Flash News

ഹിതപരിശോധന : കാറ്റലോണിയയില്‍ സംഘര്‍ഷം; 337പേര്‍ക്ക് പരിക്ക്



ബാഴ്‌സിലോന: കാറ്റലോണിയ ഹിതപരിശോധനയ്ക്കിടെ വ്യാപക സംഘര്‍ഷം. ഹിതപരിശോധനാ നടപടികള്‍ പോലിസ് തടയാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് സ്ഥിതിഗതികള്‍ മോശമായത്. പോലിസ് ഇടപെടലിനെത്തുടര്‍ന്ന്്് 337 പേര്‍ക്ക് പരിക്കേറ്റതായി കാറ്റലന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്‌പെയിനില്‍ നിന്നും സ്വാതന്ത്ര്യം നേടി പ്രത്യേക കാറ്റലോണിയ രാഷ്ട്രം രൂപീകരിക്കുന്നതില്‍ അഭിപ്രായം തേടിയാണ് ഹിതപരിശോധന. എന്നാല്‍, ഹിതപരിശോധന നിയമവിരുദ്ധമാണെന്ന് സ്പാനിഷ് ഭരണഘടനാ കോടതി ഉത്തരവിട്ടിരുന്നു. ഭരണഘടനാ കോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ച വോട്ടെടുപ്പ് തടയുമെന്ന് സ്പാനിഷ് സര്‍ക്കാരും പ്രഖ്യാപിച്ചിരുന്നു. ഹിതപരിശോധനയ്ക്കുള്ള പോളിങ് ബൂത്തുകളില്‍ പകുതിയിലധികം പോലിസ് കഴിഞ്ഞ ദിവസം അടച്ചുപൂട്ടി. വോട്ടിങ് തടഞ്ഞ പോലിസ് ബാലറ്റ് പേപ്പറുകളും പെട്ടികളും ജപ്തിചെയ്തു.കാറ്റലോണിയന്‍ തലസ്ഥാനം ബാഴ്്‌സിലോനയില്‍ ഹിതപരിശോധന അനുകൂലികള്‍ക്ക് നേരെ പോലിസ് ലാത്തിച്ചാര്‍ജും റബര്‍ ബുള്ളറ്റുപയോഗിച്ച് വെടിവയ്പും നടത്തി. പോലിസ് അവരുടെ ജോലി കൃത്യതയോടെ നിറവേറ്റിയെന്നായിരുന്നു സംഭവത്തെക്കുറിച്ച് സ്പാനിഷ് ഉപപ്രധാനമന്ത്രി സൊറായ സേന്‍സ് അഭിപ്രായപ്പെട്ടത്. പോലിസ് നടപടിയെ കാറ്റലോണിയന്‍ നേതാക്കള്‍ അപലപിച്ചു. ആക്രമണം അഴിച്ചുവിട്ട പോലിസ് നടപടി നീതീകരിക്കാനാവില്ലെന്ന്് കാറ്റലോണിയന്‍ നേതാവ് കാള്‍ പ്വിഗ്‌ദെമോന്ദ് അഭിപ്രായപ്പെട്ടു. അര്‍ധ സൈനിക വിഭാഗമായ ഗാര്‍ഡിയ സിവില്‍ കുട്ടികളും വൃദ്ധരുമടക്കമുള്ളവരെ മര്‍ദിച്ചതായി വോട്ടര്‍മാര്‍ അറിയിച്ചു. ജനങ്ങളോട് സര്‍ക്കാര്‍ ചെയ്യുന്ന ഏറ്റവും മോശമായ അതിക്രമങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചതായി വോട്ടര്‍മാരിലൊരാളായ ജൂലിയ ഗ്രയേല്‍ പ്രതികരിച്ചു. ജനാധിപത്യ റിപബ്ലിക്കിന്റെ രൂപത്തില്‍ കാറ്റലോണിയ സ്വതന്ത്ര രാഷ്ട്രമായി മാറണമെന്ന് നിങ്ങള്‍ ആവശ്യപ്പെടുന്നുണ്ടോ എന്ന ഒരു ചോദ്യമാണ് ഹിതപരിശോധനയില്‍ ചോദിക്കുന്നത്. ഇതിന് അതേ അല്ലെങ്കില്‍ അല്ല എന്ന് വോട്ട് രേഖപ്പെടുത്താം. വോട്ടര്‍മാര്‍ക്ക് സ്വന്തമായി ബാലറ്റ് പേപ്പര്‍ പ്രിന്റ് ചെയ്യുന്നതിനും ഏത് വോട്ടിങ് കേന്ദ്രത്തിലും വോട്ട് ചെയ്യാനും കാറ്റലന്‍ പ്രാദേശിക സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. വോട്ടെടുപ്പ് സാമഗ്രികള്‍ പോലിസ് ജപ്തി ചെയ്ത സാഹചര്യത്തിലായിരുന്നു ഇത്. ഹിതപരിശോധനയില്‍ അനുകൂല ജനവിധിയുണ്ടായാല്‍ 48 മണിക്കൂറിനകം സ്വാതന്ത്ര്യം പ്രഖ്യാപിക്കാനാണു പ്രാദേശിക സര്‍ക്കാരിന്റെ തീരുമാനം. കഴിഞ്ഞ മാസം ആറിനാണു കാറ്റലോണിയ പാര്‍ലമെന്റ് ഹിതപരിശോധനയ്ക്ക് അംഗീകാരം നല്‍കിയത്. തൊട്ടടുത്ത ദിവസമാണ് ഹിതപരിശോധന നിയമവിരുദ്ധമാണെന്ന്്് ഭരണഘടനാ കോടതി ഉത്തരവിട്ടത്. 75 ലക്ഷത്തോളമാണ് കാറ്റലോണിയയിലെ ജനസംഖ്യ. ഇതില്‍ 41.1 ശതമാനം പേര്‍ ഹിതപരിശോധനയെ അനുകൂലിക്കുന്നതായും 49.4 ശതമാനം പേര്‍ എതിര്‍ക്കുന്നതായും ഈ വര്‍ഷം ജൂലൈയില്‍ സര്‍വേഫലം പുറത്തുവന്നിരുന്നു.
Next Story

RELATED STORIES

Share it