ഹര്‍ദിക് പട്ടേലിനെ ആശുപത്രിയിലേക്കു മാറ്റി

അഹ്മദാബാദ്: നിരാഹാര സമരം നടത്തുന്ന പട്ടേല്‍ സംവരണപ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേലിനെ സോള ആശുപത്രിയിലേക്കു മാറ്റി. കഴിഞ്ഞ 14 ദിവസമായി ഉപവാസമനുഷ്ഠിക്കുന്ന അദ്ദേഹത്തെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആരോഗ്യം വഷളായതു കണക്കിലെടുത്ത് ആശുപത്രിയില്‍ പ്രവേശിക്കണമെന്ന അനുയായികളുടെ അഭ്യര്‍ഥന ഹര്‍ദിക് സ്വീകരിക്കുകയായിരുന്നുവെന്ന് പടിധര്‍ അനാമത്ത് ആന്ദോളന്‍ സമിതി (പാസ്) വക്താവ് മനോജ് പനാര അറിയിച്ചു. ഹര്‍ദിക്കുമായി ചര്‍ച്ച നടത്താന്‍ ഗുജറാത്ത് സര്‍ക്കാരിനു നല്‍കിയ സമയപരിധി കഴിഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹം വ്യാഴാഴ്ച വൈകുന്നേരം മുതല്‍ വെള്ളം കുടിക്കുന്നതും നിര്‍ത്തിയിരുന്നു.
ഹര്‍ദിക്കിന്റെ പോരാട്ടം തുടരുമെന്ന് മറ്റൊരു പാസ് നേതാവായ ധര്‍മിക് മാളവ്യ അറിയിച്ചു. ഹര്‍ദിക് തീവ്രപരിചരണ വിഭാഗത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു.
പട്ടേല്‍ സമുദായത്തിന് സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം നടപ്പാക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആഗസ്ത് 25നാണ് ഹര്‍ദിക് സ്വവസതിയില്‍ നിരാഹാരം തുടങ്ങിയത്.

Next Story

RELATED STORIES

Share it