ഹില്ലി അക്വാ വിപുലീകരിക്കുന്നു; താലൂക്കാശുപത്രികളില്‍ കിയോസ്‌കുകള്‍

സ്വന്തം പ്രതിനിധിതൊടുപുഴ:

പൊതുമേഖലയിലെ സംസ്ഥാനത്തെ ആദ്യ കുപ്പിവെള്ളം 'ഹില്ലി അക്വ' പൂര്‍ണതോതില്‍ വിപണിയിലേക്ക്. ഇതിന്റെ ഉല്‍പ്പാദനവും വിപണനവും വിപുലപ്പെടുത്തുന്നതിന് വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്ന് ജലവിഭവ മന്ത്രി പി ജെ ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇതിന്റെ ആദ്യപടിയെന്ന നിലയില്‍ താലൂക്ക് ആശുപത്രികള്‍ തോറും ഹില്ലി അക്വ കിയോസ്‌കുകള്‍ ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ പരിപാടികളിലും മറ്റും ഹില്ലി അക്വ നിര്‍ബന്ധമാക്കുന്നതിനുള്ള ഉത്തരവും ഇറക്കും. ഇക്കാര്യത്തിലുള്ള മന്ത്രിസഭാ തീരുമാനം ഉടനുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് തൊടുപുഴയിലെ കുപ്പിവെള്ള ഫാക്ടറിയില്‍ അഡീഷനല്‍ ലൈന്‍ സ്ഥാപിക്കും. ഫാക്ടറിയുടെ ഔപചാരിക ഉദ്ഘാടനം 24നു രാവിലെ ഒമ്പതിന് തൊടുപുഴയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ കുപ്പിവെള്ളം നേരത്തേതന്നെ വിപണിയിലെത്തിയിരുന്നെങ്കിലും ഉദ്ഘാടനം നടത്തിയിരുന്നില്ല.ജലവിഭവ വകുപ്പിനു കീഴില്‍ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കോര്‍പറേഷനാണ് (കിഡ്‌കോ) കുപ്പിവെള്ള ഉല്‍പ്പാദന യൂനിറ്റിന്റെ ചുമതല. മലങ്കര ഡാമിനോടു ചേര്‍ന്ന് മ്രാലയില്‍ ജലവിഭവ വകുപ്പിന്റെ സ്ഥലത്താണ് പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്.

ഒരു ലിറ്ററിന്റെ കുപ്പിയാണു പുറത്തിറക്കിയത്. ഇത് 15 രൂപ നിരക്കിലാണ് വിപണിയില്‍ എത്തിക്കുന്നത്. ഒരു മണിക്കൂറില്‍ 7500 ലിറ്റര്‍ കുപ്പിവെള്ളം ഉല്‍പ്പാദിപ്പിക്കാവുന്ന യൂനിറ്റാണ് ഇവിടുത്തേത്. കുപ്പികളുടെ നിര്‍മാണം മുതല്‍ പാക്കിങ് വരെ പൂര്‍ണമായും യന്ത്രവല്‍കൃതമാണ്.

കുപ്പിവെള്ളം 300 മില്ലി ലിറ്റര്‍, രണ്ടു ലിറ്റര്‍, 20 ലിറ്റര്‍ ജാര്‍ എന്നീ പാക്കിങുകളും പിന്നീട് വിപണിയില്‍ എത്തും. മാര്‍ക്കറ്റ് നിരക്കിനേക്കാള്‍ താരതമ്യേന കുറഞ്ഞ വിലയ്ക്കായിരിക്കും കുപ്പിവെള്ളം വിതരണത്തിനെത്തുക. രണ്ടു ലിറ്ററിന്റെ കുപ്പിവെള്ളത്തിന് 20 രൂപ ഈടാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

9.86 കോടി രൂപ ചെലവഴിച്ചാണ് കുപ്പിവെള്ള യൂനിറ്റ് സ്ഥാപിച്ചിട്ടുള്ളത്. അത്യാധുനിക നിലവാരമുള്ള പ്ലാന്റില്‍നിന്ന് സാന്‍ഡ് ഫില്‍ട്രേഷന്‍, റിവേഴ്‌സ് ഓസ്‌മോസിസ്, ഓസോണൈസേഷന്‍ തുടങ്ങി വിവിധ ഘട്ടങ്ങള്‍ പിന്നിട്ട് ഓട്ടോമാറ്റിക് സംവിധാനങ്ങളിലൂടെ കരസ്പര്‍ശമേല്‍ക്കാതെയാണ് ഹില്ലി അക്വ വിപണിയിലെത്തുന്നത്. കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ അടുത്ത കുപ്പിവെള്ള യൂനിറ്റ് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it