Flash News

ഹരിയാന: നൂഹിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപുകള്‍ കത്തിനശിച്ചു

ന്യൂഡല്‍ഹി: ഹരിയാനയിലെ നൂഹ് ജില്ലയിലുള്ള റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപ് കത്തിനശിച്ചു. 187 അഭയാര്‍ഥികള്‍ താമസിക്കുന്ന ക്യാംപിലെ 57 കുടിലുകളാണ് പൂര്‍ണമായും കത്തിനശിച്ചത്. അപകടം നടക്കുമ്പോള്‍ അഭയാര്‍ഥികള്‍ ആരും തന്നെ ഇവിടെ ഉണ്ടായിരുന്നില്ല. ഇവര്‍ എല്ലാവരും ജില്ലാ പോലിസ് സൂപ്രണ്ടിന്റെ ഓഫിസില്‍ വിരലടയാളം പതിപ്പിക്കുന്നതിനായി പോയതായിരുന്നു. തീപ്പിടിത്തത്തിനു പിന്നില്‍ ഗൂഢാലോചനയുള്ളതായി സംശയിക്കുന്നതായി അഭയാര്‍ഥികള്‍ പറഞ്ഞു. അതേസമയം, ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് പാചകവാതക സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പോലിസ് പറയുന്നത്. ഞായറാഴ്ച 2.50ഓടെയാണ് അലിഷാന്‍ എന്നയാളുടെ കുടിലില്‍ നിന്ന് ആദ്യം തീ കണ്ടതെന്നു റോഹിന്‍ഗ്യന്‍ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന റൈറ്റ്‌സ് ഫോര്‍ റോഹിന്‍ഗ്യ ട്വിറ്ററില്‍ കുറിച്ചു.
നിരവധി അഭയാര്‍ഥികളുടെ തിരിച്ചറിയല്‍ രേഖകളും അവര്‍ ധരിച്ചിരുന്നതല്ലാത്ത വസ്ത്രങ്ങളും കത്തിനശിച്ചുവെന്ന് അഭയാര്‍ഥിയായ ജഫ്‌റുല്ല പറഞ്ഞു. 2012 മെയില്‍ നിര്‍മിച്ച ആറു ക്യാംപുകളിലായി 13,000 അഭയാര്‍ഥികളാണുള്ളത്. 360 കുടുംബങ്ങള്‍ക്കാണ് ഇവിടെ ക്യാംപ് ഒരുക്കിയിരിക്കുന്നത്. കടുത്ത ചൂടും റമദാന്‍ നോമ്പുകാലവുമായതിനാല്‍ സംഭവത്തോടെ അഭയാര്‍ഥികള്‍ ഏറെ ദുരിതത്തിലായിരിക്കുകയാണ്. ഡല്‍ഹിയിലെ കാളിന്ദി കുഞ്ചിലുള്ള അഭയാര്‍ഥി ക്യാംപും നേരത്തേ ഒന്നില്‍ കൂടുതല്‍ തവണ അഗ്നിക്കിരയായിരുന്നു. ഏപ്രില്‍ 15ന് കാളിന്ദി കുഞ്ചിലെ ക്യാംപിന് തീവച്ചത് താനാണെന്നു വെളിപ്പെടുത്തി ബിജെപി നേതാവ് മനീഷ് ചണ്ടേല രംഗത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it