kannur local

ഹര്‍ത്താല്‍ പൂര്‍ണം: മാഹി പോലിസ് വലയത്തില്‍

കണ്ണൂര്‍: മാഹിക്കടുത്ത പള്ളൂരില്‍ സിപിഎം, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ചതിനെ തുടര്‍ന്ന് കണ്ണൂരിലും മാഹിയിലും സിപിഎമ്മും ബിജെപിയും പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണം. വിലാപയാത്രയ്ക്ക് പിന്നാലെ വ്യാപക അക്രമം അരങ്ങേറിയ മാഹി, തലശ്ശേരി മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കും. പുതുച്ചേരി പോലിസ് കേരളത്തോടു സഹായം തേടിയിട്ടുണ്ട്. സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ അതിര്‍ത്തി പ്രദേശത്തും തലശ്ശേരി സബ് ഡിവിഷന്‍ പരിധിയിലും സുരക്ഷ ശക്തമാക്കി.
മാഹിയുടെ സമീപപ്രദേശങ്ങളായ ചൊക്ലി, പള്ളൂര്‍, ന്യൂമാഹി പ്രദേശങ്ങളില്‍ കൂടുതല്‍ പോലിസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. എആര്‍ ക്യാംപിലെ ഒരു കമ്പനി പോലിസിനെയും ഈ മേഖലയിലേക്ക് നിയോഗിച്ചു. സംഘര്‍ഷം പടരാതിരിക്കാന്‍ പോലിസ് പട്രോളിങും വാഹനപരിശോധനയും നടത്തുന്നു. സബ് ഡിവിഷനു കീഴിലെ സിഐമാരുടെ നേതൃത്വത്തിലായിരിക്കും പരിശോധന. ജില്ലാ പോലിസ് ചീഫ് ജി ശിവവിക്രം, ഐജി  ബല്‍റാംകുമാര്‍ ഉപാധ്യായ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. മേഖലയിലെ എല്ലാ സ്‌റ്റേഷനിലും ജാഗ്രതാനിര്‍ദേശം നല്‍കി.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഇന്നലെ പുതുച്ചേരി പോലിസ് മാഹിയിലും കേരള പോലിസ് ന്യൂമാഹിയിലും കൂടുതല്‍ പോലിസ് സേനയെ വിന്യസിച്ചിരുന്നെങ്കിലും അക്രമം തടയാന്‍ കഴിഞ്ഞില്ല. പോലിസ് നോക്കിനില്‍ക്കെയായിരുന്നു പാര്‍ട്ടി ഓഫിസുകളും സ്ഥാപനങ്ങളും തകര്‍ത്തത്. ഒടുവില്‍ നേതാക്കള്‍ ഇടപെട്ട് അണികളെ അനുനയിപ്പിക്കുകയായിരുന്നു. അതിനിടെ, രാത്രി വൈകി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനജീവിതത്തെ സാരമായി ബാധിച്ചു. വാഹനങ്ങളെ ഒഴിവാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും വിവിധ സ്ഥലങ്ങളില്‍ ഇരു പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. സ്വകാര്യബസ്സുകള്‍ സര്‍വീസ് നടത്തിയില്ല. കെഎസ്ആര്‍ടിസി ബസ്സുകളും അപൂര്‍വം സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി.
കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കലക്്ടറേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഹാജര്‍നില കുറവായിരുന്നു. അര്‍ധരാത്രി പ്രഖ്യാപിച്ച ഹര്‍ത്താല്‍ വിവരം ജനമറിയുമ്പോഴേക്കും ഹര്‍ത്താല്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. ഹര്‍ത്താല്‍ അറിയാതെ ബസ്സ്റ്റാന്റുകളിലും റെയില്‍വേ സ്‌റ്റേഷനിലും വന്നിറങ്ങിയ യാത്രക്കാര്‍ വലഞ്ഞു. ഇവരെ പോലിസ് ബസ്സില്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. ഹര്‍ത്താലനുകൂലികള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി.
Next Story

RELATED STORIES

Share it