനമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ റഷ്യന്‍ ഇടപെടലിനു വ്യക്തമായ തെളിവുണ്ടെന്ന് ഇന്റലിജന്‍സ് വിഭാഗം മേധാവി ഡാന്‍ കോട്‌സ് അറിയിച്ചു. ഇരുനേതാക്കളും നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പുടിന്റെ വാദങ്ങളെ പൂര്‍ണമായും അംഗീകരിക്കുകയായിരുന്നു ട്രംപ്. റഷ്യക്കെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ തെളിവും ഹാജരാക്കണമെന്നു പുടിന്‍ പറഞ്ഞു.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപെട്ടുവെന്ന് പറയപ്പെടുന്ന റഷ്യക്കാരെ ചോദ്യം ചെയ്യാന്‍ അന്വേഷണം നടത്തുന്ന യുഎസ് ഉദ്യോഗസ്ഥര്‍ക്ക് അവസരമൊരുക്കാമെന്നും പുടിന്‍ പറഞ്ഞു. എന്നാല്‍, ഇതിന് അനുവദിക്കുമ്പോള്‍ റഷ്യന്‍ മണ്ണില്‍ കുറ്റകൃത്യങ്ങള്‍ നടപ്പാക്കിയെന്നു റഷ്യ സംശയിക്കുന്ന, യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നു പുടിന്‍ പറഞ്ഞു.
സിറിയ, ഉെക്രയ്ന്‍, ആയുധ നിയന്ത്രണം എന്നിവയില്‍ ധാരണയായിട്ടില്ല.
Next Story

RELATED STORIES

Share it