World

ഹിജാബ് ധരിച്ച് നീന്തല്‍ക്കുളത്തിലെത്തിയ പെണ്‍കുട്ടികളെ പുറത്താക്കി

വാഷിങ്ടണ്‍: യുഎസിലെ ഡെലാവെയറില്‍ ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടിയെ പൊതു നീന്തല്‍ക്കുളത്തില്‍ നിന്നു പുറത്താക്കി. വില്‍മിങ്ടണ്ണിലെ പൊതു നീന്തല്‍ക്കുളത്തില്‍ നീന്താന്‍ എത്തിയ കുട്ടികളെയാണ് ശിരോവസ്ത്രത്തിന്റെ പേരില്‍ പുറത്താക്കിയത്. സമ്മര്‍ ക്യാംപിന്റെ ഭാഗമായി നീന്തല്‍ക്കുളത്തിലെത്തിയ അധ്യാപികയ്ക്കും വിദ്യാര്‍ഥികള്‍ക്കുമാണ് ദുരനുഭവം. അധ്യാപികയായ തഹ്‌സിയന്‍ ഇസ്മാഈലാണ് തന്റെ വിദ്യാര്‍ഥികളെ പുറത്താക്കിയതിനെതിരേ രംഗത്തെത്തിയത്.
15 വിദ്യാര്‍ഥികളുമായാണ് ഇവര്‍ പൂളില്‍ എത്തിയത്. എന്നാല്‍, തലയില്‍ തുണി ധരിപ്പിച്ച് കുട്ടികളെ പൂളില്‍ ഇറക്കാനാവില്ലെന്നു പൂളിലെ ജീവനക്കാര്‍ പറഞ്ഞതായാണ് ദി വാഷിങ്ടണ്‍ പോസ്റ്റിനു നല്‍കിയ അഭിമുഖത്തില്‍ തഹ്‌സിയന്‍ വ്യക്തമാക്കിയത്. കോട്ടണ്‍ വസ്ത്രമണിഞ്ഞു കുളത്തിലിറങ്ങരുതെന്നായിരുന്നു ജീവനക്കാരന്റെ വാദം. മറ്റുള്ളവരും കോട്ടണ്‍ വസ്ത്രങ്ങളുമായി കുളത്തില്‍ നീന്തുന്നുണ്ടായിരുന്നുവെന്നും പോലിസിനോട് ഇതേക്കുറിച്ച് പരാതിപ്പെട്ടെങ്കിലും മടങ്ങിപ്പോവാനായിരുന്നു നിര്‍ദേശമെന്നും അവര്‍ പറഞ്ഞു. ഇതിനു മുമ്പും സമ്മര്‍ ക്യാംപിന്റെ ഭാഗമായി നീന്തല്‍ക്കുളത്തില്‍ എത്തിയിട്ടുണ്ടെന്നും എന്നാല്‍, ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ പുറത്താക്കുന്നത് ഇത് ആദ്യമായിട്ടാണെന്നും അധ്യാപിക പറഞ്ഞു. സംഭവം വിവാദമായതോടെ വില്‍മിങ്ടണ്‍ മേയര്‍ മാപ്പു പറഞ്ഞു.
Next Story

RELATED STORIES

Share it