palakkad local

സ്‌കൂള്‍ ഫലം വന്നാലുടന്‍ വിദ്യാര്‍ഥികള്‍ക്ക് കൈത്തറി യൂനിഫോം

പാലക്കാട്: മെയ് രണ്ടിന് സ്‌കൂള്‍ ഫലം പ്രഖ്യാപിച്ചാല്‍, പിറ്റേന്ന് ജില്ലയിലെ ഗവ. സ്‌കൂളുകളിലെ ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി കൈത്തറി യൂനിഫോം നല്‍കും. ജില്ലാതല ഉദ്ഘാടനം മെയ് മൂന്നിന് വൈകീട്ട് മൂന്നിന് കോങ്ങാട് ജിയുപി സ്‌കൂളില്‍ നടക്കും.
കെ വി വിജയദാസ് എംഎല്‍എ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി കൃഷ്ണന് വിദ്യാര്‍ഥികള്‍ക്കുള്ള കൈത്തറി യൂനിഫോം കൈമാറും.  ജില്ലയില്‍ 1,78,000 മീറ്റര്‍ തുണിയാണ് യൂനിഫോമിനായി ഉപയോഗിച്ചത്. കൈത്തറി മേഖലയുടെ സമഗ്ര വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയിലൂടെ പരാമ്പരാഗത തൊഴില്‍ മേഖലയെ പുരോഗതിയിലേക്ക് നയിക്കുകയാണ് ലക്ഷ്യം.
കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ ഹാന്‍വീവും എറണാക്കുളം, ഇടുക്കി, പത്തനംത്തിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഹാന്‍ടെക്‌സുമാണ് കൈത്തറി വിതരണം ചെയ്യുന്നത്.
വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫിസില്‍ നിന്നും ലഭിച്ച കണക്ക് പ്രകാരം ജില്ലയില്‍ 37,176 വിദ്യാര്‍ഥികള്‍ക്കാണ് യൂനിഫോം വിതരണം ചെയ്യുന്നതെന്ന് ജില്ലാ വ്യവസായ കേന്ദ്രം  ജനറല്‍ മാനെജര്‍ ജി രാജ്‌മോഹന്‍ അറിയിച്ചു. എല്‍പി, യുപി വിഭാഗം 19,038 ആണ്‍കുട്ടികള്‍ക്കും 18,138 പെണ്‍കുട്ടികള്‍ക്കും മെയ് അഞ്ചിനകം വിതരണം പൂര്‍ത്തിയാക്കും.
കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ലത അധ്യക്ഷയാവുന്ന പരിപാടിയില്‍ ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ബിനുമോള്‍ മുഖ്യാതിഥിയാവും.
Next Story

RELATED STORIES

Share it