Second edit

ഹിംഗ്ലീഷ്, മംഗ്ലീഷ്‌

കംപ്യൂട്ടറില്‍ മലയാളഭാഷ ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യുമ്പോള്‍ അത് മംഗ്ലീഷ് ആയി. എന്നാല്‍, ഹിംഗ്ലീഷ് കുറേക്കൂടി വികാസം പ്രാപിച്ച് ഏതാണ്ടൊരു ഭാഷതന്നെയായിരിക്കുന്നു. ഹിന്ദിയും ഇംഗ്ലീഷും കൂട്ടിക്കലര്‍ത്തിയ ഹിംഗ്ലീഷ് ഇപ്പോള്‍ ബ്രിട്ടനിലെ ഒരു കോളജില്‍ പഠിപ്പിക്കുന്നുണ്ട്. ഹാംപ്ഷയറിലെ പോര്‍ട്‌സ്മൗത്ത് കോളജിലെ പ്രോഗ്രാമിന്റെ ഭാഗമായാണ് 12 ആഴ്ച നീണ്ടുനില്‍ക്കുന്ന ഈ കോഴ്‌സ്. ഈ കോഴ്‌സില്‍ ചേര്‍ന്നു പഠിക്കാന്‍ വിദ്യാര്‍ഥികളുമുണ്ട്.
ടെലിവിഷന്‍ വ്യാപകമായതോടെയാണ് ഹിന്ദി ഇന്ത്യയിലുടനീളം മുന്‍കൈ സ്ഥാപിച്ചത്. ടിവി അവതാരകര്‍ ഹിന്ദിയും ഇംഗ്ലീഷും കൂട്ടിക്കലര്‍ത്തി സംസാരിക്കാന്‍ തുടങ്ങി. 'ഹി ഒക്കേഷനലി ആതാഹെ'യെന്നും മറ്റുമുള്ള അവരുടെ ഹിംഗ്ലീഷ് ജനം സ്വീകരിക്കുകയും ചെയ്തു. ഈ സങ്കരഭാഷയാണ് ഇപ്പോള്‍ ജനസമ്മതി നേടിയിട്ടുള്ളതും. ഇന്ത്യയുമായി ബന്ധപ്പെട്ട പരസ്യവാചകങ്ങള്‍, പത്രങ്ങളിലെ തലക്കെട്ടുകള്‍, സിനിമാ പേരുകള്‍ തുടങ്ങിയവ കലാപരമായി ആവിഷ്‌കരിക്കാനാണ് ഇംഗ്ലണ്ടില്‍ ഹിംഗ്ലീഷ് ഉപയോഗിക്കുന്നത്. ബ്രിട്ടനില്‍ ഇന്ത്യാ ഉപഭൂഖണ്ഡങ്ങളില്‍ നിന്നുള്ള കുടിയേറ്റം വര്‍ധിച്ചതോടെ ഹിംഗ്ലീഷ് ഏറെ സ്വീകാര്യമാവുകയും ചെയ്തു. ഇന്ത്യന്‍ കമ്പനികളിലാണ് ഈ മിശ്രഭാഷയ്ക്ക് ഇപ്പോള്‍ പ്രചാരം കൂടുതല്‍.
ഹിംഗ്ലീഷ് ഒരു സ്വതന്ത്ര ഭാഷയായി വളരുമോ എന്ന കാര്യത്തില്‍ ഭാഷാശാസ്ത്രജ്ഞര്‍ക്ക് സംശയമുണ്ട്. പക്ഷേ, ഒന്നും പറഞ്ഞുകൂടാ. ഭാഷകളുടെ ഉദ്ഭവ വികാസ ചരിത്രങ്ങളില്‍ പല അദ്ഭുതങ്ങളും സംഭവിച്ചിട്ടുണ്ടല്ലോ.
Next Story

RELATED STORIES

Share it