Flash News

ഹാദിയ കേസ്: ബാഹ്യ മനോഭാവം വച്ചുള്ള നടപടി ശരിയായില്ല: ഹൈക്കോടതിക്കും സര്‍ക്കാരിനും സുപ്രിംകോടതി വിമര്‍ശനം

ഹാദിയ കേസ്:  ബാഹ്യ മനോഭാവം വച്ചുള്ള  നടപടി   ശരിയായില്ല: ഹൈക്കോടതിക്കും സര്‍ക്കാരിനും   സുപ്രിംകോടതി വിമര്‍ശനം
X
സിദ്ദിഖ് കാപ്പന്‍
ന്യൂഡല്‍ഹി: ഹാദിയകേസില്‍ ഹൈക്കോടതി വിധിക്കും സംസ്ഥാന സര്‍ക്കാരിനുമെതിരേ സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഹാദിയ കേസില്‍ ബാഹ്യ മനോഭാവം വച്ചു കൊണ്ട് ഹൈക്കോടതി നടപടിയെടുത്തതു ശരിയായില്ലെന്നു സുപ്രിംകോടതി. ഹാദിയ കേസില്‍ സുപ്രിംകോടതി ഇന്നലെ പുറത്തിറക്കിയ സമ്പൂര്‍ണ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഹാദിയയുടെ ഭാഗം കേട്ട ശേഷവും ഹൈക്കോടതി അവളെ സ്വതന്ത്രയാക്കാതിരുന്നതു ഗുരുതരമായ തെറ്റാണെന്നും വിധിയില്‍ പറയുന്നു. പിതൃ ആധിപത്യമുള്ള ഒരു സമൂഹത്തിന്റെ ഭാഗമായ വിധിയായി അതിനെ കാണേണ്ടിവരുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.



രാജ്യം രക്ഷകര്‍ത്താവാകുന്ന സംഭവമാണിത്. അത് അത്ര നല്ലതല്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. കൂടാതെ, ഹാദിയയുടെ പിതാവ് ആരോപിക്കുന്ന വിഷയങ്ങള്‍ ഉദ്ധരിക്കുന്നിടത്ത് ഒന്നുരണ്ടു സ്ഥലങ്ങളിലൊഴികെ അഖില എന്ന പേര് ഇന്നലെ പുറത്തിറങ്ങിയ 61 പേജുള്ള സുപ്രിംകോടതി ഉത്തരവില്‍ പരാമര്‍ശിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
മുമ്പു സുപ്രിംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ നിന്നു വ്യത്യസ്തമായി പുതുതായി ഒന്നും ഇന്നലെ പുറത്തിറങ്ങിയ അന്തിമവിധിയില്‍ പറയുന്നില്ല. കേസിന്റെ സാഹചര്യങ്ങള്‍ വിശദീകരിക്കുന്നതിനു വേണ്ടിയാണ് 61 പേജുള്ള വിധിയില്‍ ഏറെ ഭാഗവും പരാമര്‍ശിക്കുന്നത്. എന്നാല്‍, ഹൈക്കോടതിയുടെ നടപടികളെ നിശിതമായി വിമര്‍ശിക്കുന്നതാണു സുപ്രിംകോടതിയുടെ അന്തിമ വിധി. ഹൈക്കോടതിയുടെ നടപടി അപഹാസ്യമാണ്.
വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്‍ മേല്‍ ഹൈക്കോടതി കടന്നുകയറി. ഹൈക്കോടതിയുടെ നടപടി വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു രാജ്യത്തിന് അപമാനമാണ്. കേസ് കോടതി അനാവശ്യമായി വലിച്ചുനീട്ടിക്കൊണ്ടുപോയി. പ്രായപൂര്‍ത്തിയായ ഒരളുടെ മേല്‍ രാജ്യം രക്ഷകര്‍ത്താവാകുന്ന രീതിയാണ് അതിലുണ്ടായിട്ടുള്ളത്.
മഹത്തായ ഹേബിയസ് കോര്‍പസിന് അടിസ്ഥാനമൂല്യങ്ങളെ ചെവിട്ടിമതിക്കുന്നതും തെറ്റുകളുടെ കൂമ്പാരവുമാണു ഹൈക്കോടതി വിധി. വ്യക്തിയുടെ നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട സംസ്ഥാന സര്‍ക്കാര്‍, പിതാവിന്റെ നിഗൂഢമായ താ ല്‍പര്യങ്ങള്‍ക്കൊപ്പം നിന്നെന്നും ഉത്തരവില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വഷണം നിയമപരിധിക്ക് പുറമേക്കു പോവരുത്. ഹാദിയയുടെയും ഷെഫിന്‍ ജഹാന്റെയും ശാന്തമായ കുടുംബജീവിതത്തിനു തടസ്സമാവുന്ന അന്വേഷണം പാടില്ല. കുറ്റവാളിയാണെങ്കില്‍ മാത്രമേ അന്വേഷണം പാടുള്ളൂ. അതും നിയമ പരിധിയില്‍ നിന്ന് മാത്രമേ ആകാവൂ എന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വിധിയില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it