Idukki local

ഹെലിബറിയ ക്ഷേത്രത്തില്‍ നിന്ന് നാലു ചന്ദന മരങ്ങള്‍ മോഷണംപോയി



പീരുമേട്: ഏലപ്പാറ ഹെലിബറിയ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്ന് നാല് ചന്ദന മരങ്ങള്‍ മോഷണം പോയി. കഴിഞ്ഞ ദിവസം രാത്രിയാണ് മരങ്ങള്‍ മുറിച്ചു മാറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒന്നര ലക്ഷത്തോളം രൂപ വിലമതിക്കുന്ന മരങ്ങളാണ് നഷ്ടമായത്. മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്തു നിന്ന് അഞ്ചു ചന്ദന മരങ്ങളാണ് മുറിച്ചത്. കാതലില്ലാത്തതിനാല്‍ ഒരെണ്ണം ഉപേക്ഷിച്ച് നാല് മരങ്ങള്‍ അപഹരിച്ച നിലയിലാണ്. മരങ്ങള്‍ വെട്ടിയിട്ട ശേഷം തടി പാകപ്പെടുത്തി ചെറിയ കഷണങ്ങളാക്കിയാണ് കടത്തിയത്. മുറിച്ചിട്ട മരങ്ങളുടെ ചില്ലകള്‍ നീക്കം ചെയ്തു സ്ഥലത്തുവച്ചു തന്നെ ഒരുക്കിയ നിലയിലാണ്. മരങ്ങള്‍ക്ക് 30 വര്‍ഷത്തോളം പഴക്കമുണ്ട്. വിപണിയില്‍ ഒന്നര ലക്ഷത്തോളം രൂപ വിലമതിക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ക്ഷേത്ര പരിസരത്തു നിന്ന് ചന്ദന മരം മോഷ്ടിക്കപ്പെട്ടിരുന്നു. സംഭവത്തിനു പിന്നില്‍ ചന്ദന മോഷ്ടാക്കളാണെന്നാണ് പോലിസിന്റെ നിഗമനം. പീരുമേട് പേലിസ്, വനം വകുപ്പ് എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലിസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. മുമ്പ് ക്ഷേത്ര പരിസരത്തു നിന്ന് കാണിക്കവഞ്ചിയും വിഗ്രഹവും കാണാതായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ക്ഷേത്ര പരിസരത്തു നിന്നും നാല് ചന്ദനമരങ്ങളും നഷ്ടമായത്.
Next Story

RELATED STORIES

Share it