ഹരിത ട്രൈബ്യൂണലിന്റെ വിവിധ ഡിവിഷന്‍ ബെഞ്ചുകള്‍ അടച്ചുപൂട്ടി

ന്യൂഡല്‍ഹി: ഒഴിവുകളില്‍ നിയമനം നടത്താതെയും സംസ്ഥാനങ്ങളിലെ ഡിവിഷന്‍ ബെഞ്ചുകള്‍ അടച്ചു പൂട്ടിയും ഹരിത ട്രൈബ്യൂണലിനെ നരേന്ദ്രമോദി സര്‍ക്കാര്‍ ഒതുക്കുന്നു. പ്രവര്‍ത്തനത്തിന് ആവശ്യമായ ജുഡീഷ്യല്‍ അംഗങ്ങള്‍ ഇല്ലാത്തതിനാല്‍ ഹരിത ട്രൈബ്യൂണലിന്റെ പൂനെ, ഭോപാല്‍, ചെന്നൈ, കൊല്‍ക്കത്ത ഡിവിഷന്‍ ബെഞ്ചുകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടിയിരിക്കുകയാണ്. ഡിവിഷന്‍ ബെഞ്ചുകളുടെ പ്രവര്‍ത്തനം നിലച്ചതോടെ പരാതിക്കാര്‍ വിചാരണയ്ക്കും മറ്റു നടപടികള്‍ക്കുമായി പതിവായി ഡ ല്‍ഹിക്കു വരേണ്ട അവസ്ഥയാണ് ഇപ്പോള്‍.
3,236 കേസുകളാണ് ഇപ്പോള്‍ ദേശീയ ഹരിത ട്രൈബ്യൂണലില്‍ തീര്‍പ്പാവാതെ കെട്ടിക്കിടക്കുന്നത്. ഡല്‍ഹി പ്രിന്‍സിപ്പല്‍ ബെഞ്ചിനു മുന്നില്‍ മാത്രം 1,484 കേസുകള്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നുണ്ട്. ചെന്നൈ ഡിവിഷന്‍ ബെഞ്ചിനു മുന്നില്‍ 579ഉം പൂനെ ബെഞ്ചില്‍ 580ഉം ഭോപാല്‍ ബെഞ്ചിന് മുന്നില്‍ 325ഉം കൊല്‍ക്കത്ത ഡിവിഷന്‍ ബെഞ്ചില്‍ 268 കേസുകളുമാണ് തീര്‍പ്പ് കാത്ത് കിടക്കുന്നത്.
ഒരു ചെയര്‍പേഴ്‌സണും 10 ജുഡീഷ്യല്‍ അംഗങ്ങളും 10 പേരടങ്ങിയ വിദഗ്ധ സമിതിയുമാണു ഹരിത ട്രൈബ്യൂണലില്‍ ഉണ്ടായിരിക്കേണ്ട ചുരുങ്ങിയ അംഗങ്ങള്‍. പരമാവധി 20 ജുഡീഷ്യല്‍ അംഗങ്ങളും 20 പേരുടെ വിദഗ്ധ സമിതിയുമാവാം.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2017 ആഗസ്ത് 29ന് അഞ്ച് ജുഡീഷ്യല്‍ അംഗങ്ങളുടെയും ഏഴ് വിദഗ്ധ സമിതി അംഗങ്ങളുടെയും ഒഴിവില്‍ വിജ്ഞാപനം ഇറക്കിയിരുന്നു. കഴിഞ്ഞ ജൂണില്‍ ഫിനാന്‍സ് ആക്ടിലെ ഹരിത ട്രൈബ്യൂണലിന്റെ വ്യവസ്ഥകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇതോടെ കേന്ദ്രത്തിന് അതിര് കവിഞ്ഞ അധികാരം ലഭിച്ചു.
Next Story

RELATED STORIES

Share it