സ്‌ഫോടകവസ്തു ഉപയോഗിച്ച് സിഡിഎം തകര്‍ത്തു

ആലുവ: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആലുവ ദേശം ശാഖയിലെ കാഷ് ഡെപോസിറ്റ് മെഷീന്‍ (സിഡിഎം) കൗണ്ടര്‍ സ്‌ഫോടകവസ്തു ഉപയോഗിച്ച് അക്രമികള്‍ തകര്‍ത്തു. പണം സൂക്ഷിച്ചിരുന്ന കാഷ് ബോര്‍ഡ് തകര്‍ക്കാനായില്ല. ഇന്നലെ പുലര്‍ച്ചെ 2.32 ഓടെയായിരുന്നു സംഭവം. ഹെല്‍മെറ്റ് ധരിച്ച് അങ്കമാലി ഭാഗത്തു നിന്ന് ബൈക്കില്‍ എത്തിയ രണ്ടംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് ബാങ്കിന്റെ സിസിടിവി കാമറയിലെ ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായിട്ടുണ്ട്. എന്നാല്‍, അക്രമികളെ തിരിച്ചറിയാനായിട്ടില്ല.
നീല ഷര്‍ട്ടും പാന്റ്‌സും ധരിച്ചയാള്‍ ബൈക്കില്‍ നിന്നിറങ്ങി സ്‌ഫോടക വസ്തുവുമായി 2.31 ഓടെയാണ് സിഡിഎമ്മില്‍ കയറിയത്. ബൈക്ക് ഓടിച്ചയാള്‍ റോഡില്‍ കാവല്‍നിന്നു. സ്‌ഫോടകവസ്തുക്കള്‍ വച്ച ശേഷം പുറത്തിറങ്ങി. തുടര്‍ന്ന് 2.32നാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ഗ്ലാസും എസിയും അടക്കമുള്ള മേല്‍ത്തട്ട് പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. ചില്ലുകളും മറ്റവശിഷ്ടങ്ങളും റോഡില്‍ ചിതറിവീണു.
പരിസരമാകെ പുക പടലവും ഉയര്‍ന്നു. ഈ സമയം പട്രോളിങ് കഴിഞ്ഞ് വരുകയായിരുന്ന നെടുമ്പാശ്ശേരി എസ്‌ഐ കബീറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സിഡിഎം കൗണ്ടറില്‍ നിന്നും പുക ഉയരുന്നത് കണ്ടാണ് സ്‌ഫോടനം നടന്ന വിവരം അറിയുന്നത്. പോലിസ് വാഹനത്തിന്റെ മുകളിലെ ഹെഡ്‌ലൈറ്റ് പ്രകാശിക്കുന്നത് കണ്ട് അക്രമികള്‍ ബൈക്കില്‍ കയറി ആലുവ ഭാഗത്തേക്ക് രക്ഷപ്പെടുന്നതും സിസിടിവിയില്‍ വ്യക്തമാവുന്നുണ്ട്. എന്നാല്‍, അക്രമികളെ പോലിസിന് കാണാന്‍ സാധിച്ചിരുന്നില്ല.
സംഭവമറിഞ്ഞ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ഐജി എസ് ശ്രീജിത്ത്, ജില്ല റൂറല്‍ എസ്പി പി എന്‍ ഉണ്ണിരാജ, ആലുവ ഡിവൈഎസ്പി വൈ ആര്‍ രെസ്റ്റം, നെടുമ്പാശ്ശേരി സിഐ വി എസ് ഷാജു, അന്‍വര്‍സാദത്ത് എംഎല്‍എ തുടങ്ങിയവര്‍ സ്ഥലത്തെത്തി. ബോംബ് സ്‌ക്വാഡും പോലിസ് നായയും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്ത് പരിശോധന നടത്തി. ബാങ്ക് മാനേജരുടെ പരാതിയെത്തുടര്‍ന്ന് നെടുമ്പാശ്ശേരി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്ന് മാസം മുമ്പാണ് കുന്നുംപുറത്ത് ബാങ്കിന്റെ ദേശം ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിച്ചത്.
Next Story

RELATED STORIES

Share it