kozhikode local

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് വീതംവച്ചു; ഡോ. കുഞ്ഞാലി പ്രസിഡന്റ്

കോഴിക്കോട്: ഒടുവില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളും രാഷ്ട്രീയക്കാര്‍ കൈയടക്കി. സംസ്ഥാനത്തെ പതിനാലു ജില്ലാ പ്രസിഡന്റുമാരെ യുഡിഎഫിലെ മൂന്നു പാര്‍ട്ടികള്‍ വീതംവച്ചു. കോണ്‍ഗ്രസ് 10, ജെഡിയു 1, മുസ്‌ലിംലീഗ് 2, കേരളാ കോണ്‍ഗ്രസ് 1 എന്നിങ്ങനെയായിരുന്നു വീതംവെപ്പ്.
കേരള സ്‌പോര്‍ട്‌സ് കൗ ണ്‍സില്‍ ആരംഭിച്ച 1952 മുതല്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്കു നടന്നിരുന്ന തിരഞ്ഞെടുപ്പ് ഉണ്ടാവില്ല. കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി ഡോ. കെ കുഞ്ഞാലി സ്ഥാനമേറ്റു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന സ്ഥാനാരോഹണച്ചടങ്ങില്‍ പി വി ഗംഗാധരന്‍, സുന്ദര്‍ദാസ്, ഡോ. കെ മൊയ്തു, ഇ വി ഉസ്മാന്‍കോയ, കെ അബ്ദുല്‍മജീദ്, പി എം മുസമ്മില്‍, എ വല്‍സലന്‍, ബഷീര്‍ സംബന്ധിച്ചു. മലപ്പുറത്ത് പി ഷംസുദ്ദീന്‍, കണ്ണൂരില്‍ പി ഷാഹിം, കാസര്‍ക്കോട്ട് എന്‍ എ സുലൈമാന്‍, വയനാട്ടില്‍ കെ എസ് ബാബു എന്നിവരെയും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി നോമിനേറ്റ് ചെയ്തു. പ്രസിഡന്റുമാരെ മാത്രമേ ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളൂ. അതുകൊണ്ട് പ്രസിഡന്റ് ഒഴികെയുള്ള മറ്റു കൗണ്‍സില്‍ അംഗങ്ങള്‍ നിലവിലുള്ളവര്‍ തന്നെ തുടരുവാനാണ് സാധ്യത.
കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ ടി പി ദാസന്‍, ഒ രാജഗോപാല്‍, എം ഹാരിസ്, പി ടി സുന്ദരന്‍, പ്രഫ. ലൂസി വര്‍ഗീസ്, കെ മൂസ്സ ഹാജി എന്നിവര്‍ തല്‍സ്ഥാനത്ത് തുടരും. പുതിയ കൗണ്‍സില്‍ അംഗങ്ങളെ തീരുമാനിക്കുന്നതിനിടയില്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്നതിനാലാണ് ഇവര്‍ക്ക് തുടരാനുള്ള അവസരം ഉണ്ടാവുക.
പുതുതായി സ്ഥാനമേറ്റ ഡോ. കുഞ്ഞാലി നഗരത്തിലെ പ്രശസ്ത കാര്‍ഡിയോളജിസ്റ്റാണ്. നാഷനല്‍ ആശുപത്രിയില്‍ സേവനമനുഷ്ടിച്ചുവരികയാണ്. 2009 മുതല്‍ തുടരുന്ന പ്രസിഡന്റ് കെ ജെ മത്തായി സ്ഥാനമൊഴിഞ്ഞു. ജില്ലയിലെ കായികരംഗത്തിന് ഒട്ടേറെ സംഭാവനകള്‍ നല്‍കിയാണ് കെ ജെ മത്തായിയുടെ നേതൃത്വത്തിലുള്ള ടീം കളംവിടുന്നത്. ജില്ലയില്‍ വിഷന്‍ ഇന്ത്യ പദ്ധതി നാല് വര്‍ഷം മികച്ച രീതിയില്‍ സംഘടിപ്പിച്ചു. ഗ്രാമീണ മേഖലയില്‍ കായിക താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ പൈക്ക പദ്ധതി, എല്ലാ വര്‍ഷവും 14 വയസ്സില്‍ താഴെയുള്ളവര്‍ക്ക് വിപുലമായ പരിശീലന ക്യാംപ്, അന്തര്‍ദേശീയ-ദേശീയ കായിക മേഖലകളിലെ ജേതാക്കള്‍ക്ക് പ്രത്യേക കാഷ് അവാര്‍ഡ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വക വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍പഠനത്തിന് സ്വിമ്മിങ് പൂള്‍ തുടങ്ങി ഒട്ടേറെ മികച്ച പ്രവര്‍ത്തനങ്ങളാണ് കെ ജെ മത്തായി പ്രസിഡന്റായിട്ടുള്ള കൗണ്‍സില്‍ ചെയ്തത്. രാജീവ് ഗാന്ധി ഖേല്‍ അഭിയാന്‍ പദ്ധതി അനുസരിച്ച് 2014-15 വര്‍ഷങ്ങളില്‍ മല്‍സരവിജയികള്‍ക്ക് കാഷ് അവാര്‍ഡുകള്‍ നല്‍കാതിരുന്നപ്പോള്‍ കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മാത്രമാണ് സ്വന്തം ഫണ്ടുപയോഗിച്ച് നല്‍കിയത്. ഫാദര്‍ വെര്‍ഗോട്ടിനിയുടെ പേരില്‍ ജില്ലയിലെ മികച്ച താരങ്ങള്‍ക്ക് കഴിഞ്ഞ ഒമ്പത് വര്‍ഷമായി ജില്ലാ സ്‌പോര്‍ട്‌സ് കൗ ണ്‍സില്‍ പുരസ്‌കാരം നല്‍കിവരുന്നുണ്ട്. 50 ലക്ഷം രൂപ കൗ ണ്‍സിലിന്റ കൈവശം നീക്കിയിരിപ്പുണ്ടെന്ന നേട്ടത്തോടെയും കൂടിയാണ് പ്രസിഡന്റ് മത്തായി രംഗംവിടുന്നത്.
Next Story

RELATED STORIES

Share it