Flash News

ഹയര്‍ സെക്കന്‍ഡറി സ്ഥലംമാറ്റം അപാകതകള്‍ പരിഹരിക്കണം: എകെഎസ്ടിയു



തിരുവനന്തപുരം: സപ്തംബര്‍ 28നു ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് പുറത്തിറക്കിയ കരട് സ്ഥലംമാറ്റ പട്ടിക കേരളത്തിലെ അംഗീകൃത അധ്യാപക സംഘടനകള്‍ അംഗീകരിച്ച സ്ഥലംമാറ്റ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും അതു പിന്‍വലിച്ച് എത്രയും വേഗം അപാകതകളില്ലാതെ സ്ഥലംമാറ്റം നടപ്പാക്കണമെന്നും എകെഎസ്ടിയു ആവശ്യപ്പെട്ടു. ഹോംസ്റ്റേഷന്‍ ദൂരപരിധി 25 കി.മീറ്ററായി നിശ്ചയിച്ചതു തെറ്റായ നടപടിയാണ്. ചട്ടത്തില്‍ ഇല്ലാത്തതും സംഘടനായോഗം ചര്‍ച്ചപോലും ചെയ്യാത്തതുമായ നടപടിയാണിത്. ഒരു തസ്തികയിലേക്കു മൂന്നും നാലും പേരെ വരെ സ്ഥലംമാറ്റി നിയമിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി ദൂര ജില്ലകളില്‍ സേവനമനുഷ്ഠിക്കുന്ന അധ്യാപകര്‍ക്കു മാതൃ ജില്ലയിലോ സമീപത്തോ നിയമനം ലഭിച്ചിട്ടില്ല. അതേസമയം ഒരു വര്‍ഷത്തില്‍ താഴെ കാലമായി അന്യജില്ലയില്‍ സേവനമനുഷ്ഠിച്ചവര്‍ക്ക് (കഴിഞ്ഞ സ്ഥലംമാറ്റത്തിലും ജൂനിയര്‍ റ്റു സീനിയര്‍ പ്രമോഷനിലും) ഹോം സ്റ്റേഷനില്‍ തിരികെയെത്തുന്നതിനു കഴിഞ്ഞു.അധ്യാപകരുടെ സീനിയോറിറ്റി സംബന്ധമായ വിവരങ്ങള്‍ അറിയാനുള്ള അവസരം കരട് പട്ടികയില്‍ ഇല്ലാത്തതിനാല്‍ ക്രമക്കേട് നടന്നതായി ആശങ്കപ്പെടുന്നു. മലയോര ജില്ലകളിലെ സേവനത്തിന് നല്‍കിയിട്ടുള്ള വെയിറ്റേജ് പാലിക്കപ്പെട്ടിട്ടില്ല. ഓപ്ഷന്‍ പരിഗണിച്ചല്ല സ്ഥലംമാറ്റം നല്‍കിയിരിക്കുന്നത്.  അനുകമ്പാര്‍ഹരുടെ പട്ടിക അപൂര്‍ണമാണ്. അര്‍ഹതയുള്ള പലരെയും പരിഗണിച്ചിട്ടില്ല. വിരമിക്കാന്‍ രണ്ടുവര്‍ഷം മാത്രം ബാക്കിയുള്ളവര്‍ക്ക് ആനുകൂല്യം ലഭിച്ചിട്ടില്ല.കഴിഞ്ഞ ഹയര്‍ സെക്കന്‍ഡറി സ്ഥലംമാറ്റം (2015) ഒട്ടേറെ വിവാദങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ആ അനുഭവം കൂടി പരിഗണിച്ച് സുതാര്യവും വ്യവസ്ഥകള്‍ക്കു വിധേയമായതുമായ സ്ഥലംമാറ്റം നടത്തുന്നതിനുള്ള നടപടി എത്രയുംവേഗം സ്വീകരിക്കണമെന്ന് കെഎസ് ടിയു പറഞ്ഞു.
Next Story

RELATED STORIES

Share it