wayanad local

സ്‌കൂള്‍ ബസ് സുരക്ഷിത യാത്ര; നിബന്ധനകള്‍ പുറപ്പെടുവിച്ചു

കല്‍പ്പറ്റ: സ്‌കൂള്‍ കുട്ടികളുടെ യാത്ര സുഗമവും സുരക്ഷിതവുമാക്കാന്‍ സര്‍ക്കാന്‍ മാനദണ്ഡം പുറപ്പെടുവിച്ചു. സ്‌കൂള്‍ വാഹനത്തിന്റെ മുന്നിലും പിന്നിലും നേവി ബ്ലൂ അക്ഷരങ്ങളില്‍ എജ്യുക്കേഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ബസ് എന്നെഴുതണം. ഓട്ടോറിക്ഷ ഒഴികെയുള്ള എല്ലാ കോണ്‍ട്രാക്റ്റ് കാര്യേജ് വാഹനങ്ങളും കുട്ടികളെ കൊണ്ടുപോവുമ്പോള്‍ ഓണ്‍ സ്‌കൂള്‍ ഡ്യൂട്ടി എന്നു വെളുത്ത പാശ്ചാത്തലത്തില്‍ നീല അക്ഷരത്തില്‍ എഴുതണം. വാഹനത്തിന്റെ സീറ്റിങ് കപ്പാസിറ്റി രേഖപ്പെടുത്തണം. സ്‌കൂളിന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ രണ്ടു വശങ്ങളിലും പുറകിലും ഉണ്ടാവണം. സ്പീഡ് ഗവേണര്‍ ഘടിപ്പിച്ച് വേഗം മണിക്കൂറില്‍ 50 കിലോമീറ്ററായി നിജപ്പെടുത്തണം. ഇത് ആര്‍ടി ഓഫിസില്‍ പരിശോധിപ്പിച്ച് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയവയായിരിക്കണം. സ്‌കൂള്‍ വാഹനം ഓടിക്കുന്നവര്‍ക്ക് 10 വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടാവണം. ഹെവി വാഹനമാണെങ്കില്‍ അഞ്ചുവര്‍ഷത്തെ അധിക പ്രവൃത്തിപരിചയം കൂടി ഉണ്ടായിരിക്കണം.
വാഹനത്തിന് ഉറപ്പുള്ള വാതിലും കുട്ടികളെ കയറ്റിയിറക്കാന്‍ പ്രായപൂര്‍ത്തിയായ ആയയും ഉണ്ടാവണം. ബസ്സിലെ അഗ്നിശമന ഉപകരണം പ്രവര്‍ത്തിപ്പിക്കാന്‍ പരിശീലനം ലഭിച്ച ജീവനക്കാര്‍ വേണം. പ്രഥമ ശുശ്രൂഷ സാമഗ്രികള്‍ കരുതിവയ്ക്കണം. കുട്ടികളെ കൊണ്ടുപോവുന്ന വാഹനങ്ങളുടെ യാത്രാവിവരം സ്‌കൂളില്‍ സൂക്ഷിക്കണം. രക്ഷിതാക്കളെയും മോട്ടോര്‍വാഹന വകുപ്പിനെയും നിശ്ചിത മാതൃകയില്‍ അറിയിക്കണം. ഒരു പകര്‍പ്പ് വാഹനത്തിലും പ്രദര്‍ശിപ്പിക്കണം. സ്‌കൂള്‍ അധികൃതരോ രക്ഷകര്‍തൃ പ്രതിനിധികളോ മുന്നറിയിപ്പില്ലാതെ ബസ് ജീവനക്കാരുടെ പെരുമാറ്റം പരിശോധിക്കുന്നതിന് അവസരമുണ്ടാക്കണം. സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിനും നടപ്പാക്കുന്നതിനും സ്‌കൂള്‍ അധികൃതര്‍, രക്ഷകര്‍തൃ സമിതി പ്രതിനിധി, ജനപ്രതിനിധി എന്നിവരടങ്ങുന്ന സമിതി രൂപീകരിക്കണം. വിദ്യാഭ്യാസ വകുപ്പ്, പോലിസ്, മോട്ടോര്‍വാഹന വകുപ്പ് എന്നിവരുമായി സഹകരിച്ച് സുരക്ഷ ഉറപ്പുവരുത്തണം. സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ടുവരുന്ന എല്ലാ വാഹനങ്ങള്‍ക്കും നിബന്ധനകള്‍ ബാധകമാണ്.
Next Story

RELATED STORIES

Share it