Most commented

ഹര്‍ത്താല്‍ നിയന്ത്രണബില്‍ സെലക്റ്റ് കമ്മിറ്റിക്ക്

തിരുവനന്തപുരം: ഹര്‍ത്താല്‍ നിയന്ത്രിക്കുന്നതിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുമുള്ള ബില്ല് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി നിയമസഭ സെലക്റ്റ് കമ്മിറ്റിക്ക് വിട്ടു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ബില്ല് അവതരിപ്പിച്ചത്. കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നത് നന്നായിരിക്കുമെന്ന് ഭരണപക്ഷത്ത് നിന്നുള്‍പ്പെടെയുള്ള അംഗങ്ങള്‍ ആവശ്യപ്പെട്ടതോടെ ബില്ല് സെലക്റ്റ് കമ്മിറ്റിക്ക് വിടുകയായിരുന്നു. വിശദമായ ചര്‍ച്ചകള്‍ക്കുശേഷം അടുത്ത സഭാസമ്മേളനത്തില്‍ ബില്ല് പാസാക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. ന്യായമായ നിയന്ത്രണങ്ങള്‍ മാത്രമേ ബില്ലില്‍ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ഹര്‍ത്താല്‍ നിയന്ത്രിക്കുന്നത് കരിനിയമമാണെന്നും ബില്ല് പൊതുജനാഭിപ്രായത്തിന് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ജനാധിപത്യപരമായ ആശയപ്രചാരണത്തെ അടിച്ചമര്‍ത്തുന്നതാണ് ബില്ല്. സംഘടിക്കാനും സമരം ചെയ്യാനുമുള്ള സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനാണ് ശ്രമം. ബില്ല് പിന്‍വലിക്കണം. ഹര്‍ത്താല്‍ നിയന്ത്രണബില്ലിനെതിരേ ഹര്‍ത്താല്‍ നടത്തേണ്ടിവരുമെന്നും പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കി. ഹര്‍ത്താലോ സമരങ്ങളോ നിയന്ത്രിക്കുന്നതല്ല ബില്ലെന്ന് ആഭ്യന്തരമന്ത്രി വിശദീകരിച്ചു. ജനതാല്‍പര്യം പരിഗണിച്ചാണ് ബില്ല് അവതരിപ്പിക്കുന്നത്. ന്യായമായ സമരങ്ങള്‍ക്ക് സര്‍ക്കാര്‍ എതിരല്ല. ആര്‍ക്കും എന്തിനും ഹര്‍ത്താല്‍ പ്രഖ്യാപിക്കാമെന്ന സ്ഥിതി മാറണം. സാധാരണക്കാരന്റെ സഞ്ചാരസ്വാതന്ത്ര്യവും തൊഴില്‍ സ്വാതന്ത്ര്യവും സംരക്ഷിക്കുക മാത്രമാണ് ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു.
കരട് ബില്ല് തയ്യാറാക്കിയ ശേഷം സമൂഹിക മാധ്യമങ്ങളിലൂടെ ചര്‍ച്ച നടത്തിയതും പൊതുജനാഭിപ്രായം സ്വീകരിച്ചതും നിയമസഭയെ അവഹേളിക്കലാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷ നിലപാടിനോട് സ്പീക്കര്‍ യോജിച്ചുവെങ്കിലും ആഭ്യന്തരമന്ത്രി സദുദ്ദേശ്യത്തോടെ ചെയ്തകാര്യത്തില്‍ നിയമതടസ്സമൊന്നുമില്ലെന്ന് റൂളിങ് നല്‍കി.
ഹര്‍ത്താല്‍ ദിനത്തില്‍ ബലമായി കടകള്‍ അടപ്പിക്കുകയോ വാഹനയാത്ര തടസ്സപ്പെടുത്തുകയോ ജോലിക്ക് ഹാജരാവുന്നവരെ തടയുകയോ ചെയ്യുന്നത് ആറുമാസം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ രണ്ടുംകൂടിയോ ലഭിക്കാവുന്ന കുറ്റമായിരിക്കുമെന്ന് ബില്ല് വ്യവസ്ഥ ചെയ്യുന്നു.
Next Story

RELATED STORIES

Share it