Flash News

ഹിതപരിശോധന : കാറ്റലോണിയയില്‍ പ്രതിഷേധം ; പണിമുടക്ക്



ബാഴ്‌സിലോന: ഹിതപരിശോധന തടയുന്നതിനായുള്ള പോലിസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കാറ്റലോണിയയില്‍ പൊതു പണിമുടക്ക്. സ്‌കൂളുകളും സര്‍വകലാശാലകളും പ്രവര്‍ത്തിച്ചില്ല. മെട്രോ, റോഡ് ഗതാഗതത്തെയും പണിമുടക്ക് ബാധിച്ചു. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും ജോലിക്കെത്തിയില്ല. സ്പാനിഷ് ഫുട്‌ബോള്‍ ക്ലബായ എഫ്‌സി ബാഴ്‌സിലോനയും പണിമുടക്കില്‍ പങ്കാളികളാവുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ക്ലബ് ആസ്ഥാനം അടച്ചിടാനും താരങ്ങളുടെ പരിശീലനം നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചിരുന്നതായി ബാഴ്‌സ അധികൃതര്‍ അറിയിച്ചു. ഹിതപരിശോധന അടിച്ചമര്‍ത്തിയ സ്‌പെയിനിന്റെ നടപടി ജനാധിപത്യത്തിനു നേര്‍ക്കുള്ള ആക്രമണമാണെന്ന് കാറ്റലോണിയ തൊഴിലാളി യൂനിയന്‍ നേതാവ് ഹാവിയെര്‍ പാഷെകോ പ്രതികരിച്ചു. എല്ലാ മേഖലയിലുമുള്ള തൊഴിലാളികളോടും പണിമുടക്കില്‍ പങ്കാളികളാവാന്‍ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം അറിയിച്ചു. സ്‌പെയിനില്‍ നിന്ന് കാറ്റലോണിയ വിട്ടുപോവുന്നതിനായുള്ള ഹിതപരിശോധനയ്ക്കിടെയുണ്ടായ പോലിസ് ഇടപെടലില്‍ നൂറുകണക്കിനു പേര്‍ക്ക് പരിക്കേറ്റിരുന്നു. സ്പാനിഷ് പോലിസിന്റെ നടപടിയില്‍ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തണമെന്ന്്് കാറ്റലോണിയന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തിരുന്നു. കാറ്റലോണിയയില്‍ ഇന്നലെ സംഘടിപ്പിച്ച പ്രതിഷേധപ്രകടനങ്ങളില്‍ പതിനായിരക്കണക്കിനു പേര്‍ പങ്കെടുത്തു. കാറ്റലോണിയ സ്വാതന്ത്ര്യ ഹിതപരിശോധനയെത്തുടര്‍ന്ന് പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ രാഷ്ട്രീയപ്രതിസന്ധിയിലൂടെയാണ് സ്‌പെയിന്‍ കടന്നുപോവുന്നത്. പ്രശ്‌നത്തില്‍ പരിഹാരം കാണുന്നതിനായി സ്‌പെയിനിനുമേല്‍ അന്താരാഷ്ട്ര സമ്മര്‍ദം ഉയരുന്നുണ്ട്്. കാറ്റലോണിയ സ്‌പെയിനില്‍നിന്നു വിട്ടുപോവുന്നതില്‍ അഭിപ്രായം തേടിക്കൊണ്ടുള്ള ഹിതപരിശോധനയില്‍ 22ലക്ഷം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചിരുന്നു. ഇതില്‍ 90 ശതമാനവും സ്വാതന്ത്ര്യപ്രഖ്യാപനത്തെ അനുകൂലിച്ചതായി കാറ്റലോണിയന്‍ നേതാക്കള്‍ അറിയിച്ചിരുന്നു. സ്‌പെയിനിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 20 ശതമാനത്തോളം സ്വയംഭരണ മേഖലയായ കാറ്റലോണിയ മേഖലയില്‍ നിന്നുള്ളതാണ്.
Next Story

RELATED STORIES

Share it