ഹിന്ദുസ്ഥാന്‍ സിങ്ക് ഓഹരി വില്‍പ്പന തടഞ്ഞു; കേന്ദ്രസര്‍ക്കാര്‍ നടപടിയെ സുപ്രിംകോടതി ചോദ്യം ചെയ്തു

ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ സിങ്കിലെ സര്‍ക്കാരിന്റെ ഓഹരികള്‍ ഇനിയും വിറ്റഴിക്കുന്നത് സുപ്രിംകോടതി തടഞ്ഞു. വേദാന്തയുടെ സഹ അനുബന്ധ സ്ഥാപനത്തിന്റെ കീഴിലാണു ഹിന്ദുസ്ഥാന്‍ സിങ്കിന്റെ മാനേജ്‌മെന്റ്. തന്ത്രപ്രധാനമായ ധാതുക്കള്‍ കൈകാര്യംചെയ്യുന്ന കമ്പനിയിലെ ഓഹരിയുടെ 29 ശതമാനം വില്‍പ്പന നടത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ കോടതി ചോദ്യംചെയ്തു.
കമ്പനിയുടെ ഓഹരിയുമായി ബന്ധപ്പെട്ട് തല്‍സ്ഥിതി തുടരണമെന്നും ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, ജസ്റ്റിസുമാരായ എ കെ സിക്രി, ആര്‍ ഭാനുമതി എന്നിവരുടെ ബെഞ്ച് പറഞ്ഞു. കമ്പനിയില്‍ നിയന്ത്രണം ഏറ്റെടുത്ത സ്റ്റെര്‍ലൈറ്റ് വേദാന്തയെ നിക്ഷേപം നടത്തുന്നതില്‍ നിന്നു വിലക്കിയിട്ടില്ലെന്നും സര്‍ക്കാരിന്റെ ഓഹരികള്‍ വില്‍ക്കുന്നതാണു തടഞ്ഞതെന്നും കോടതി വ്യക്തമാക്കി. തുടര്‍ ഓഹരി വില്‍പ്പന അനുവദിക്കില്ലെന്നു കോടതി പറഞ്ഞു.
14 വര്‍ഷം മുമ്പ് നഷ്ടത്തിലായിരുന്ന ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡിലെ ഭൂരിഭാഗം ഓഹരികളും കമ്പനി വാങ്ങിയെന്നും ഇപ്പോള്‍ കമ്പനി ലാഭത്തിലാണെന്നും വേദാന്തയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ സി എ സുന്ദരം പറഞ്ഞു.
സര്‍ക്കാരിന്റെ വിലയേറിയ സ്വത്ത് വേദാന്തയ്ക്ക് കൈമാറാനുള്ള കാരണം എന്തായിരുന്നുവെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗിയോട് കോടതി ചോദിച്ചു. എന്തിനാണ് ബാക്കിയുള്ള ഓഹരികള്‍ കൂടി വില്‍ക്കാന്‍ ശ്രമിക്കുന്നതെന്നും കോടതി ആരാഞ്ഞു.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഫിസേഴ്‌സ് അസോസിയേഷനുകള്‍ നല്‍കിയ ഹരജിയാണു കോടതി പരിഗണിച്ചത്. ഹരജിക്കാര്‍ക്കുവേണ്ടി പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ഹാജരായി. കമ്പനിയിലെ ആദ്യ ഓഹരി വിറ്റഴിക്കല്‍ നിയമവിരുദ്ധമാണെന്നു ഭൂഷ ണ്‍ കോടതിയില്‍ ബോധിപ്പിച്ചു. ഓഹരി വിറ്റഴിക്കല്‍ നയപരമായ തീരുമാനമാണെന്ന് അറ്റോര്‍ണി ജനറല്‍ ആവര്‍ത്തിച്ചു.
നിയമത്തില്‍ ഭേദഗതിവരുത്താതെ ഓഹരി വിറ്റഴിക്കല്‍ നടത്താനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it