World

ഹഖാനി ശൃംഖല സ്ഥാപകന്‍ ജലാലുദ്ദീന്‍ ഹഖാനി മരിച്ചു

കാബൂള്‍: അഫ്ഗാനിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സായുധ പോരാളികളായ ഹഖാനിയുടെ സ്ഥാപക നേതാവ് ജലാലുദ്ദീന്‍ ഹഖാനി മരിച്ചതായി താലിബാന്‍ അറിയിച്ചു. ഹഖാനി സാഹിബ് വിടവാങ്ങി, ഇനി അദ്ദേഹത്തിന്റെ ആശയങ്ങള്‍ നിലനില്‍ക്കും- താലിബാന്‍ പ്രസ്താവനയില്‍ അറിയിച്ചു. അസുഖബാധിതനായ ജലാലുദ്ദീന്‍ ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു. എന്നാ ല്‍ മരിച്ച ദിവസമോ സ്ഥലമോ താലിബാന്‍ വ്യക്തമാക്കിയിട്ടില്ല. ജലാലുദ്ദീന്‍ ഹഖാനിയുടെ മരണം സംബന്ധിച്ചു നിരവധി വാര്‍ത്തകള്‍ നേരത്തേ വന്നിരുന്നു. രോഗബാധിതനായതിനു ശേഷം മകന്‍ സിറാജുദ്ദീന്‍ ഹഖാനിയാണ് സംഘടന നയിക്കുന്നത്. ഇപ്പോള്‍ പാകിസ്താനില്‍ വേരുകളുള്ള ഹഖാനി ഗ്രൂപ്പിന്റെ നേതൃത്വം 2001ലാണ് ജലാലുദ്ദീന്‍ ഹഖാനിയുടെ മകന്‍ സിറാജുദ്ദീന്‍ ഏറ്റെടുത്തത്. 1996ല്‍ താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തപ്പോള്‍ സര്‍ക്കാരില്‍ ഗോത്രവര്‍ഗ വകുപ്പ് മന്ത്രിയായിരുന്നു ജലാലുദ്ദീന്‍ ഹഖാനി. 2001ല്‍ താലിബാന്‍ പിന്തള്ളപ്പെട്ടപ്പോള്‍ വീണ്ടും ആയുധമെടുക്കുകയായിരുന്നു.1970കളിലാണ് ജലാലുദ്ദീന്‍ ഹഖാനി സ്വന്തം സംഘത്തിനു രൂപം നല്‍കിയത്. അഫ്ഗാനില്‍ അധിനിവേശം നടത്തിയ സോവിയറ്റ് സൈന്യത്തിനെതിരേയാണ് അദ്ദേഹവും അനുയായികളും സായുധ സംഘത്തിനു രൂപം നല്‍കിയത്. മുന്‍ യുഎസ് കോണ്‍ഗ്രസ് അംഗം ചാര്‍ലി വില്‍സണ്‍ ജലാലുദ്ദീനെ വിശേഷിപ്പിച്ചത് നന്മയുടെ ആള്‍രൂപമെന്നാണ്. താലിബാനുമായും അല്‍ഖാഇദയുമായും ബന്ധം പുലര്‍ത്തിയിരുന്ന ഹഖാനി നെറ്റ്‌വര്‍ക്കാണ് അഫ്ഗാനിലെ നാറ്റോ സൈന്യത്തിനെതിരായ ആക്രമണങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്നത്. 1980കളില്‍ അമേരിക്കന്‍ പിന്തുണയോടെ സോവിയറ്റ് സൈന്യത്തിനെതിരേ യുദ്ധം നടത്തിയ ഹഖാനി നെറ്റ്‌വര്‍ക്കിന് പണം മുടക്കിയിരുന്നത് അമേരിക്കയായിരുന്നുവെന്ന് ആരോപണമുണ്ടായിരുന്നു. 2012ലാണ് അമേരിക്ക ഹഖാനി ഗ്രൂപ്പിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചത്. 2015ല്‍ പാകിസ്താനും സംഘടനയെ നിരോധിച്ചിരുന്നു.



Next Story

RELATED STORIES

Share it